മനസ് ഓര്‍മകളിലേക്ക് ഊളിയിട്ടു സഞ്ചരിക്കുകയാണ് .
തീ പാറുന്ന ഉഷ്ണത്തിലും തന്നിലേക്ക് കുളിര്‍മയുള്ള കാറ്റായി വിരുന്നു വരാറുണ്ട് ലിജോയും അവന്റെ ഓര്‍മകളും .
തുടക്കം ബാല്യത്തില്‍ തന്നെ . കവുങ്ങിന്റെ ഇടയില്‍ കമ്പുകള്‍ വെച്ചുകെട്ടി അത് ഓലയും തണുങ്ങും കൊണ്ട് മേഞ്ഞു ,ആ മേല്ക്കൂരക്കടിയില്‍ ഉണ്ടാക്കിയ ചെറിയ അടുക്കളയില്‍ ചോറും കറിയും വെച്ച് കളിക്കുമായിരുന്നു താനും ലിജോയും തന്റെ ചേച്ചിയും പിന്നെ കുറെ കൂട്ടുകാരും.
ലിജോയോടു ഭയങ്കര ഇഷ്ടമായിരുന്നു തനിക്കു .,എല്ലാ കളിയിലും ലിജോയുടെ ഗ്രൂപ്പില്‍ വരാന്‍ വേണ്ടി താന്‍ എന്തെല്ലാം കള്ളത്തരങ്ങള്‍ കാണിച്ചിരിക്കുന്നു .,അവന്റെ ഗ്രൂപ്പ് ജയിക്കും എന്നുള്ള മാന്യമായ ലാഭേച്ചക്ക് പുറമേ അവനോടുള്ള ഇഷ്ടവും കൂടെ ആയിരുന്നു അന്ന് ആ കള്ളത്തരങ്ങള്‍ക്ക് പ്രേരണ നല്‍കിയിരുന്നത്
പിണങ്ങിയും ഇണങ്ങിയും ഞങ്ങള്‍ ബാല്യത്തില്‍ നിന്നും പതുക്കെ കൌമാരത്തിലേക്കു കയറി .
കണ്ടുമുട്ടലുകളുടെ എണ്ണവും ദൈര്‍ഗ്യവും ക്രമേണ കുറഞ്ഞുവന്നു .
പാടവരമ്പും കടന്നു ചെമ്മണ്‍റോഡിലൂടെ സ്കൂളിലേക്കുള്ള തന്റെ യാത്രയില്‍ ആണ് പിന്നീട് ലിജോയെ താന്‍ കണ്ടു മുട്ടാറു.
ഞങ്ങള്‍ അഞ്ചാറു പെണ്സന്ഘത്തെ അഭിമുകീകരിക്കാനുള്ള ഒരു ജാല്ല്യത ആയിരുന്നു ആപ്പോള്‍ അവനില്‍ കൂടുതലും പ്രകടമായിരുന്നത് ,എങ്കിലും ഗൌരവം നിറഞ്ഞ ആ മുഖത്തു തന്റെ ചിരി ഒരു ഭാവമാറ്റം വരുത്തിയിരുന്നു ,ഗൌരവം വിടാതെ തന്നെ അവനും ചിരിച്ചിരുന്നു .
അങ്ങനെ ഒരു യാത്രയില്‍ അവനെ കണ്ടുമുട്ടിയപ്പോള്‍ താന്‍ ഞെട്ടിപ്പോയി ,അവന്‍ വല്യ ഗമയില്‍ 'ഹീറോ ജെറ്റ് 'സൈക്കിള്‍ ഓടിച്ചുകൊണ്ടുപോകുന്നു ,ധൈര്യത്തിന് ഒരു കൂട്ടുകാരനെയും പുറകില്‍ ഇരുത്തിയിട്ടുണ്ട് .
അന്ന് അവന്‍ തന്നെ ഒന്ന് നോക്കിയത് പോലുമില്ല ,ഒരു നിമിഷം തനിക്കു അവനോടു ദേഷ്യവും പിണക്കവും ഒക്കെ തോന്നി,എന്നാല്‍ അത് അപ്പോള്‍ തന്നെ മാറി ,കാരണം സിനിമ സ്റ്റൈലില്‍ മുന്‍പോട്ടു പോയ അവന്‍ 'യു ടേണ്‍ ' എടുത്തു തിരിച്ചു വന്നു ,'പപ്പാ വാങ്ങിച്ചു തന്നതാ ' എന്നൊരു വിശദീകരണവും.
അറുപിശുക്കനായ പാപ്പിച്ചായന്‍ മോന് എന്തിനു സൈക്കിള്‍ വാങ്ങിച്ചു കൊടുത്തു എന്നുള്ളതായിരുന്നു അന്നത്തെ എന്റെ പഠന വിഷയം .
വീട്ടില്‍ വന്നതേ താന്‍ അപ്പച്ചന്റെ പുറകെ കൂടി 'പാപ്പിച്ചായന്‍ ലിജോക്ക് പുതിയ സൈക്കിള്‍ വാങ്ങി കൊടുത്തു,അപ്പച്ചന്‍ എനിക്കും ചേച്ചിക്കും എന്താ വാങ്ങിതന്നിടുള്ളത് ?'
അപ്പച്ചന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു 'ലിജോ ആള് മിടുക്കനാ ,അവന്റെ സ്കൂളില്‍ പഠിച്ചിട്ടും നീ അറിഞ്ഞില്ലേ ,അവനാ ഇപ്രാവശ്യത്തെ സ്പോര്‍ട്സ് മത്സരത്തില്‍ 'ബെസ്റ്റ് അതലെറ്റ്',പണ്ടത്തെ കായിക താരമായിരുന്ന പാപ്പിക്ക്
മകനെ പ്രോല്സാഹിപ്പിക്കാതിരിക്കാന്‍ പറ്റുമോ ?'
അപ്പച്ചന്റെ വാക്കുകള്‍ കുറെ ദിവസത്തേക്ക് തന്റെ കാതുകളില്‍ അങ്ങനെ ധ്വനിച്ചുകൊണ്ടേയിരുന്നു ,അവനോടുള്ള ഇഷ്ടം ആരാധനയായി മാറിയത് പോലെ തോന്നി .
പൊരിവെയിലത്ത് സ്കൂളിന്റെ 'പ്ലേ ഗ്രൗണ്ടില്‍ ' നടക്കുന്ന എല്ലാ കായിക മത്സരങ്ങളുടെയും കാഴ്ചക്കാരില്‍ ഒരാളായി തനിക്കു മാറാന്‍ അധിക നാള്‍ വേണ്ടി വന്നില്ല .,
ആദ്യമായി കായിക കലയോട് എന്തെന്നില്ലാത്ത ഒരു ബഹുമാനം തോന്നി.
ഒരിക്കല്‍ താന്‍ അത് ലിജോയോടു പറയുകയും ചെയ്തു ,അപ്പോള്‍ അവന്‍ കളിയാക്കി
'നിനക്ക് എന്ന് തൊട്ടാ സ്പോര്‍ട്സ് ഭ്രാന്തു കേറിയത് 'എന്നും ചോദിച്ചു ,
താന്‍ മറുപടി പറഞ്ഞു ,തന്റെ മനസ്സില്‍ .
പത്താം ക്ലാസ് കഴിഞ്ഞതോടെ ഞങ്ങടെ വീട്ടില്‍ ലിജോ വരുന്നത് അമ്മക്ക് അനിഷ്ടമായി,
ഒരിക്കല്‍ അത് അവനോടു പറയുകയും ചെയ്തു .വളര്‍ന്നുവരുന്ന രണ്ടു പെണ്മക്കളുള്ള അമ്മയുടെ
ആധി അവനും മനസിലായെന്നു തോന്നുന്നു .
അങ്ങനെ ആ ദിവസം എത്തി ,മെയ് 27 .ഭയത്തോടെയുള്ള കാത്തിരിപ്പിന് വിരാമം .
പത്താം ക്ലാസ്സിന്റെ പരീക്ഷ ഫലം പത്രത്തില്‍ വരുന്ന ദിവസം ,
ഒരു വിധത്തില്‍ സെക്കന്റ് ക്ലാസ്സോടെ താന്‍ രക്ഷപെട്ടു .
പിറ്റേ ദിവസം ആയിരുന്നു ലിജോയുടെ പ്ലസ് ടു റിസള്‍ട്ട് വന്നത് അവനു ഫസ്റ്റ് ക്ലാസ്സ് ഉണ്ട് .
അവനെ കന്ഗ്രജുലറ്റ് ചെയ്യാന്‍ താന്‍ അവന്റെ വീട്ടില്‍ പോയി ,
തൊട്ടു അയല്‍വക്കം എന്ന് പറയാന്‍ പറ്റില്ലെങ്കിലും മൂന്നു മിനിറ്റ് ദൂരം മാത്രമേ ലിജോയുടെ വീട്ടിലെക്കുള്ളൂ ..,പഞ്ചായത്ത് ടാങ്കിന്റെ അടുത്തായി വഴിയുടെ മുകള്‍ വശത്തായി ഓടു മേഞ്ഞ വലിയ വീട് .
കല്ല് കൊണ്ട് കെട്ടിയ പടികള്‍ കയറി അടുക്കള വശത്ത് കൂടിയാണ് എപ്പോഴും താന്‍ അകത്തേക്ക് കയറാര് ,ഇത്തവണയും പതിവ് തെറ്റിച്ചില്ല .
എന്നാല്‍ പതിവിനു വിപരീതമായി ജോളി ആന്റിയെ അടുക്കളയില്‍ കണ്ടില്ല ,
താന്‍ പതിയെ അകത്തെ മുറിയിലേക്ക് ചെന്നു,
ലിജോ കണ്ണാടിയുടെ മുന്‍പില്‍ നിന്ന് അവന്റെ കോലന്‍ മുടി ഒതുക്കി വെയ്ക്കാന്‍ പാടുപെടുകയാണ് ,
തൊട്ടപ്പുറത്ത് കട്ടിലില്‍ ഇരുന്നു പെട്ടിയില്‍ തുണി അടുക്കി വെയ്ക്കുന്ന തിരക്കില്‍ ആണ് ജോളിയാന്റി.
ആരോ യാത്രയാവുക ആണെന്ന് തനിക്കു മനസിലായി ,ആ ഉത്കന്ട വിടാതെ തന്നെ താന്‍ ചോദിച്ചു
'നിങ്ങള്‍ എവിടെ പോകുവാ ആന്റി? '
'ആ പോകും വഴി നിങ്ങടെ വീട്ടില്‍ ഇറങ്ങി പറയാം എന്ന് കരുതി ,
ഞാന്‍ കോയമ്പത്തൂര് പോകുവാ ,അവിടെ അമ്മയുടെ അനിയത്തിയും ഫാമിലിയും ഉണ്ട് ,
അവരുടെ വീടിന്റെ അടുത്തു തന്നെ നല്ല ഒരു എഞ്ചിനീയറിംഗ് കോളേജ് ഉണ്ട് ,അവിടെ അഡ്മിഷന്‍ നോക്കണം ,ഇപോഴേ പോയാല്‍ എല്ലാം ആയി ഒന്ന് 'അഡ്ജസ്റ്റ് ' ആവാം അല്ലോ '
ലിജോയുടെ ആയിരുന്നു മറുപടി.
തന്റെ വാക്കുകള്‍ ശബ്ധങ്ങളില്ലാതെ തൊണ്ടയില്‍ കുരുങ്ങി .
ആ കുരുക്കില്‍ നിന്നും രക്ഷപെട്ടു വന്നു മൂന്നു ആംഗലേയ വാക്കുകള്‍ 'ബെസ്റ്റ് ഓഫ് ലക്ക് '.
താന്‍ തിരിച്ചു വീട്ടിലേക്കു നടന്നു ,കാലുകള്‍ കുഴയുന്നത് പോലെ ,
ലിജോയുടെ മുഖം മനസ്സില്‍ മിന്നി മറയുന്നു ,ആ മുഖം ഇനീം
വിദൂരതയിലേക്ക് അകലുക ആണല്ലോ എന്ന യാഥാര്‍ത്ഥ്യം
തന്റെ കണ്ണുകളെ നനയിപ്പിച്ചു .
അവന്‍ യാത്രയാവുന്നത് കാണാന്‍ കഴിയാത്തത് കൊണ്ട് തന്നെ അമ്മയോട് ഒരു കള്ളം പറഞ്ഞു
കൂടുകാരിയുടെ വീട്ടിലേക്കെന്ന വ്യാജേന വീടിന്റെ താഴെ ഉള്ള റബ്ബര്‍ തോട്ടത്തില്‍ പോയി ഇരുന്നു കുറെ നേരം ,ലിജോ പോയി എന്ന് ഉറപ്പായപ്പോള്‍ തിരിച്ചു വന്നു .
താന്‍ ഹൈസ്കൂളിന് പഠിച്ച അതെ സ്കൂളില്‍ തന്നെ തനിക്കു പ്ലസ് ടൂ അഡ്മിഷന്‍ കിട്ടി.
എങ്ങനെ ഒക്കെയോ രണ്ടു വര്ഷം തള്ളി നീക്കി ,
സ്കൂളിന്റെ ഓരോ കോണിലും ലിജോ നിറഞ്ഞു നിക്കുന്നത് പോലെ ,വെറുതെ പ്ലേ ഗ്രൌണ്ടിലും പോയി ഇരിക്കുമായിരുന്നു താന്‍ ,അവിടെ ഇരിക്കുമ്പോള്‍ ലിജോ ശരിക്കും അടുത്തുള്ളത് പോലെ ഒരു തോന്നല്‍ ആയിരുന്നു ,
ലിജോക്ക് വേണ്ടി തന്നില്‍ നിറഞ്ഞു നിന്നിരുന്ന വികാരം പ്രണയമായിരുന്നു
എന്ന സത്യം ആണ് താന്‍ ആ രണ്ടു വര്ഷം കൊണ്ട് പഠിച്ചത് .
തന്റെ സ്വപ്നങ്ങളില്‍ എന്നും ലിജോ വിരുന്നു വന്നത് കുതിര പുറത്തായിരുന്നു ,
ഒരു രാജകുമാരനെ പോലെ .
ഇക്കാലത്തിനിടയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ആണ് താന്‍ ലിജോയെ കണ്ടത് ,ഞങ്ങടെ സംഭാഷണങ്ങള്‍ വിശേഷം തിരക്കില്‍ ഒതുങ്ങി ,എങ്കിലും ആരും കാണാതെ അവനോടുള്ള പ്രണയം താന്‍ മനസ്സില്‍ സൂക്ഷിച്ചു .
അങ്ങനെ താനും യാത്രയായി ഉപരി പഠനത്തിനായി തിരുവനന്തപുരത്തേക്ക് .,
അവധികാലം ചിലവഴിക്കാന്‍ നാട്ടില്‍ എത്തുമ്പോള്‍ ലിജോയുടെ വീട്ടില്‍ പോകുന്ന പതിവ് മുടക്കിയിരുന്നില്ല ,
ജോളിയാന്റിയുടെ കൈ കൊണ്ട് ഉണ്ടാക്കി തരുന്ന കട്ടന്‍ കാപ്പിയുടെ
ഗുണഗണങ്ങളില്‍ തുടങ്ങുന്ന ഞങ്ങടെ സംഭാഷണം അവസാനിച്ചിരുന്നത് ലിജോയുടെ വിശേഷങ്ങളില്‍ ആയിരുന്നു.,
നിര്‍ഭാഗ്യവശാല്‍ അവന്റെ അവധിയും തന്റെ ലീവും വേറെ സമയത്തായിരുന്നു ,
അങ്ങനെ ഞങ്ങള്‍ പിന്നീട് കണ്ടുമുട്ടിയിട്ട് തന്നെ ഇല്ല എന്ന് പറയാം .
വീട്ടില്‍ നിന്നും വരാറുള്ള ചേച്ചിയുടെ കത്തിലൂടെ ആണ് ലിജോ ഗള്‍ഫിന് പോയ വിവരം താന്‍ അറിയുന്നത് ,
ഇപ്പോള്‍ അവന്‍ കടലുകള്‍ക്കും അപ്പുറത്ത് ,
എങ്കിലും തന്റെ മനസ്സില്‍ നിന്നും അവനിലേക്കുള്ള ദൂരം കൂടിയില്ല .
മഴ പെയ്യുന്ന രാവുകളില്‍ ഹോസ്റ്റല്‍ മുറിയുടെ ജനാലക്കരികില്‍ ഇരുന്നു താന്‍ അവനോടുള്ള പ്രണയത്തെ മതിവരുവോളം തന്റെ പേനയെ ആയുധമാക്കി ഡയറിയില്‍ കുത്തികുറിച്ചു .
വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോയ്ക്കൊണ്ടെയിരുന്നു,
തന്റെ ഡയറികളുടെ എണ്ണം കൂടി കൂടി വന്നു .,
നാട്ടില്‍ പോകുമ്പോള്‍ അവയെ ഭദ്രമായി ഹോസ്റ്റല്‍ മുറിയിലെ അലമാരയില്‍ വെച്ച് പൂട്ടി താക്കൊലുമായാണ് താന്‍ പോകാറു ,വീട്ടില്‍ ചെന്നു എവിടെ പോയാലും ആ താക്കോലും തന്റെ കൂടെയുണ്ടാകും സന്തത സഹചാരിയായി.
അപ്പച്ചനും അമ്മയ്ക്കും പ്രായമേറി വരുന്നു ,
അതുകൊണ്ടുതന്നെ തനിക്കും ചേച്ചിക്കും വേണ്ടിയുള്ള വിവാഹ ആലോചനകളും തകൃതി ആയി നടക്കുന്നു ,ചേച്ചിയെ പെണ്ണ് കാണാന്‍ ചെറുക്കന്മാരും വന്നു,
ചേച്ചിക്ക് ജോലി ഒന്നും ഇല്ലാത്തതുകൊണ്ട് എത്രയും പെട്ടെന്ന്
ആരെയെങ്കിലും ഏല്‍പ്പിക്കണം എന്ന ആവലാതി ആയിരുന്നു അപ്പച്ചന് .
എന്നാല്‍ താന്‍ ജോലിയുടെയും ലീവിന്റെയും കാര്യം പറഞ്ഞു വരുന്ന ആലോചനകളില്‍ നിന്നൊക്കെ വിദഗ്ദ്ധമായി തടി തപ്പി .
നാട്ടില്‍ പോകുന്നതിനോടുള്ള താല്പര്യം തന്നെ കുറഞ്ഞു കൊണ്ടിരുന്നു ,എങ്കിലും പോണം ,കാരണം അമ്മയ്ക്ക് വയ്യ.
വീട്ടിലെത്തിയപ്പോള്‍ സന്ധ്യയോടടുത്തു ..,തന്റെ വീടിലേക്കുള്ള വഴിയുടെ ഇരുവശത്തുമുള്ള വീടുകളില്‍ ലൈറ്റുകള്‍ കത്തിച്ചുതുടങ്ങിയിരിക്കുന്നു ,സന്ധ്യ കണ്ണുകളിലൂടെ നോക്കുമ്പോള്‍ തന്റെ നാടിന്റെ ഭംഗി കൂടിയത് പോലെ .
വീടിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ ആദ്യം കണ്ടത് നിര്‍ത്തി ഇട്ടിരിക്കുന്ന
റെഡ് കളര്‍ ഉള്ള ഒരു ബൈക്ക് ആണ് .
അപ്പച്ചന്‍ ഈ വയസാംകാലത്ത് ബൈക്ക് വാങ്ങിച്ചോ തന്നോട് പറയാതെ ,
ചോദ്യത്തിനുള്ള ഉത്തരവും തേടി താന്‍ വീടിലെക്കിറങ്ങി ചെന്നു .
അവിടെ സിറ്റ് ഔട്ടില്‍ തന്റെ ചോദ്യത്തിനുള്ള മറുപടി ഇരിപ്പുണ്ടായിരുന്നു -ലിജോ.
തന്റെ കണ്ണ് ഒരു നിമിഷം അവനില്‍ ഉടക്കി ,അവന്‍ ആകെ മാറിപോയിരിക്കുന്നു,
പൊക്കം കൂടിയിട്ടില്ല പക്ഷെ ഒന്നുകൂടെ മിനുങ്ങി ഇരിക്കുന്നു ,
മീശയുടെ കൂടെ വൃത്തിയായി വെട്ടി ഒതുക്കിയ ഫ്രഞ്ച് താടിയും ,
പിന്നെ ഫ്രെയിം ലെസ്സ് സ്പെക്ട്സ് ,
മൊത്തത്തില്‍ ഒരു ജെന്റില്‍മാന്‍ ലുക്ക് ,കൊള്ളാം .
അവനും ഞാനും എന്തോ ചോദിക്കാന്‍ തുനിഞ്ഞു ,
അത് തടഞ്ഞുകൊണ്ട് അപ്പച്ചന്റെ എക്സ്പ്ലനേഷന്‍ 'മോളെ ലിജോ ഇന്നലെ ഗള്‍ഫില്‍ നിന്നും വന്നു ,നീ ഇപ്പോള്‍ വരും എന്ന് ഞാന്‍ അവനോടു പറഞ്ഞുകൊണ്ടിരിക്കുവാരുന്നു '
'ജോലി ഒക്കെ എങ്ങനെ ?' ലിജോയുടെ ഫോര്‍മല്‍ ആയുള്ള ചോദ്യം .
'കുഴപ്പമില്ല ,നീ എന്ന് മടങ്ങും?' അവനുള്ള ഉത്തരവും ചോദ്യവും ആയിരുന്നു തന്റെ മറുപടി.
'നെക്സ്റ്റ് ഫോര്ടീന്തിനു ' അവന്റെ മറുപടി .
താന്‍ കണക്കു കൂട്ടി ഒരു മാസം ഉണ്ട് ,ഇന്ന് ഫെബ്രുവരി 14 -വലെന്റിനെസ് ഡേ -
തന്റെ പ്രണയം ഇതാ വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ കണ്മുന്നില്‍ കൈ എത്തും ദൂരത്ത് ,
വല്ലാത്ത സന്തോഷം തോന്നി ,
എങ്കിലും അത് പ്രകടിപ്പിക്കാതെ താന്‍ അകത്തേക്ക് വലിഞ്ഞു .
താന്‍ ഫ്രഷ് ആകുന്നതിനിടയില്‍ ലിജോ യാത്ര പറഞ്ഞു ഇറങ്ങിയിരുന്നു .
വല്ലാത്ത ഒരു ഉത്സാഹം തന്നില്‍ പടര്‍ന്നുകയറി ,
അമ്മക്ക് വയ്യാതെ ഇരിക്കുന്നത് കൊണ്ട് ആ ഉത്സാഹം താന്‍ അമ്മയെ ശ്രുശൂഷിക്കുന്നതില്‍ വിനിയോഗിച്ചു ,അമ്മയ്ക്കും സന്തോഷമായി .
രാത്രി മൊത്തം 'ആസ് യുഷ്യല്‍', ചേച്ചി തന്റെ ചെവി തിന്നു,
നാട്ടിലെ ഓരോരുത്തരുടെയും വിശേഷങ്ങള്‍ പറഞ്ഞ് തുടങ്ങി,
അവസാനിച്ചത്' ലിജോ പള്‍സറിന്റെ ബൈക്ക് എടുത്തു എന്ന 'ലേറ്റസ്റ്റ് നുസില്‍ '.ചേച്ചിയുടെ വര്‍ത്തമാനം കേള്‍ക്കാന്‍ നല്ല രസമാണ് ,അതിനിടയില്‍ എപ്പോഴോ താന്‍ ഉറങ്ങിപോകും.
ഇത്തവണ ലിജോടെ വീട്ടില്‍ പോയില്ല ,നാളെ വില്ലജ് ഓഫീസില്‍ ചില പേപ്പര്‍ വര്‍ക്സിനു പോണം ,തിരിച്ചുവരുന്ന വഴി അവിടെ കയറണം .
ലിജോ അവിടെ ഉണ്ടാവുമോ , തന്റെ മനസിലെ പോലെ അവന്റെ മനസിലും ഉണ്ടാവുമോ തന്നോട് പ്രണയം ?
തന്റെ ഇഷ്ടം അവനോടു തുറന്നു പറഞ്ഞാലോ ? വേണ്ട .
ചോദ്യവും ഉത്തരവും എല്ലാം താന്‍ തന്നെ പറഞ്ഞൂ
പിറ്റേന്ന് വില്ലജ് ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ പതിവ് തെറ്റിച്ചു ഒരു മഴ ,
വെയിലില്‍ നിന്ന് അഭയം തേടാന്‍ കുട കരുതിയത് ഭാഗ്യം .
ടാറിട്ട റോഡില്‍ നിന്നും ബസ്സിറങ്ങി ചെറിയ നടപ്പാതയിലൂടെ
ലിജോയുടെ വീടിനെ ലക്ഷ്യമാക്കി താന്‍ നടന്നു ,
മഴ കനത്തു പെയ്യുന്നു ,ചുരിധാറിന്റെ ഷാള്‍ ഏതാണ്ട് മുഴുവനും നനഞ്ഞിരിക്കുന്നു ,
മഴയോട് ചെറിയ ഒരു ദേഷ്യം ഒക്കെ തനിക്കു തോന്നി ..,
പാടവരമ്പത്തെ മാടത്തിന്‍ ചോട്ടില്‍ ആരോ നില്‍ക്കുന്നത് പോലെ ,
പുറം തിരിഞ്ഞാണ് നില്‍ക്കുന്നത് ,അടുക്കുംതോറും ആരാണെന്ന് അറിയാനുള്ള ഒരു ആകാംഷ ,മഴയെ പേടിക്കുന്ന ആരോ ആണ് ,
താനോര്‍ത്തു ,ലിജോക്ക് മഴ നനയാന്‍ ഒട്ടും ഇഷ്ടമില്ല.
അതെ അത് ലിജോ ആണ് ,തന്നെ കണ്ടപ്പോള്‍ ആരെയോ കാത്തു നില്‍ക്കുന്നത് പോലെ നിന്നു.
'മഴ നനയാന്‍ വയ്യ അല്ലെ ' എന്ന തന്റെ ചോദ്യത്തിന് ഒരു ചിരി ആയിരുന്നു മറുപടി .
കുറച്ചു ദൂരമേ ഉള്ളു ഇനീ ലിജോടെ വീട്ടിലേക്കു ,തന്റെ കൂടെ കുടകീഴില്‍ കേറാന്‍ പറഞ്ഞാലോ ,
വേണ്ട ലിജോ എന്ത് കരുതും ?
മനസ്സില്‍ നൂറു തവണ ആഗ്രഹമുണ്ട് ,പക്ഷെ വേണ്ട.
താന്‍ മുന്‍പോട്ടു നടന്നു ,പുറകെ ആരോ ഓടിവരുന്ന ശബ്ദം ,തിരിഞ്ഞു നോക്കി ,ലിജോ ആണ് .
ഉള്ള ധൈര്യം സംഭരിച്ചു ഞാന്‍ പറഞ്ഞൂ 'പോന്നോളൂ ,മഴ നനയണ്ട '
'വേണ്ട ,കുറച്ചല്ലേ ഉള്ളു ,ഞാന്‍ ഓടി പോയ്കൊള്ലാം' നിഷ്കളങ്കമായ മറുപടി.
തന്റെ നിര്‍ബന്ധത്തിനു ഒടുവില്‍ ലിജോ വന്നു ,അങ്ങനെ ആദ്യമായി
,ഞങ്ങള്‍ ഒരുമിച്ചു ഒരു കുടകീഴില്‍ ,ഒരു സ്വപ്നത്തിലെന്നപോലെ താന്‍ നടന്നു.
സ്നേഹത്തിന്റെ സംരക്ഷണ വലയത്തില്‍ ആയതു പോലെ ,ഞങ്ങളുടെ കൈകള്‍ ഞങ്ങളറിയാതെ എപോഴോക്കെയോ കൂട്ടിമുട്ടി ,
കൂട്ടിമുട്ടാതിരിക്കാന്‍ അവന്‍ പാടുപെടുന്നത് താന്‍ അറിഞ്ഞു ,
എങ്കിലും അതൊന്നും അറിയാത്തത് പോലെ താന്‍ നടന്നു ,
മഴയോടുള്ള തന്റെ ദേഷ്യമെല്ലാം അലിഞ്ഞില്ലാതെയായി ,
അവന്റെ സാമീപ്യം തന്നില്‍ ഒരു കറന്റ് പോലെ അതിവേഗത്തില്‍ ചലിച്ചു കൊണ്ടേയിരുന്നു .
'വീട്ടില്‍ കേറുന്നില്ലേ?' ലിജോയുടെ ചോദ്യം എന്നെ നിശ്ചലയാക്കി .
ലിജോടെ വീട്ടു പടിക്കല്‍ എത്തിയിരിക്കുന്നു ,സമയം പോയതറിഞ്ഞില്ല .
'ആ വരുന്നു ' താന്‍ പറഞ്ഞൂ .
ഒരുമിച്ചു അവരുടെ വീട്ടിലേക്കുള്ള പടികള്‍ കയറുമ്പോള്‍
തന്റെ സ്വപ്നം പൂവണിയുന്നത് പോലെ തനിക്കു തോന്നി .
അന്നാദ്യമായി അവരുടെ വീടിന്റെ മുന്‍ വശത്ത് കൂടെ താന്‍ അകത്തേക്ക് പ്രവേശിച്ചു ,
കുട മടക്കി ഒതുക്കി വെയ്ക്കുന്നതിനിടയില്‍ ജോളിയാന്റിയുടെ ചോദ്യം ,
ലിജോയോടാണ് ' എന്ന് നീ ഇങ്ങനെ ഒരു പെണ്ണിനെ വിളിച്ചുകൊണ്ടുവരുമെടാ?
താന്‍ ഒന്ന് ഞെട്ടിപ്പോയി ,ജോളിയാന്റി പരാതിക്കെട്ടു അഴിച്ചു
'എന്റെ മോളെ എത്ര നാളായി ഞാന്‍ ഇവനോട് പറയുവാ ,പെണ്ണ് കെട്ടാന്‍ ,
ഇപ്പ്രാവശ്യം ഇവനെ പെണ്ണ് കെട്ടാതെ ഞാന്‍ തിരിച്ചുവിടില്ല
,അല്ല മോള് പറ ഞാന്‍ പറയുന്നത് തെറ്റാണോ? ആണോ ?'
മറുപടി കൊണ്ടേ ജോളിയാന്റി അടങ്ങു തനിക്കറിയാം 'അല്ല ' താന്‍ ചിരിച്ചു കൊണ്ട് പറഞ്ഞൂ
ലിജോ തന്റെ മുഖത്തേക്ക് പാളി നോക്കി ,ആ മുഖത്തെ വികാരം തനിക്കു വായിക്കാന്‍ കഴിഞ്ഞില്ല .
പിന്നെ ജോളിയാന്റി മോന്‍ ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന സാധനങ്ങള്‍
ഓരോന്നും വാചാലതയോടെ കാണിച്ചു,കട്ടന്‍ കാപ്പി ഊറികുടിക്കുന്നതിനിടയില്‍
താന്‍ എല്ലാം ആസ്വതിച്ചു കണ്ടു .
ജോളിയാന്റിയോടും ലിജോയോടും യാത്ര പറഞ്ഞ് ഇറങ്ങുന്നതിനിടയില്‍ പാപ്പിചായനും വന്നു
'ബൈക്ക് മഴ നനയുന്നത് നീ കണ്ടില്ലേ ലിജോ 'എന്ന ചോദ്യത്തോടെ ആണ് പുള്ളിയുടെ വരവ് .
മോന്‍ ഗള്‍ഫ് കാരന്‍ ആയെങ്കിലും പാപ്പിചായന്റെ പിശുക്കിന് ഒരു കുറവും ഇല്ലെന്നാണ് കേട്ട് കേള്‍വി.
താന്‍ വീണ്ടും യാത്ര പറഞ്ഞിറങ്ങി .
വീട്ടില്‍ വന്നു അമ്മയോടും ചേച്ചിയോടും എല്ലാ വിശേഷങ്ങളും പറഞ്ഞൂ താനും ലിജോയും ഒരു കുടകീഴില്‍ വന്നത് മാത്രം പറഞ്ഞില്ല .
നേരം പുലര്‍ന്നു ,കിഴക്ക് സൂര്യന്‍ അങ്ങനെ പതുക്കെ തല ഉയര്‍ത്തി തുടങ്ങി ,
അമ്മ ആരോഗ്യവതി ആയി വരുന്നു ,അടുക്കളയില്‍ കയറിതുടങ്ങിയിരിക്കുന്നു,
ചേച്ചി പാത്രവുമായി മല്ലിട്ട് കൊണ്ടിരിക്കുവാണ്.
മുറ്റം അടിക്കുന്ന ജോലി ആണ് തനിക്കു ഇഷ്ടം ,
താന്‍ വീട്ടില്‍ ഉള്ളപ്പോള്‍ ആ അവകാശം താന്‍ ആര്‍ക്കും വിട്ടു കൊടുക്കാറില്ല .
അപ്പച്ചന്‍ സിറ്റ് ഔട്ടില്‍ പത്രം വായിക്കുന്നു .
മുറ്റം അടിച്ചു കൈയും കാലും കഴുകി അകത്തേക്ക് കയറുന്നതിനിടയിലാണ്
ഒരു ബൈക്ക് വന്നു വീടിന്റെ പടിക്കല്‍ നിര്‍ത്തുന്ന ശബ്ദം കേട്ടത് .
താന്‍ തല വെളിയിലെക്കിടു നോക്കി പാപ്പിചായനും ലിജോയും ആണ് .
എന്താണാവോ പതിവില്ലാതെ രണ്ടു പേരും കൂടെ തന്റെ തല പുകഞ്ഞു.
അപ്പച്ചന്‍ പത്രം വായന നിര്‍ത്തി അവരെ സ്വാഗതം ചെയ്തു.
'എന്ത് പറ്റി രണ്ടുപേരും കൂടെ' തന്നില്‍ ഉണര്‍ന്ന സംശയം തന്നെ ആയിരുന്നു അപ്പച്ചന്റെ ചോദ്യം
പാപ്പിചായന്‍ പറഞ്ഞൂ 'നമുക്ക് അകത്തോട്ടിരുന്നു സംസാരിക്കാം '
ആ മറുപടി തന്റെ മനസ്സില്‍ ആയിരം സംശയങ്ങള്‍ക്ക് ജന്മം നല്‍കി.
അപ്പച്ചന്‍ അവരെ സ്വീകരണ മുറിയിലേക്ക് ആനയിച്ചു .
'എടീ എലിയാമ്മേ രണ്ടു ഗ്ലാസ് ചായ എടുക്കു ' അപ്പച്ചന്‍ വിളിച്ചു പറഞ്ഞൂ
താന്‍ സ്വീകരണ മുറിയുടെ അടുത്തുള്ള മുറിയുടെ വാതില്കലായി നിന്നു,
അവരുടെ സംഭാഷണം വല്യ കുഴപ്പമില്ലാതെ കേള്‍ക്കാം .
'ഞങ്ങടെ ലിജോയെ കൊണ്ട് ഒരു പെണ്ണ് കെട്ടിക്കണം ,കുറെ നാളായി പറയുന്നു '
പാപ്പിചായനാണ് തുടക്കമിട്ടത്
'അത് നല്ല കാര്യമാണല്ലോ ' അപ്പച്ചന്‍ പിന്താങ്ങി
'ഇപ്പോഴാണ് ഇവന്‍ ഒന്ന് സമ്മതിക്കുന്നത് ,അതില്‍ എനിക്ക് സന്തോഷം ,
പിന്നെ പെണ്ണ് ഇവിടുത്തെ മോളും കൂടെ ആണെന്ന് അറിഞ്ഞപ്പോള്‍ ബഹുസന്തോഷം '
സന്തോഷത്താല്‍ തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ,
എന്നാലും ലിജോ ഇത് തന്നെ പോലെ തന്നെ മനസ്സില്‍ കൊണ്ട് നടന്നല്ലോ,
എന്തുകൊണ്ട് തനിക്കു ഒരു സൂചന പോലും തന്നില്ല ,താന്‍ വികാരാതീധയായി.
'മോളെ നാന്‍സി ,ഈ ചായ അങ്ങ് കൊണ്ട് കൊടുത്തെ ' അടുക്കളയില്‍ നിന്നും അമ്മയുടെ വിളി.
താന്‍ കണ്ണുകള്‍ തുടച്ച് അടുകളയിലെക്കോടി.
'മോളെ പതുക്കെ ' അമ്മയുടെ മുന്നറിയിപ്പ്.
ചായകാപ്പുകള്‍ നിരത്തിവെച്ച ട്രേയുമായി താന്‍ സാവധാനം സ്വീകരണ മുറിയെ ലക്ഷ്യമാക്കി നടന്നു ,
മനസിലെ സന്തോഷം പുറത്തേക്ക് തള്ളി ഇറങ്ങിവരുന്നത് പോലെ 'കണ്ട്രോള്‍ ' ചെയ്യാന്‍ പറ്റുന്നില്ല ,
എങ്കിലും ഒരു വിധത്തില്‍ താന്‍ സ്വീകരണമുറിയുടെ വാതിലോളം എത്തി.
അപ്പച്ചനാണ് സംസാരിക്കുന്നത് 'അവള്‍ക്കു ജോലി ഒന്നും ഇല്ല ,നിങ്ങള്‍ക്കറിയാമല്ലോ?'
ഈ അപ്പച്ചന്‍ എന്താ ഈ പറയുന്നേ തനിക്കു ജോലി ഇല്ലെന്നോ , തനിക്കു ആകെ ടെന്‍ഷന്‍ ആയി.
അപ്പോള്‍ പാപ്പിചായന്റെ മറുപടി 'ലിജോക്ക് ആന്‍സി മോളെ ഇഷ്ടമാണ് ,അതിലും അപ്പുറം വേറെ ഒന്നും ഞങ്ങള്‍ക്ക് വേണ്ട ,വര്‍ക്കിച്ചായന്‍ ഒന്ന് സമ്മതിച്ചാല്‍ മാത്രം മതി '
തന്റെ കൈകള്‍ വിറച്ചു ,ലോകം കീഴ്മേല്‍ മറിയുന്നത് പോലെ ,കൈയുടെ വിറയല്‍ കൊണ്ട്
കപ്പില്‍ നിന്നും ചായ തുളുമ്പി ട്രയിലേക്ക് വീണു കൊണ്ടേയിരുന്നു ,
കാലുകള്‍ വെച്ചുപോകുന്നത് പോലെ .
ഞെട്ടലോടെ ആ യാഥാര്‍ത്ഥ്യം താന്‍ തിരിച്ചറിഞ്ഞു ,
ലിജോ ഇഷ്ടപെടുന്നത് തന്റെ ചേച്ചി ആന്‍സിയെ ആണ് .
ലിജോയെയും തന്നെയും മാത്രം ശ്രദ്ധിച്ചിരുന്ന താന്‍ ഇതൊന്നും അറിഞ്ഞതേയില്ല ,
അതെ ചേച്ചി ഉള്ള ഇടതെല്ലാം ലിജോ ഉണ്ടായിരുന്നു ,
പണ്ട് കളിവീട് കളിച്ചപ്പോഴും ഒക്കെ ..
പാടവരമ്പത്തൂടെ സൈക്കിളില്‍ അഭ്യാസം കാണിച്ചു പോയിരുന്നത് തന്നെ കാണിക്കാന്‍ അല്ലായിരുന്നു തന്റെ കൂടെ നിഴലായി ഉണ്ടായിരുന്ന തന്റെ ചേച്ചിയെ കാണിക്കാന്‍ ആയിരുന്നു ,
അമ്മ തടയുവോളം ഞങ്ങടെ വീട്ടില്‍ വന്നിരുന്നതും ചേച്ചിയെ കാണാന്‍ തന്നെ .
സ്വപ്ന ലോകം തീര്‍ത്ത് അതില്‍ കഴിഞ്ഞിരുന്ന ഈ പൊട്ടി പെണ്ണിന് ഒന്നും മനസിലായില്ല .
'എലിയാമ്മേ ചായ ഇതുവരെ ആയില്ലേ' അപ്പച്ചന്റെ ശബ്ദം
താന്‍ അടുക്കള യിലേക്ക് തിരിച്ചു നടന്നു
'നീ ചായ കൊണ്ട് കൊടുത്തില്ലേ' അമ്മയുടെ ചോദ്യം
'അത് മൊത്തം തുളുമ്പി പോയി,അമ്മ തന്നെ അങ്ങ് കൊണ്ടേ കൊടുത്താല്‍ മതി ' തന്റെ മറുപടി
'ഈ പെണ്ണിന്റെ ഒരു കാര്യം ,മോളെ ആന്‍സി ഇങ്ങു വന്നെ ,ഈ ചായ കൊണ്ട് കൊടുത്തെ '
അമ്മ ചേച്ചിയെ വിളിച്ചു
പുറത്തു പൈപ്പിന്‍ ചോട്ടില്‍ പാത്രം കഴുകി കൊണ്ടിരുന്ന ചേച്ചി കയറി വന്നു .
ചേച്ചിയും അമ്മയും കേള്‍ക്കത്തക്ക വിധത്തില്‍ താന്‍ പറഞ്ഞൂ
'അമ്മെ അവര്‍ ചേച്ചിയെ കല്യാണം ആലോചിക്കാന്‍ വന്നതാ '
ചേച്ചിയുടെ മുഖത്ത് നാണവും സന്തോഷവും കലര്‍ന്ന ഒരു വികാരം മിന്നി മറയുന്നത് താന്‍ കണ്ടു.
അത് തന്നില്‍ ഉണര്‍ത്തിയ വികാരം എന്താണ് ദുഖമോ ?
സന്തോഷമോ? അറിയില്ല .
താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല ,ഇവിടെ താന്‍ ആണ് കുറ്റവാളി.
ടാറിട്ട റോഡില്‍ ബ്രേക്കിട്ടു നിറുത്തിയ സ്കൂള്‍ വാനിന്റെ ഹോണടി
തന്നെ ഓര്‍മകളുടെ ലോകത്ത് നിന്നും തിരിച്ചു വിളിച്ചു ,
അകത്തെ മുറിയില്‍ നിന്നും അപ്പച്ചന്റെ വിറയല്‍ പൂണ്ട ശബ്ദം
'മോളെ നാന്‍സി ,അലന്‍ മോന്‍ വന്നെന്നു തോന്നുന്നു ,നീ അങ്ങോട്ട് ഇറങ്ങി ചെല്ല് '
താന്‍ ഗേറ്റ് തുറന്നു പുറത്തേക്ക് ഇറങ്ങി ,
തന്നെ കണ്ടതും അവന്‍ സ്കൂള്‍ വാനിന്‍ നിന്നും ചാടിയിറങ്ങി
തന്നെ കെട്ടി പിടിച്ചു രണ്ടു കവിളിലും മാറി മാറി ഉമ്മ വെച്ചു പതിവുപോലെ .
'മമ്മി എന്താ എനിക്ക് ഉമ്മ തരാത്തെ ഇന്ന് ' എട്ടു വയസുകാരന്റെ ചോദ്യം.
താനൊരു അമ്മയാണെന്ന സത്യം ആ ചോദ്യം വിളിച്ചു പറഞ്ഞൂ
'എന്റെ അലന്‍ കുട്ടന് മമ്മി ഉമ്മ തരാതെ ഇരിക്കുമോ ?ഇമ്പോസ്സിബിള്‍ '
താന്‍ മോനെ മാറി മാറിരണ്ടു കവിളിലും തെരു തെരാ ഉമ്മ വെച്ചു.
വളപ്പൊട്ടുകള്‍ നിലത്തു വീണ പോലെ അവന്‍ കില് കില ചിരിച്ചു .
'മോന് മമ്മിയോടു ഒരു കാര്യം ചോതിക്കാനുണ്ട് ,
ഇന്ന് എന്റെ കൂട്ടുകാരന്‍ ജിത്തു അവന്റെ പപ്പയുടേയും മമ്മിയുടെയും ഫോട്ടോ കൊണ്ട് വന്നു ,
നാളെ എന്നോടും പറഞ്ഞ് കൊണ്ട് ചെല്ലാന്‍ എന്റെ പപ്പയെ അവര്‍ കണ്ടിട്ടില്ല
അതുകൊണ്ട് മമ്മി എനിക്ക് എന്റെ പപ്പാടെ ഫോട്ടോ കാണിച്ചു തരണം ,
മമ്മി എന്നെ ഇതുവരെ കാണിച്ചിട്ടില്ലല്ലോ'
'മോന്റെ പപ്പാ ഗള്‍ഫിലാ ,വരുമ്പോള്‍ നേരിട്ട് കാണാം ,അതല്ലേ നല്ലത് '
'വേണ്ട ,ഇന്ന് എന്റെ ബര്ത്ഡേ ആണ് ,മമ്മി നോ പറയരുത് ' അലന്‍ മോന്‍ ശാട്യം പിടിക്കുകയാണ് .
അലന്‍ ജനിച്ച ദിവസം ..,അത് പോലെ ഹാപ്പി ആയി താന്‍ ലിജോയെ കണ്ടിട്ടേ ഇല്ല .
മനസ് വീണ്ടും പഴയ വഴികളിലേക്ക് സഞ്ചരിച്ചു .
എല്ലാവരും സന്തോഷിച്ചു ,ആ സന്തോഷം അധിക നാള്‍ നീണ്ടു നിന്നില്ല
അവനുണ്ടായി മൂന്നു മാസം കഴിഞ്ഞപ്പോള്‍ ലിജോടെ അമ്മ ജോളിയാന്റി മരിച്ചു
,ലുകീമിയ ആയിരുന്നു ,വൈകി ആണ് അറിഞ്ഞത്.
അലന് ആറു മാസം പ്രായം ഉള്ളപ്പോള് മഞ്ഞപ്പിത്തം വന്നു ,ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആക്കി,
മോന്റെ അടുത്തു തന്നെ ആക്കി വീട്ടിലേക്കു കുറച്ചു അത്യാവശ്യ സാധനങ്ങള്‍ എടുക്കാന്‍
ബൈക്കില്‍ പോകും വഴി ആണ് ,ലിജോയും തന്റെ ചേച്ചി ആന്‍സിയും അപകടത്തില്‍ മരണപ്പെടുന്നത് .
അത് തനിക്കൊരു ഷോക്ക് ആയിരുന്നു .
അങ്ങനെ തനിക്കു കിട്ടിയതാണ് അലന്‍ മോനെ ,
വീട്ടില്‍ അമ്മക്ക് വയ്യാത്തത് കൊണ്ട് താന്‍ തന്നെ ആയിരുന്നു
മോന്റെ കാര്യങ്ങള്‍ ഒക്കെ നോക്കിയത് .
അവന്‍ തന്നെ മമ്മി എന്ന് വിളിച്ചുതുടങ്ങിയപ്പോള്‍ താന്‍ തടുത്തില്ല,
താന്‍ പ്രണയിച്ചിരുന്ന തന്റെ ലിജോയുടെ മകന്‍ തന്നെ മമ്മി എന്ന് വിളിക്കും
എന്ന് ഒരിക്കല്‍ താന്‍ സ്വപ്നം കണ്ടിരുന്നു .
അത് അനുവതിച്ചു കൊടുത്തത് തെറ്റാണോ എന്ന് തനിക്കു ഇന്നും അറിയില്ല.
ചിലപ്പോള്‍ തോന്നും താനല്ല അവന്റെ അമ്മയെന്ന് അവനോടു പറയാം എന്ന് ,
പലപ്പോഴും തുനിഞ്ഞതുമാണ് ,അന്നൊക്കെ തന്നെ തടഞ്ഞത് അമ്മയാണ്.
ഇന്ന് അമ്മയും ഇല്ല ,അമ്മ മരിച്ചിട്ട് രണ്ടു വര്ഷം കഴിയുന്നു.
അതിനു ശേഷം താന്‍ അപ്പച്ചനെയും കൂട്ടി തിരുവനന്തപുരത്തെക്കു പോന്നു .
ജോലിക്കും പോകാം ,അലനെ പഠിപ്പിക്കണം ,
അവനെ തന്നെ എല്പ്പിചിട്ടാണ് ലിജോയും ചേച്ചിയും പോയത് .
ചേച്ചിയോട് തനിക്കു ഒരു ദേഷ്യവും തോന്നിയിരുന്നില്ല ,
ഒരു പക്ഷെ തന്റെ പ്രണയം ചേച്ചി അറിഞ്ഞിരുന്നു എങ്കില്‍
ആ കല്യാണത്തിനു ചേച്ചി സമതിക്കില്ലായിരുന്നു ,
പക്ഷെ ലിജോയുടെ സന്തോഷമായിരുന്നു തനിക്ക് പ്രധാനം ,
കാരണം ലിജോ സ്നേഹിച്ചിരുന്നത് ചേച്ചിയെ ആണ് .,
എന്നാല്‍ ദൈവം ആയുസ്സ് മാത്രം കൊടുത്തില്ല .
'മമ്മീ ഞാന്‍ പറഞ്ഞത് ,പപ്പയെ കാണിച്ചുതാ മമ്മീ ' അലന്റെ ചോദ്യം വീണ്ടും ..
ദൈവമേ താന്‍ എന്ത് ചെയ്യും?
എല്ലാ രഹസ്യങ്ങളും മനസ്സില്‍ സൂക്ഷിച്ചു നടക്കുന്ന തന്റെ വിഷമം ആരു കാണാന്‍?
താന്‍ രണ്ടും കല്‍പ്പിച്ചു റൂമില്‍ ചെന്നു പൂട്ടി ഭദ്രമാക്കി വെച്ചിരുന്ന അലമാരയുടെ ലോക്കെര്‍ തുറന്നു,
ഡയറികള്‍ അടുക്കി വെച്ചിരിക്കുന്നു ,
അതില്‍ നാലാമത്തെ ഡയറിയില്‍
ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഫോട്ടോ ലിജോയുടെയും ചേച്ചിയുടെയും ഒരുമിച്ചുള്ളത് .
വിറയലോടെ താന്‍ അത് എടുത്തു ,കണ്ണുകള്‍ വീണ്ടും ഉടക്കി ലിജോയില്‍ .
ഈ ഫോട്ടോ അലന്‍ മോനെ കാണിച്ചാല്‍ ഒരു സത്യം അവനറിയും
-അവന്റെ അച്ഛന്‍ ആരാണെന്ന് - അതോടൊപ്പം ഒരു കള്ളവും- താന്‍ അവന്റെ മമ്മി അല്ലെന്നു .
താന്‍ വീണ്ടും ആശങ്കയിലായി ..,അമ്മയുടെ ശബ്ദം കാതുകളില്‍ മന്ത്രിക്കുന്നു
'നീ അവന്റെ അമ്മയല്ലെന്നു അലന്‍ മോന്‍ ഒരിക്കലും അറിയരുത് ,
അവന്‍ നിന്നെ സ്നേഹിക്കട്ടെ അമ്മയായിത്തന്നെ ,
എനിക്കറിയാം നിനക്ക് അവനെ സ്നേഹിക്കാതിരിക്കാന്‍ കഴിയില്ല എന്ന് '
താന്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ഡയറി കള്‍ അമ്മ വായിച്ചിരിക്കുന്നു എന്ന് അന്ന് താനറിഞ്ഞു ,
പക്ഷെ മരിക്കുവോളം അമ്മ തന്നോട് ഒന്നും ചോദിച്ചില്ല ,താന്‍ ഒന്നും പറഞ്ഞുമില്ല .
തന്റെ കൈകള്‍ നീണ്ടു മേശ പുറത്തേക്ക് ,പിന്നെ അതിന്‍ മുകളില്‍ ഇരുന്ന കത്രികയിലെക്കും ,
കത്രിക കൈയില്‍ എടുത്തു ,ആ ഫോട്ടോ നടുവേ മുറിക്കുവാനുള്ള തത്രപാടിലായിരുന്നു താന്‍ ,
പക്ഷെ കൈയും കാലും ഒക്കെ വിറക്കുന്നു
-വര്‍ഷങ്ങള്‍ക്കു മുന്‍പ് പാപ്പിചായനും ലിജോയും വീട്ടില്‍ വന്നപ്പോള്‍ ഉണ്ടായത് പോലെ -
കത്രിക തന്റെ കൈയില്‍ നിന്നും താഴെ വീണു.
ഇല്ല ,തനിക്കത് ചെയ്യാന്‍ കഴിയില്ല ,ചേച്ചിയെ മാറ്റി തന്നെ അവിടെ പ്രതിഷ്ടിക്കാന്‍ തനിക്കു കഴിയില്ല .,ചേച്ചിയുടെയും ലിജോയുടെയും ആത്മാവ് തന്നോട് പൊറുക്കില്ല.
ധൈര്യം സംഭരിച്ചു ഡൈനിങ്ങ് റൂമിലേക്ക് വന്നു
അവിടെ അപ്പച്ചന്റെ മടിയില്‍ ഇരിക്കുന്നു അലന്‍ മോന്‍ .
'മോന്‍ വന്നെ,പപ്പയുടേയും മംമീടെയും ഫോട്ടോ കാണാന്‍ടെ?'
'വേണ്ട ഞാന്‍ പിണക്കമാ,എനിക്ക് മുത്തശന്‍ കാണിച്ചു തന്നല്ലോ
പപ്പയുടേയും മമ്മിടെയും ഫോട്ടോ'
പിണങ്ങിയ സ്വരത്തിലായിരുന്നു അവന്റെ മറുപടി .
തന്റെ കാലുകള്‍ കുഴഞ്ഞു ,തൊണ്ട ഇടറി ,അവന്‍ എല്ലാം അറിഞ്ഞിരിക്കുന്നു ..,
ആദ്യമായി ഉരുകി ഇല്ലാതെ ആകുന്നതു പോലെ തോന്നി തനിക്കു ,
തന്റെതെന്നു പറഞ്ഞ് ഇനീ അവനെ ചേര്‍ത്തുപിടിക്കാന്‍ കഴിയില്ലല്ലോ എന്ന ദുഖം ,
ഹൃദയം കീറിമുറിയുന്ന വേദന .
താന്‍ അപ്പച്ചനെ നോക്കി ,അപ്പച്ചന്‍ തന്നെയും..,
ഒരു കുറ്റവാളിയെ പോലെ താന്‍ മുഖം താഴ്ത്തി നിന്നു
പുറകില്‍ നിന്നും രണ്ടു കുഞ്ഞു കൈകള്‍ തന്നെ കെട്ടിപിടിച്ചു ,
അലന്‍ മോന്‍ .തനിക്കു തിരിഞ്ഞു അവനെ കോരിയെടുക്കണം എന്നുണ്ട് പക്ഷെ...
അവന്‍ മുന്‍പിലേക്ക് വന്നു
'അലന്‍ മോന്റെ പപ്പാ നല്ല സ്മാര്‍ട്ട് ആണല്ലോ ,മമ്മിയെക്കാള്‍ കുറച്ചുകൂടുതല്‍'
നീട്ടിപിടിച്ച അവന്റെ കൈയിലെ ഫോട്ടോയിലേക്ക് താന്‍ പാളി നോക്കി ..,
തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി .
ലിജോയുടെ ഇടതുവശത്ത് നില്‍ക്കുന്ന ആളെ താന്‍ വീണ്ടും വീണ്ടും നോക്കി ,
അതെ അത് താന്‍ ആണ് .,
പിന്നെ അപ്പച്ചനെയും ..,അപ്പച്ചന്‍ തന്നെ നോക്കി കണ്ണടച്ച് കാണിക്കുന്നു ..,
തന്റെ മുഖത്തെ പരിഭ്രമം മനസിലാക്കിയിട്ടാവും
അപ്പച്ചന്‍ പറഞ്ഞൂ 'അതെ മോളെ ഇതാ അതിന്റെ ശരി '.
ഫോട്ടോയും നെഞ്ചോടു ചേര്‍ത്ത്
സ്കൂള്‍ ബാഗില്‍ അത് വെയ്ക്കാനായി അലന്‍ സ്റ്റഡി റൂമിലേക്കോടി .
അപ്പോള്‍ മറ്റൊരു ഫോട്ടോ തന്റെ കൈകളില്‍ ഞെരിഞ്ഞമര്‍ന്നു .
പുറത്തു മഴ പെയ്തു തുടങ്ങിയിരിക്കുന്നു ..,
അന്ന് ഫെബ്രുവരി മാസത്തില്‍ പെയ്ത അതെ മഴ ..