Wednesday, August 24, 2011

പ്രണയത്തിന്റെ വികൃതികള്‍

'എന്നാലും സുധിയെട്ടന് ന്നോട് പറയാരുന്നു'
'പറഞ്ഞിരുന്നെങ്കില്‍ ഗായത്രി എന്നെ പ്രണയിക്കുമായിരുന്നോ?'
അയാളുടെ ചോദ്യത്തിന് മുന്‍പില്‍ അവള്‍ വാക്കുകളില്ലാതെ നിന്നു.
'ഏട്ടന് ഇപ്പോള്‍ കുടുംബമാണ് വലിയത് അല്ലെ ??ഞാന്‍ അപ്പോള്‍ ആരുമല്ലേ ???
പറ സുധിയെട്ടാ..?'
അവള്‍ അയാളുടെ നെഞ്ചില്‍ ചാരിനിന്നുകൊണ്ട്‌ തേങ്ങി .
'അങ്ങനെയല്ല കുട്ടി .,പ്രണയം ആര്‍ക്കും ആരോടും തോന്നാം ..,
തനിക്കു എന്നോട് തോന്നിയപോലെ ..പക്ഷെ..'

'അപ്പോള്‍ ഏട്ടന് എന്നെ സ്നേഹിചിട്ടെയില്ലാ..?'

'ഒരു ദുര്‍ലഭ നിമിഷത്തില്‍ ഞാനും കുട്ടിയെ സ്നേഹിച്ചു പോയി ..,പക്ഷെ ഇനീ എനിക്ക് വയ്യ ..,താന്‍ വീട്ടുകാര്‍ പറയുന്നത് കേള്‍ക്കണം ,കല്യാണ നിശ്ചയം കഴിഞ്ഞ കുട്ടിയ താന്‍ ,അത് മറക്കണ്ട '.

അയാള്‍ അവളെ ബലമായി തന്നില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു .
അവളുടെ കണ്ണുനീരിന്റെ നനവ്‌ അയാളുടെ നെഞ്ചിലേക്ക് അരിച്ചിറങ്ങി ..,
അവളുടെ മുഖം മെല്ലെ പിടിച്ച്ചുയര്‍ത്തികൊണ്ട് അയാള്‍ ചോദിച്ചു

'കുട്ടി എന്തിനാ എന്നെ ഇത്രയ്ക്കു സ്നേഹിക്കുന്നത് ,ഞാന്‍
വിവാഹിതന്‍ ആണെന്നറിഞ്ഞിട്ടും ,ഗായത്രിക്ക് എന്നെ വെറുത്തുകൂടെ..?'

'അങ്ങനെ ചിന്തിക്കാന്‍ കൂടെ എനിക്ക് കഴിയില്ല ,,എന്റെ പ്രണയം മുഴുവന്‍ ഞാന്‍ തന്നുകഴിഞ്ഞു ,ഇനീ മറ്റൊരാള്‍ക്ക് കൊടുക്കുവാന്‍ എന്റെ കൈയ്യില്‍ ഒന്നുമില്ല ,സുധിയെട്ടന്റെ ഓര്‍മ്മകള്‍ മതി എനിക്ക് ജീവിക്കാന്‍ ..'
കണ്ണുനീരില്‍ കുതിര്‍ന്ന ഒരു ചുംബനം അയാളുടെ ചുണ്ടില്‍ സമ്മാനിച്ചു അവള്‍ നടന്നകന്നു ..

സൂര്യകിരണങ്ങള്‍ ജനാലവിടവിനിടയിലൂടെ അയാളുടെ മുഖത്തേക്ക് പതിച്ചുകൊണ്ടിരുന്നു ..,

'നീയ് ഇവിടെ മൂടിപുതച്ചു സുഖംആയി കിടന്നോ കേട്ടോ ,നാളെ നിന്റെ ഗായത്രീടെ കല്യാണമാ'
റൂം മേറ്റ്‌ അഭിലാഷിന്റെ പരിഹാസത്തോടെയുള്ള സംസാരം കേട്ടുകൊണ്ട് അയാള്‍ മെല്ലെ എഴുന്നേറ്റു .

'പെണ്‍പിള്ളാര്‍ ആയാല്‍ ഇങ്ങനെ വേണം ഒരുത്തനെ സ്നേഹിക്കുക മറ്റൊരുത്തനെ കെട്ടി സുഖായി ജീവിക്കുക ..എന്താ പറയാ ..,ആ എന്ത് പറയാന്‍ നിനക്ക് നട്ടെല്ല് ഇല്ല ,,അതന്നെ ..അവള്‍ എന്റെ കൈയ്യില്‍ എങ്ങാനുമ വന്നു പെട്ടിരുന്നെങ്കില്‍ ..,അല്ല പ്രേമിക്കാനും വേണം യോഗം ..'

'ഒന്ന് നിര്‍ത്തെടാ ..,എനിക്ക് അവളെ കെട്ടാന്‍ അറിയാഞ്ഞിട്ടൊന്നും അല്ല ,,വേണ്ടാന്നു വെച്ചു ,എന്റെ കല്യാണം കഴിഞ്ഞതാണ് എന്ന് ഒരു നുണയും പറഞ്ഞു ,,പിന്നെ അവള്‍ എന്ത് ചെയ്യാന്‍ ..'

'ഓ ഹോ ഒരു മാന്യന്‍ ,ഒന്ന് പോടാ ,അവള്‍ അവളുടെ പാട് നോക്കി പോയി ..,ഇനീയിപ്പോള്‍ നിനക്കെന്തും പറയാല്ലോ ..,നിരാശാകാമുകന്‍ ..'

അഭിലാഷിന്റെ വാക്കുകള്‍ അയാളുടെ ഹൃദയത്തെ മുറിപ്പെടുത്തി കൊണ്ടേയിരുന്നു .
അയാള്‍ പെട്ടെന്ന് തന്നെ ഒരുങ്ങി റൂമിന് പുറത്തിറങ്ങി .

'എങ്ങോട്ടാ നിരാശകാമുകാ..?'
അഭിലാഷ് വിടാന്‍ ഭാവമില്ല .

'ഗായത്രിയെ കെട്ടാന്‍ പോകുവാ ,വരുന്നോ ..?'

അയാളുടെ വാക്കുകളില്‍ രോഷം കത്തിപടരുന്നുണ്ടായിരുന്നു

ദേശീയ പാതയിലൂടെ അയാളുടെ കാര്‍ ചീറിപാഞ്ഞു.
സഞ്ജീവനി ഹോസ്പിടലിന്റെ പാര്‍ക്കിങ്ങില്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു ഡോക്ടര്‍ ചെറിയാന്റെ റൂമിലേക്ക്‌ ധൃതിയില്‍ നടന്നു .
അനുവാദം പോലും ചോദിക്കാതെ അയാള്‍ അകത്തു കയറി .

'ഡോക്ടര്‍ ഞാന്‍ ഇനീ എത്ര നാള്‍ ജീവിക്കും ?എനിക്കറിയണം'

'എന്ത് പറ്റീ സുധി?പെട്ടെന്ന് ഇങ്ങനെ തോന്നാന്‍ ?'

'എന്നോട് സത്യം പറ ഡോക്ടര്‍ ,എനിക്ക് അതറിഞ്ഞേ തീരൂ '

'നോക്ക് സുധി, താങ്കള്‍ ഒരു ഹെപടെടിസ് ബി രോഗി ആണ് ,തുടക്കത്തില്‍ കണ്ടു പിടിക്കാന്‍ കഴിഞ്ഞു എന്നതാണ് തന്റെ ചികിത്സയിലെ ഏറ്റവും പോസിടീവായ കാര്യം ,അതുകൊണ്ട് തന്നെ ഞാന്‍ തരുന്ന മരുന്നുകളോട് തന്റെ ശരീരം നല്ല രീതിയില്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു ,ഇന്നലെ ഞാന്‍ ഇതൊക്കെ താങ്കളോടെ പറഞ്ഞിരുന്നല്ലോ .'

'അതെ ഡോക്ടര്‍ ,,പക്ഷെ ഞാന്‍ രക്ഷപെടുമോ?'

'ഒക്കെ ഈശ്വരന്റെ കൈയ്യില്‍ ..'

'എന്നാലും ഡോക്ടര്‍ ഞാന്‍ ജീവനോടെ ഇരുന്നാല്‍ കൂടി വന്നാല്‍
 എത്ര നാള്‍??'

'ഇട്സ് എ ഡിഫികല്റ്റ് കൊസ്റ്റ്യന്‍ ..,ഡോണ്ട് വറി സുധി ,,
താങ്കളുടെ അസുഖം ഭേദമാകും,
ഇത് വരെയുള്ള റിപ്പോര്‍ട്ട്സു അങ്ങനെയാണ് സൂചന തരുന്നത് .'

'ഒരു അഞ്ചു വര്ഷം കൂടെ എനിക്ക് ആയുസ്സ് ഉണ്ടാവുമോ ?'

'വൈ നോട്ട് സുധി ? തീര്‍ച്ചയായും .
ബട്ട്‌ യു ഷുഡ് റിമെംബര്‍ വന്‍ തിംഗ് ,ഈ കാലയളവിലും താങ്കളുടെ ശരീരത്തില്‍ രോഗാണുക്കള്‍ ഉണ്ട് ,അത് മറ്റുള്ളവരിലേക്ക് പകരാന്‍ താന്‍ കാരണം ആകരുത് ,മൈ പോയിന്റ്‌ ഈസ്‌ ഇറ്റ്‌സെ സെക്ഷ്വലി ട്രന്സ്മിട്ടെട് ഡിസീസ്.'

ഡോക്ടര്‍ക്ക്‌ നന്ദി പറഞ്ഞു അയാള്‍ വേഗം മുറിക്കു പുറത്തിറങ്ങി ,ആശുപത്രി വരാന്തയിലൂടെ നടന്നു .

ഗായത്രിയോടു എല്ലാം തുറന്നു പറയാം ,
അവള്‍ എന്നെ അത്രയ്ക്ക് സ്നേഹിക്കുന്നു ..,താനും .
ഒക്കെ അറിയുമ്പോള്‍ അവള്‍ എന്നെ ഉപേക്ഷിച്ചു പോകുമോ ..?
ഏയ്‌ അവള്‍ക്കു അതിനു കഴിയില്ല ..
ആദ്യം കുറച്ചു ദേഷ്യപ്പെടുമായിരിക്കും,അത് അവളുടെ ശീലം ആണ് ,,കുറച്ചു കഴിയുമ്പോള്‍ സ്നേഹമാകും ,,താന്‍ അറിഞ്ഞത്
പോലെ അവളെ ആര് അറിഞ്ഞിരിക്കുന്നു?

ഗായത്രിയുടെ ചിന്തകള്‍ അയാളുടെ ശരീരത്തിലേക്ക് ഒരു കുളിര്‍മയുള്ള കാറ്റ് പോലെ വീശികൊണ്ടിരുന്നു,,ആ ഇളംതെന്നലിനു ഗായത്രിയുടെ സുഗന്ധം .
അയാളുടെ കാലുകള്‍ക്ക് വേഗം കൂടി ,ഗായത്രിയുടെ അടുത്തു
എത്താന്‍ മനസ്സ് വെമ്പി .

അത്യാഹിത വിഭാഗത്തിന്റെ വരാന്തയിലൂടെ അയാള്‍ പുറത്തേക്കിറങ്ങി .
അവിടെ ആകെ ബഹളം, സ്ട്രെച്ചറില്‍ ഒരു പെണ്‍കുട്ടിയെ
കുറെ പേര്‍ തള്ളികൊണ്ട് പോകുന്നു ..,
ആള്‍ക്കൂട്ടത്തിനിടയിലൂടെ അയാള്‍ എത്തി നോക്കി .
വായിലൂടെ നുരയും പതയും ഒലിച്ചു
വികൃതമായ ഒരു മുഖം ,അയാള്‍ സൂക്ഷിച്ചു നോക്കി ,
അത് ഗായത്രി അല്ലെ ?
അതെ ..അത് അവള്‍ തന്നെ .
തന്റെ ഗായത്രി. മനസ്സില്‍ ഒരായിരം ചോദ്യശരങ്ങള്‍ ,,
അവള്‍ക്കിതെന്തു പറ്റി?
അയാളുടെ നെഞ്ചിടിപ്പ് കൂടിവന്നു .
എനിക്ക് പറയാന്‍ ഉള്ളത് കേള്‍ക്കാതെ ..,
ഇല്ല ,ഞാന്‍ അതിനു സമ്മതിക്കില്ല.

അത്യാഹിതവിഭാഗത്തിന്റെ പുറത്തെ ലോബ്ബിയില്‍ സുധി ഇരുന്നു .

'ആ കുട്ടിക്ക് ..?'

അയാളുടെ ചോദ്യം പൂര്‍ത്തിയാകുന്നതിനു മുന്‍പ് അവിടെ
 നിന്നവരില്‍ ഒരാള്‍ ചാടിപറഞ്ഞു
'ഭ്രാന്തു ..അല്ലാതെ എന്താ പറയുക ,നാളെ കല്യാണം നടക്കേണ്ട വീടായിരുന്നു ,ഏതോ ഒരുത്തന്‍ ചതിച്ചിട്ടു പോയി,അതിനു വിഷം എടുത്തു കഴിച്ചെന്നു ..,ആരും കണ്ടില്ല ,രാവിലെ കുട്ടിയുടെ അമ്മ
 ചെന്ന് കതകു തുറക്കുമ്പോള്‍ ഈ കോലത്തില്‍ കിടക്കുവാ,
മരിച്ചിട്ട് നേരത്തോടു നേരമായീന്നെ,പിന്നേം തന്തേം തള്ളേം പറയുവാ ഞങ്ങടെ കുട്ടി മരിച്ചിട്ടില്ലാ ...,ആശൂത്രീല്‍ കൊണ്ടുപോകാമേ എന്ന് ,അങ്ങനെ കൊണ്ടുവന്നതാ.'

പിന്നെ ഒന്നും കേള്‍ക്കാന്‍ നിന്നില്ല.

അയാളുടെ കണ്ണിലൂടെ ഇരുട്ട് അരിച്ചുകയറി ,ആശുപത്രി കോമ്പൌണ്ടില്‍  സുധി കുത്തി ഇരുന്നു ..അയാള്‍ ധരിച്ചിരുന്ന വസ്ത്രത്തിനു
ഗായത്രിയുടെ കണ്ണുനീരിന്റെ നനവ് ഉണ്ടായിരുന്നു,
ഗായത്രിയുടെ തേങ്ങലിന്റെ ശബ്ദം ചെവിയിലൂടെ അരിച്ചുകയറി ..,തലച്ചോറിനകത്ത് അവളുടെ കിലുകിലെയുള്ള ചിരിയുടെ മുഴക്കം .
ഗായത്രിയുടെ കണ്ണുനീരില്‍ കുതിര്‍ന്ന ചുംബനസ്പര്‍ശം ചുണ്ടില്‍
ഒരു നനവായി അയാളുടെ അന്തരാത്മാവിലേക്ക് അലിഞ്ഞിറങ്ങികൊണ്ടേയിരുന്നു..
ഒരു ഭ്രാന്തനെ പോലെ അയാള്‍ നിലവിളിച്ചു.

അപ്പോള്‍ പിറകില്‍നിന്നു ഒരു കൂട്ടനിലവിളി ഉയര്‍ന്നു കേട്ടു.
''ന്നാലും ന്റെ മോളെ നീ ഞങ്ങളെ വിട്ടുപോയല്ലോ..''