Sunday, May 12, 2013

നീ....


നിൻ പാൽപുഞ്ചിരിയിൽ മയങ്ങുവാൻ
 മൃദുലമാം വിരലുകൾ സ്പർശിക്കാൻ 
നിൻ കുഞ്ഞു പാദങ്ങളിലുമ്മ വെയ്ക്കാൻ,
കിളി കൊഞ്ചലിൽ ആഹ്ളാദിക്കാൻ
നിൻ  കരച്ചിലിൽ മനം നൊന്തു കരയുവാൻ, 
 നിന്നെ താരാട്ട് പാടിയുറക്കുവാൻ
നിന്നെ മാറോട് ചേർത്തുറങ്ങുവാൻ 
കൊതിച്ചിരുന്നില്ലേ ആ അമ്മ..?
എന്നിട്ടുമെന്തേ നീയീ ലോകത്തിൻ 
വെളിച്ചം കാണാതെ പോയ്‌........?

അമ്മതൻ മേനിക്കുള്ളറയിൽ
 കുത്തി വെച്ച രാസവസ്തുക്കളിൽ 
കുരുങ്ങി നീ പിടയുമ്പോൾ
 ഒരു ജീവശ്വാസത്തിനായ് നീ കേഴുമ്പോൾ  
പിടയാഞ്ഞതെന്തേ നിന്നമ്മ തൻ മനസ്സ് ..?
ചിന്തകള് എന്നെ ഭ്രാന്തു പിടിപ്പിക്കുമ്പോൾ
 അറിഞ്ഞു ഞാനാ സത്യം...
ജീവന് വേണ്ടിയുള്ള നിന് അവസാനചലനവും
 നിലച്ചുവെന്ന സത്യം ...

എങ്കിലും നിലയ്ക്കുന്നില്ലയെൻ ചിന്തകള് 
ഉറഞ്ഞുപോയ രക്തകട്ടയായി 
നീയെൻ മനസ്സിന്റെയുള്ളിൽ 
പറ്റി പിടിച്ചിരിക്കുമ്പോൾ 
എൻ  ചിന്തയിൻ ചൂടേററ് ഒരുടലായി..,
 ജീവനായി., പെണ് കൊടിയായ് ..
നീ  പുനർജനിച്ചിരുന്നെങ്കിലെന്ന് 
മോഹിച്ചു പോകുന്നുവെൻ മനസ്സ് ..

Wednesday, May 8, 2013

മടങ്ങുക നീയിനി ..undefined
ഓർമകളെ  മറച്ച് മറവിയുടെ ഇരുട്ടിലുറങ്ങും 
എന്നരികിൽ വന്നു നില്ക്കുന്നതെന്തിനു നീ 
ഒരിക്കൽ നീയറിഞ്ഞെനിക്ക്  നല്കിയ 
മുറിവുകളിന്നു പുഴുക്കളരിക്കും വൃണമാണ് 
 
ഇല്ല ഇനിയീ  മിഴികളിൽ നിനക്കായ് 
ഒഴുക്കികളയാൻ ഒരിറ്റു കണ്ണുനീർ 
വിറയ്ക്കുന്നില്ലെൻ ചുണ്ടുകളിന്ന് 
നിന് പേരുച്ചരിക്കുമ്പോൾ 
കുതിക്കുന്നില്ലെൻ ഹൃദയമിപ്പോൾ 
നിന് സ്വരം എൻ കാതിലെത്തുമ്പോൾ 
 
മയങ്ങില്ലിനി നിൻ സ്മരണകളിൽ 
മറവി തൻ ഇരുളിലുറങ്ങട്ടെ ഞാനിനി 
ഉണര്ത്തുവാനാവില്ലിനിയെന്നെ 
നിൻ കണ്ണുനീർ പ്രാര്ത്ഥനകൾക്ക് 
 
ഉപേക്ഷിക്കരുതെനിക്കായിവിടെ 
നീ തരുവാൻ  മടിച്ച സ്നേഹപൂക്കൾ 
ദ്രവിച്ചു തുടങ്ങുമെൻ ശരീരത്തിന് 
താങ്ങുവുനാവില്ലതിൻ ഭാരം 
 
വിസ് മൃതിയിൻ ആഴത്തിലെന്നെ 
ഉപേക്ഷിച്ചു മടങ്ങുക നീയിപ്പോൾ 
ദ്രവിച്ചു തീരട്ടെ ഞാനിവിടെ  
ഈ കുഴിമാടത്തിൽ....

Friday, May 3, 2013

വാക്ക്കൂര്ത്ത മുനയുള്ള  നിന്റെ  വാക്ക് 
എന് ഹൃദയത്തെ കീറി മുറിക്കുന്നു.. 
താങ്ങുവാൻ വയ്യ എനിക്കീ വേദന 
പൊടിയുന്നു  നിണമെന് മാംസകണങ്ങളിൽ..
കരയണമെനിക്കൊന്നുറക്കെ പക്ഷെ 
കുരുങ്ങുന്നു തൊണ്ടയിലെൻ കരച്ചിലിൻ ശബ്ദം.. 
കവിളിൽ നിഴൽ തീര്ക്കുവാനിനി കണ്ണുനീരില്ല 
വറ്റുന്നു  കണ്ണുനീരെൻ കണ്ണ് നീർ ഗ്രന്ധികളിൽ ..
എൻ ചിരിയിലിനി മോഹത്തിൻ നീലാകാശമില്ല 
കരിപുരണ്ട കാർമെഘമെൻ ചിരിയെ മറയ്ക്കുന്നു..
വയറ്റിലിനി വിശപ്പിന്റെ ആന്തലില്ല 
നാവിൻ തുമ്പത്തു കൊതിയുടെ തിരയിളക്കമില്ല..
മൃതിയിലേക്കടുക്കുന്നു എൻ ശരീരമിപ്പോൾ 
എന്നാത്മാവിനു  ശവകച്ച പുതപ്പിച്ചു നിന് വാക്ക് ..
എങ്കിലും കൊതിക്കുന്നു നിന്റെ മറുവാക്കിനായ് 
ഇനീ അതിലെന്നാന്മാവ് ഒരു വേള ഉയിര്ത്തെങ്കിലോ..

Monday, February 25, 2013

ഭൂമിയുടെ ദുഖംഉഷ്ണ വെയിലില്‍ വാടിതളര്‍ന്നു വരണ്ടുണങ്ങി ഞാന്‍ 
നെറുകയില്‍ നിന്നുമടര്‍ന്നു വീഴുവാന്‍
ഒരു ജലകണം പോലും ബാക്കിയില്ലിനി  
ആഴത്തില്‍ പിളര്‍ന്നെന്‍ ഹൃദയ ഭിത്തിയിന്‍ മുകളില്‍ 
വീണ്ടുമുയര്‍ത്തുന്നു നിങ്ങള്‍ ആകാശ സ്തൂപങ്ങള്‍ 
വെട്ടിയറുക്കുന്നു  മിണ്ടാപ്രാണികളെ നിങ്ങള്‍
അറുത്തു മാറ്റുന്നു എന്‍ ഓമന മക്കളാം പച്ചമരകൂട്ടത്തെ. 
ജന്മം കൊടുത്തയെന്നില്‍ അവര്‍ ചീഞ്ഞളിയുമ്പോള്‍ 
എന്‍ മനം പിടയ്ക്കുന്നതെന്തേ നിങ്ങളറിഞ്ഞില്ല
പൊട്ടിത്തെറിച്ചു ചിതറുന്നു സ്ഫോടന വസ്തുക്കള്‍
രക്തം ചീറ്റിക്കുന്നു മാരകായുധങ്ങള്‍ 
പ്രാണവായു തേടി എന്നെ പുണരുന്നു  ചിലര്‍ 
ഒടുവില്‍  അന്ത്യ ശ്വാസംവലിക്കുന്നു അവരില്‍ ചിലര്‍ . 
കൂടപിറപ്പിനെ പോലും തിരിച്ചറിയുന്നില്ല നിങ്ങള്‍ 
പീഡിപ്പിച്ചു കൊന്നു തള്ളുന്നു പെണ്‍വര്‍ഗത്തെ
അധമരാം നിങ്ങളെയിനി ചുമക്കുവാന്‍ 
മടുപ്പാണെനിക്ക്... വെറുപ്പാണെനിക്ക് ...
കാണുവാന്‍ വയ്യിനിയുംമര്ത്യരാംനിങ്ങള്‍ തന്‍ ചേഷ്ഠകള്‍ 
സ്വയം  ജീവനോടുക്കുവാന്‍ കഴിഞ്ഞെങ്കിലെന്ന് 
ഭൂമിയാം ഞാനും വെറുതെ ആശിക്കുന്നു ..

Wednesday, June 20, 2012

ആദ്യരാത്രി റീ ലോടെഡ്(പണ്ടൊരു ആദ്യരാത്രി  എഴുതി ,അത് വായിച്ചു നെറ്റി ച്ചുളിച്ചവര്‍ക്കായി 
ഒരു ടെസ്റ്റ്‌ ഡോസ് കൂടി ..)

പഴമയുടെ ആഡംബരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന
ചക്കുന്നേല്‍ കോവിലകം .
നിശയുടെ കറുപ്പിനെ വെല്ലികൊണ്ട് കോവിലകം
പ്രകാശപ്രഭയില്‍ കുളിച്ചു നില്‍ക്കുകയാണ് ..,
കുടുംബ ക്ഷേത്രത്തില്‍ ഉത്സവമൊന്നുമില്ല..,
പിന്നെ എന്താണ് കോവിലകത്തു ഒരു ഉത്സവ പ്രതീതി .
കോവിലകത്തെ സ്വത്തുക്കള്‍ക്കെല്ലാം അവകാശിയായ
മനു രാജിന്റെ  വിവാഹം ആയിരുന്നു ഇന്ന് ..,
വര്‍ഷങ്ങളായി വിവാഹം വേണ്ടെന്നു പറഞ്ഞു
ദേവകിയമ്മയുടെ മനസ്സ്  വേദനിപ്പിച്ച പുന്നാരമോന്‍
 അവസാനം തീരുമാനം  മാറ്റി
അങ്ങനെ ചക്കുന്നേല്‍ ചില  നാളുകള്‍ക്കു ശേഷം 
സന്തോഷത്തിനെ കാറ്റ് വീശുകയാണ് ..,
ആ  കാറ്റിന്റെ കുളിര്‍മയേറ്റ്
 മനുരജും അഞ്ജലിയും ഇന്ന് ആദ്യരാത്രി
ആഘോഷിക്കാന്‍ പോകുകയാണ് .
തടിയില്‍ തീര്‍ത്ത പടികള്‍ വളരെ സൂക്ഷിച്ചാണ്
അഞ്ജലി  കയറിയത് ..,ഒരു കൈയ്യില്‍ പാല്ഗ്ലാസ്
മറു കൈ കൊണ്ട് സെറ്റ് സാരിയുടെ തലപ്പ്‌  ചെറുതായി പോക്കിപിടിച്ച്ചുകൊണ്ട് അവള്‍ മുകളിലെ നിലയില്‍ എത്തി ..,
ഓടു കൊണ്ട് മേഞ്ഞ വലിയ രണ്ടു നില കോവിലകം ആണ് ..,
മുകളിലെ നില മനുവിന്റെ സാമ്രാജ്യം ആണ് ..,
അവിടേക്ക് ആ കൂട്ടുകുടുംബത്തിലെ കുട്ടി
പട്ടാളത്തിനൊന്നും   പ്രവേശനമില്ല
മനുവിന്റെ മുറിയിലേക്ക് നീണ്ടുകിടക്കുന്ന വരാന്തയിലൂടെ
 അവള്‍ നടന്നു .
മുറിക്കകത്ത് അഞ്ജുവിനെ പ്രതീക്ഷിച്ചുകൊണ്ട് മനു രാജ് .
കൊണ്ടുവന്ന പാല്‍ ഗ്ലാസ്‌ അഞ്ചു മനുവിന് നേരെ നീട്ടി .
അവന്‍ അത് വാങ്ങിച്ചു മേശ പുറത്തു വെച്ചു .
''അഞ്ജുവിന് എന്നോട് ദേഷ്യം ഉണ്ടോ ''
മനുവിന്റെ ആദ്യചോദ്യം.
അവള്‍ മിണ്ടിയില്ല .
''വാ നമുക്ക് ഇരുന്നു സംസാരിക്കാം ''
പുഷ്പങ്ങളാല്‍ അലംകൃതമായ കട്ടിലില്‍ അവന്‍ ഇരുന്നു.,
പക്ഷെ അഞ്ജു ഇരുന്നില്ല.
തടികൊണ്ട് തീര്‍ത്ത തൂണില്‍ ചാരി അവള്‍ നിന്നു.
''എനിക്കറിയാം അഞ്ജുവിന് എന്നോട് ദേഷ്യമാണെന്നു ..,
ഞാന്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമാണ് ഈ വിവാഹം ..''
മനുവിന്റെ ശബ്ദം ഇടറി .
''നമ്മുടെ കോളേജ് ലൈഫില്‍ നമ്മള്‍  രണ്ടു പേരും 
എത്ര ഹാപ്പി ആയിരുന്നു ..,
ഒരിക്കല്‍ പോലും നിന്റെ മുഖം വാടി ഞാന്‍ കണ്ടിട്ടില്ല ..,
അത്രയും പ്രസന്നവതി ആയിരുന്ന നീ ഇപ്പോള്‍ എന്റെ മുന്‍പില്‍ ഇങ്ങനെ നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് എന്ത് പറയണം എന്നറിയില്ല ..,പക്ഷെ അന്നും ഇന്നും നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു ..,നിനക്ക് എന്നോടുള്ള വികാരത്തിനു
പോറലുകള്‍ സംഭവിച്ചിരിക്കാം ..,അതിനു കാരണം ഞാന്‍ തന്നെയാണ് ..അഞ്ജു നിനക്ക് ഇപ്പോള്‍ എന്നോട് തോന്നുന്നതു എന്താണ് ??
ദേഷ്യമാണോ??അതോ വെറുപ്പാണോ??
നീ എന്തെങ്കിലും ഒന്ന് പറ ..''
അഞ്ജു ഇപ്പോയും ഒന്നും മിണ്ടിയില്ല ..,
അവളുടെ മുഖത്തു മിന്നിമറയുന്ന ഭാവങ്ങള്‍ വായിച്ചെടുക്കാന്‍
മനു വളരെ പ്രയാസപ്പെട്ടു .
''എന്റെ ഫ്രണ്ട്സ് എന്നും പറയുമായിരുന്നു നിന്നോടുള്ള
ഇഷ്ട്ടം തുറന്നു പറയാന്‍ ..,അങ്ങനെയിരിക്കെ  ഒരു ദിവസം  അപ്രതീക്ഷിതമായി 
എന്റെ മുറിയിലേക്ക് കടന്നുവന്ന  നിന്റെ വിഷമങ്ങള്‍ കേട്ടിട്ടും
നിന്റെ സംരക്ഷകന്‍ ആകേണ്ടിയിരുന്ന ഞാന്‍ എന്റെ നില മറന്നു ..,മദ്യത്തിന്റെ ലഹരിയില്‍ ആയിരുന്ന ഞാന്‍ നിന്റെ സ്വപ്‌നങ്ങള്‍ എല്ലാം നിമിഷങ്ങള്‍ക്കൊണ്ട് തകര്‍ത്തു കളഞ്ഞു ..,
ഒരു പെണ്‍കുട്ടിക്ക് ഒരിക്കലും പൊറുക്കുവാന്‍ കഴിയാത്ത
തെറ്റാണ് ഞാന്‍ നിന്നോട് ചെയ്തത്..,,
നമ്മുടെ സൌഹൃദത്തെ  വിശ്വസിച്ചു  ആപത്ത് ഘട്ടത്തില്‍
 എന്റെ മുറിയില്‍ അഭയം തേടി  വന്ന
നീ എന്ത് തെറ്റാണ് ചെയ്തത്??
നിന്റെ എതിര്‍പ്പുകളെ വക വെയ്ക്കാതെ നിന്നെ കീഴ്പ്പെടുത്തിയ സന്തോഷമായിരുന്നു എനിക്ക് അന്ന് ..,
ഒടുവില്‍ ഒരു വാക്ക് പോലും മിണ്ടാതെ നീ ഇറങ്ങിപോയപ്പോള്‍ പോലും ഞാന്‍ ചെയ്ത തെറ്റിന്റെ കാഠിന്യം എനിക്ക് മനസ്സിലായിരുന്നില്ല ..പക്ഷെ പിന്നീടുള്ള ഒരു ദിവസം
പോലും ഞാന്‍ സമാധാനത്തോടെ ഉറങ്ങിയിട്ടില്ല ..
നിന്നെ തേടി ഞാന്‍ കുറെ നടന്നു ..,
എന്നാല്‍ നീ എന്റെ ദ്രിഷ്ട്ടിയില്‍ നിന്നും എങ്ങോ പോയ്‌ മറഞ്ഞു ..
നിന്നോട് ക്ഷമ ചോദിക്കാനുള്ള അവസരത്തിന് വേണ്ടിയാണ്
ഞാന്‍ ജീവിച്ചത് ..,വര്‍ഷങ്ങള്‍ക്കു ശേഷം നിന്നെ
 കണ്ടുമുട്ടിയപ്പോള്‍ ആണ് ജീവിക്കണം എന്നുള്ള ആഗ്രഹം
എനിക്ക് തോന്നിത്തുടങ്ങിയത് ..,ആ ജീവിതം നിന്നോടൊപ്പം ആയിരിക്കണമെന്നും ..,എന്നെ പരിഹസിച്ചു പടികടത്തുമെന്ന ഉറപ്പോടെയാണ് നിന്റെയരികില്‍ വിവാഹ
അഭ്യര്തനയുമായി ഞാന്‍ വന്നത് ..,
എന്നാല്‍ എന്റെ പ്രവചനങ്ങളെ കാറ്റില്‍ പറത്തികൊണ്ട് nee
എന്നോടൊപ്പം ജീവിക്കാന്‍ സമ്മതം മൂളി .
ഈ വര്‍ഷങ്ങള്‍ അത്രയും ഞാന്‍ എന്നെ സ്വയം ശിക്ഷിക്കുക ആയിരുന്നു ..,വീട്ടില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും ഒളിച്ചോടി ..,ആരുമില്ലാതവനായി ഒന്നുമില്ലാതവനായി  ജീവിച്ചു ..
പക്ഷെ ഇപ്പോള്‍ എന്റെ ജീവിതത്തിനു അര്‍ത്ഥമുണ്ട് ..
ലക്ഷ്യമുണ്ട് ..,നീ കൂടെ ഉള്ളപ്പോള്‍ ...''
മനുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി .
ആ കണ്ണുനീര്‍ കണ്ടതായി പോലും ഭാവിച്ചില്ല അവള്‍.
''അഞ്ജു ,,നിനക്കെന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാം ..,
എന്റെ ജീവിതം ഇനീ നിനക്കുള്ളതാണ് ..,കൊല്ലണമെങ്കില്‍ കൊല്ലാം..പക്ഷെ നിന്റെ മനസ്സില്‍ ഉള്ളത് ഒന്ന് തുറന്നു
പറഞ്ഞു കൂടെ നിനക്ക്..,എന്നോട് ദേഷ്യമാണോ..വെറുപ്പാണോ ..
അതോ നിനക്കെന്നോട് ക്ഷമിക്കാന്‍ കഴിഞ്ഞോ എന്ന് ?''

മനുവിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എല്ലാം അഞ്ജുവിന്റെ മനസ്സില്‍ ഭദ്രമാണ് ..,അതുകൊണ്ടാണല്ലോ അവള്‍ ഈ
കല്യാണത്തിനു സമ്മതിച്ചത് .
അവള്‍ ഇഷ്ട്ടപെട്ട പുരുഷന്‍ ചതിയന്‍ ആണെന്ന യാദാര്‍ത്ഥ്യം മനസിലാകിയ നിമിഷം ഓടി രക്ഷപ്പെടുവാന്‍ ആ നഗരത്തില്‍ മനുവിന്റെ വാടക കെട്ടിടത്തെക്കാള്‍ സുരക്ഷിതമായ മറ്റൊരു സ്ഥലം ഇല്ലെന്നു കരുതിയ തനിക്കാണ് തെറ്റുപറ്റിയത് .
തന്നെ ചതിച്ച പുരുഷനേക്കാള്‍ ഒട്ടും മോശമല്ല തന്റെ ആത്മാര്‍ത്ഥ സുഹൃത്ത് മനു എന്ന് അവള്‍ അന്ന് മനസ്സിലാക്കി .
എല്ലാ പുരുഷന്മാരും ഒന്ന് തന്നെ എന്ന് വിധി എഴുതാന്‍ അവള്‍ക്കു അധിക  സമയം വേണ്ടി വന്നില്ല ..
ആണ്‍ വര്‍ഗത്തോടുള്ള തീര്‍ത്താല്‍ തീരാത്ത പകയുമായി
അവളും സഞ്ചരിച്ചു ..ആര്‍ക്കും പിടികൊടുക്കാതെ..
അവസാനം മനുവിന്റെ മുന്‍പില്‍ ..
ഇല്ല.. അവള്‍ തോറ്റിട്ടില്ല..
swapna സൌധത്തില്‍ ഇരിക്കുന്ന മനുവിന്റെ വികാരതിളപ്പിനു
മുന്നില്‍ അവള്‍ തോല്‍ക്കില്ല ..
മനുവിനെ വീണ്ടും കണ്ടുമുട്ടിയതിനു ശേഷമുള്ള
ഓരോ നിമിഷവും ഈ ദിവസത്തിനു വേണ്ടിയുള്ള
കാത്തിരിപ്പായിരുന്നു അഞ്ജുവിന്..
തന്നെ നശിപ്പിച്ച പുരുഷനെ തന്റെ കാല്‍ച്ചുവട്ടില്‍
വരുത്തണമെന്ന മോഹം..
അത് സാധിച്ചു ..ഇനീ ആ പുരുഷന്റെ അന്ത്യം ..
അതും തന്റെ കാല്‍ച്ചുവട്ടില്‍ തന്നെ..ഇപ്പോള്‍ ..
ഈ ആദ്യ രാത്രിയില്‍ തന്നെ..
അഞ്ജുവിന്റെ മനസ്സില്‍ പ്രതികാരത്തിന്റെ തീ ആളിക്കത്തി ..
പക്ഷെ അവളുടെ മുഖം പ്രസന്നമായിരുന്നു ..
ആ പ്രസന്നത ഒട്ടും കുറയ്ക്കാതെ അവള്‍ പാല്‍ ഗ്ലാസ്‌
എടുത്തു മനുവിന്റെ നേരെ നീട്ടി..
ആരും അറിയാതെ അവള്‍ അതില്‍ വിഷം കലര്‍ത്തിയിട്ടുണ്ട്‌
എന്ന സത്യം അവള്‍ക്കു മാത്രമറിയാം .
അത് കുടിച്ചു അവന്‍ ഉറങ്ങും..സുഘമായ നിദ്ര ..മരണത്തിലേക്കുള്ള നിദ്ര ..ആ നിദ്രയിലേക്ക് വഴുതി വീഴുമ്പോള്‍ താന്‍ പറയും ..
കൊല്ലുവാന്‍ വേണ്ടി തന്നെയാണ് ഈ അഞ്ജു കൂടെ വന്നതെന്ന്  ..
അവളുടെ മുഖം വിടര്‍ന്നു ..
മനു അവളുടെ മുഘത്ത്‌ നിന്നു കണ്ണെടുക്കാതെ
ആ പാല്ഗ്ലാസ് വാങ്ങി ചുണ്ടോടടുപ്പിച്ചു ...

രചന
സംവിധാനം
നിര്‍മാണം
ബിജു ദേവരാജ്

പെട്ടെന്ന് നിശ്ചലമായ  T V സ്ക്രീനില്‍
മിന്നിത്തിളങ്ങുന്ന അക്ഷരങ്ങള്‍ തെളിഞ്ഞു വന്നു .
പിന്നീട് എന്ത് സംഭവിച്ചു??
പ്രേക്ഷകര്‍ മറക്കാതെ കാണുക..,
'നീലകുറിഞ്ഞി ' അടുത്ത തിങ്കളാഴ്ച
രാത്രി എട്ടു മുപ്പതിന് .

''ഓ..എന്റെ കര്‍ത്താവേ ഒരു ആദ്യരാത്രി ലൈവ് ആയി
കാണാമെന്നു കരുതിയതാ ..നശിപ്പിച്ചു..''
ബ്ലെസ്സിയുടെ വാക്കുകളില്‍ നിരാശ .

''എന്നാലും നിനക്കെന്തു തോന്നുന്നു..മനു ആ പാല്‍ കുടിക്കുമോ??''
റൂം മേറ്റ്‌ പ്രജിതയുടെ ചോദ്യം.

''പിന്നല്ലാതെ ..അവന്‍ കുടിച്ചു..പണ്ടാരടങ്ങും..അവന്‍ അങ്ങനെ
തന്നെ വേണം..ഞാനെങ്ങാനും ആണെങ്കില്‍ അവനെ പണ്ടേ വെട്ടികൊന്നെച്ചു  ..ജയിലില്‍ പോയി ഗോതമ്പുണ്ട  തിന്നേനെ..''

''ആ ..അത് നല്ല ഐഡിയ ആണ്..ഒന്നുമല്ലെങ്കിലും  നിന്റെ
പോണ്ണ തടി കുറഞ്ഞു കിട്ടിയേനെ..''

ഹോസ്റ്റല്‍ മുറിയിലെ അടുത്ത  സഹമുറിയത്തിയും സീരിയലുകളുടെ  ആരാധികയും ആയ ജിഷയുടെ കമന്റ്‌..
''ജിഷമോളെ ..വല്ലാണ്ടങ്ങ് ഊതല്ലേ..''
ബ്ലെസ്സിക്ക് ജിഷയുടെ കമന്റ്‌ അത്രക്കങ്ങു പിടിച്ചില്ല ..,എന്തൊക്കെ ആണെങ്കിലും താന്‍ തടിച്ചി ആണെന്ന് അവള്‍ ഒരിക്കലും സമ്മതിക്കില്ല.
''ഏഷ്യാനെറ്റ്‌ സ്റ്റുഡിയോയിലോട്ടൊന്ന് വിളിച്ചു
ആ ബിജു ദേവരാജിന്റെ നമ്പര്‍ വാങ്ങിക്കമായിരുന്നു ..,
അണ്ണന് ഈ കഥ അല്ലാതെ വേറെ ഒരു കഥയും കിട്ടിയില്ലേ
സീരിയല്‍ ആക്കാന്‍ എന്ന് ചോദിച്ചാല്‍  കൊള്ളാമെന്നുണ്ട് ..''
ആദ്യരാത്രി മിസ്സായതിന്റെ കലിപ്പാണ്‌ ബ്ലെസ്സിക്ക് .

''എനിക്ക് തോന്നുന്നു അവള്‍ അതിനകത്ത് വിഷം കലക്കിയിട്ടില്ലെന്നാണ് ..''
സീരിയല്‍ ആരാധിക ജിഷയുടെ പ്രവചനം .
''പോയി കിടന്നുറങ്ങാന്‍ നോക്ക് ജിഷേ ..
അവളും അവളുടെ ഒരു സീരിയലും..''
ചവിട്ടിതുള്ളി ബ്ലെസ്സി അടുത്ത റൂമിലേക്ക്‌ പോയി.

എന്നാലും അഞ്ജുവിന് എങ്ങനെ ഇങ്ങനെ ചെയ്യാന്‍ തോന്നുന്നു ..?
ഒന്നുമല്ലെങ്കിലും മനു അവളെ ആത്മാര്‍ഥമായി സ്നേഹിച്ചതല്ലേ ..
അവള്‍ക്കു ഒന്ന് ക്ഷമിച്ചു  കൂടെ ..??
ഉറങ്ങാന്‍ കിടക്കുമ്പോഴും ജിഷയുടെ മനസ്സില്‍ ഒരുപാട്
സംശയങ്ങള്‍  ഉണര്‍ന്നു വന്നു ...

Saturday, December 17, 2011

പുനര്‍ജ്ജന്മം
ഉദയസൂര്യന്റെ കിരണങ്ങള്‍ ക്ഷേത്ര മുറ്റത്തെ ആല്‍മരത്തിന്റെ ശാഖകള്‍ക്കിടയിലൂടെ  ധന്യയുടെ മുഖത്തേക്ക് ഒളിഞ്ഞും തെളിഞ്ഞും പതിച്ചുകൊണ്ടിരുന്നു ..കുടുംബ ക്ഷേത്രത്തില്‍ തൊഴുതു അവള്‍ ധൃതിയില്‍  വീട്ടിലേക്കു നടന്നു ..സമയം 7 മണി ആയി, എട്ടു മണിയുടെ ബസിനു പോകേണ്ടതാണ് .

വീട്ടിലെത്തിയതും അമ്മ ലക്ഷ്മിയുടെ  പരാതി '' നിന്നോട് എപ്പോഴും പറയണോ മനുവിനെ കൂട്ടികൊണ്ട് പോകണം തൊഴാന്‍ പോകുമ്പോള്‍ എന്ന് ''
''ഓ അതിനു മനുവേട്ടന്‍ എഴുന്നേറ്റിട്ട് വേണ്ടേ ''
''ദെ പെണ്ണെ ..നീ എന്റെ കൈയ്യീന്ന്  വാങ്ങിക്കും ..,ഞാന്‍ ഒരുങ്ങി വന്നപോഴേക്കും നീ മിണ്ടാതെ പോയ്കളഞ്ഞില്ലേ..'' ധന്യയുടെ ചേട്ടന്‍ മനുവിന്റെ വാക്കുകളില്‍ തെല്ലു നീരസം .
''എന്തായാലും ഞാന്‍ റെഡിയാ.,നീ വേഗം വല്ലോം കഴിച്ചിട്ട് വാ ..എക്സാം എഴുതാന്‍ പോകുവല്ലേ ..ബസിനു പോകണ്ട ..ഞാന്‍ കൊണ്ടുവിടാം ''
''അത് വേണ്ട ഏട്ടാ..ഞാന്‍ ബസിനു പോയ്കൊള്ലാം..,കാഞ്ഞിരത്തു നിന്നു ശീനയും ഉണ്ട് കൂട്ടിനു ..ഞങ്ങള്‍ ഒരുമിച്ചു പൊയ്കോളാം''

''എന്റെ കുട്ടീ ..അങ്ങ് പാലക്കാട്‌ വരെ പോകേണ്ടതാ .. മനു കൊണ്ട് വിടും നിന്നെ ..തിരിച്ചു നീയും ഷീനേം കൂടെ പോന്നോളൂ ..നിങ്ങടെ അച്ഛന്‍ ഉണ്ടായിരുന്നപ്പോള്‍  എവിടേലും നീ തനിച്ചു പോയിട്ടുണ്ടോ ..?അതിനു അച്ഛന്‍ സമ്മതിക്കാരുന്നോ? ഇവിടിപ്പോ എന്റെ വാക്കിനു എന്ത് വിലയാ ഉള്ളത് ..,അടുത്ത മാസം കല്യാണം കഴിച്ചു പോകേണ്ട കുട്ടിയല്ലേ നീയ് ..,ഒരു പി  എസ് സി പരീക്ഷ എഴുതിയില്ലെങ്കില്‍ നിനക്ക് എന്താ പോണേ ..?പോകുന്നുണ്ടെങ്കില്‍  മനൂന്റെ കൂടെ ഇറങ്ങിയാ മതി ..അല്ലെങ്കില്‍ തന്നെ തിരിച്ചു വരുന്നോടം വരെ ന്റെ മനസ്സില്‍ തീയാ ..''
ലക്ഷ്മിയമ്മ പരാതികളുടെ കെട്ടുകള്‍ നിരത്തി .

''ഏട്ടാ ..എന്നാ പെട്ടെന്ന് വാ ..തിരിച്ചു ഞാന്‍ ഷീനെടെ കൂടെയേ വരുള്ളൂ ട്ടോ ''
''ഞാന്‍ എപ്പോഴേ റെഡി ..,നിനക്കല്ലേ എന്റെ കൂടെ വരാന്‍ മടി ..അവിടെ എക്സാം എഴുതാന്‍ വരുന്ന പെണ്‍കുട്ടികളെ ഒന്ന് വായ്‌ നോക്കാന്‍ കിട്ടുന്ന അവസരം ഞാന്‍ കളയൂല മോളെ.. ''
മനുവിന്റെ വാക്കുകളില്‍ സന്തോഷം തിരതല്ലി.

എരിഞ്ഞുകൊണ്ടിരിക്കുന്ന വിളക്കിന് മുകളില്‍ പുഞ്ചിരിയോടെ നിശ്ചലമായിരിക്കുന്ന ഇരിക്കുന്ന അച്ഛന്റെ പ്രതിരൂപത്തെ തൊഴുതു അമ്മയോട് അനുഗ്രഹം വാങ്ങി ഇറങ്ങിയപ്പോള്‍ ധന്യയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .
''അവള്‍ടെ ഒരു പൂക്കണീരു ..വന്നു ബൈക്കില്‍ കേറ്  നീ..''
മനു തിരക്ക് കൂട്ടി .
സിനിമ സ്റ്റൈലില്‍  വളച്ചും തിരിച്ചും മനു   അതിവേഗതയില്‍ ബൈക്ക്  ഓടിച്ചുകൊണ്ടിരുന്നു ..

ധന്യയുടെ മൊബൈല്‍ ശബ്ദിച്ചു.
ജെറോം  ആണ് .. മൊബൈല്‍ സൈലെന്സില്‍ ആക്കി ..പിന്നെയും നിര്‍ത്താതെ മൊബൈല്‍ അടിച്ചുകൊണ്ടിരുന്നു ..,അവള്‍
റിജെക്റ്റ് ബട്ടണ്‍ അമര്‍ത്തികൊണ്ടിരുന്നു .
ധന്യയെ  പരീക്ഷസേന്റെരില്‍ കൊണ്ടെത്തിച്ചു മനു തിരിച്ചു പോന്നു ..,
''എക്സാം കഴിഞ്ഞു ഷീനെടെ കൂടെ അവിടേം ഇവിടേം കറങ്ങി തിരിഞ്ഞു നിക്കാതെ വേഗം വീട്ടില്‍ എത്തികോണം ''
എന്ന് മുന്നറിയിപ്പും  കൊടുത്തു .

മനു പോയെന്നു ഉറപ്പായപ്പോള്‍ അവള്‍
 ജെറോമിനെ   വിളിച്ചു
''നീ എവിടെയാ ...,ഞാന്‍ വിക്ടോറിയ കോളേജിന്റെ ഗ്രൗണ്ടില്‍ ഉണ്ട് ..ഏട്ടനാ കൊണ്ടേ വിട്ടത് അതുകൊണ്ട് ബസ്‌ സ്ടാണ്ടില്‍ ഇറങ്ങാന്‍ പറ്റിയില്ല ''
''ധന്യ ..നീ അവിടെ തന്നെ നില്‍ക്ക്..,റിയാസും ദിനേശും ഒക്കെ വണ്ടി കൊണ്ട് വരും ..,ഞാന്‍ അവരോടു വിളിച്ചു പറയാം ..,അപ്പോയെക്കും ഞാനും സനലും കൂടെ രെജിസ്ടര്‍ ഓഫീസിലേക്ക് പോകാം ..അവിടെ കുറച്ചു കാര്യങ്ങള്‍ അറേഞ്ച് ചെയ്യാന്‍ ഉണ്ട് ..നീ അവരുടെ കൂടെ രെജിസ്ടര്‍ ഓഫീസിലേക്ക് വന്നാല്‍ മതി ..,പത്തര ആകുംപോയെക്കും എത്തണം വൈകരുത് ..''
''ശരീ  ..പക്ഷെ എനിക്ക് പേടിയാകുന്നു ..കുഴപ്പമാകുമോ ..നിന്നെ വിശ്വസിച്ചാ ഞാന്‍ വന്നിരിക്കുന്നത് ..എന്റെ അമ്മേം മനുഎട്ടനേം ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സ് പതറുന്നു   ..''
''ഇതൊന്നു കഴിഞ്ഞോട്ടെ..നമുക്ക് അവരെ സാവധാനത്തില്‍ പറഞ്ഞു മനസിലാക്കാം ..,അവര്‍ സമ്മതിക്കും ..പിന്നെ നമുക്ക് ആചാരപ്രകാരം നീ പറയുന്നയിടത്തു കല്യാണം നടത്താം ..നീ ഇങ്ങനെ വിഷമിച്ചാല്‍ ഞാന്‍ തളര്‍ന്നുപോകും ...''
''ഓക്കേ  ..,ഞാന്‍ അവരുടെ കൂടെ വന്നോളാം ..നീ പൊയ്ക്കോ...''

പരീക്ഷ എഴുതാന്‍ വേണ്ടി കോളേജിലേക്ക് തള്ളികയറൂന്നവരുടെ    തിരക്ക് ..,അവള്‍ ആ തിരക്കില്‍ നിന്നൊഴിഞ്ഞു ഒരു കോണിലേക്ക്
മാറി നിന്നു .

കലാലയ ജീവിതത്തിന്റെ ഓര്‍മകളിലേക്ക് അവള്‍ വഴുതി വീണു .
കളിചിരികളുടെ കൂട്ടത്തില്‍ വീണു കിട്ടിയ ഒരു സുഹൃത്തായിരുന്നു ജെറോം .
കോളേജ് മുറ്റത്തെ ആല്‍മരത്തിന്റെ ചുവടുകളില്‍ ധന്യയുടെ 
ഗ്യാന്ഗ് കുശലം പറഞ്ഞു
നേരമ്പോക്കിയപ്പോള്‍ അവളറിയാതെ പിന്തുടര്‍ന്നെത്തി ജെറോം ..സൌഹൃദത്തിനുമപ്പുറം അവള്‍ക്കുവേണ്ടി വികാരങ്ങള്‍ സൂക്ഷിച്ചിരുന്ന അവന്റെ പ്രണയ വലയത്തിനുള്ളിലാവാന്‍
ധന്യക്ക്‌    അതികനാള്‍ വേണ്ടി വന്നില്ല ..
വര്‍ഷങ്ങള്‍ ദിവസങ്ങള്‍ പോലെ കൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു ..മധുര സ്വപ്നങ്ങളുടെ രാവുകള്‍ ..,കോളേജിലെ ഇടവേളകളുടെ  ദൈര്‍ഗ്യം കൂടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയ ദിനങ്ങള്‍ .. 
പ്രണയത്തിന്റെ മാസ്മരിക ശക്തി അവരെ വീണ്ടും വീണ്ടും അടുപ്പിച്ചു ...
കലാലയജീവിതം എന്നേക്കുമായി പടിയിറങ്ങേണ്ട ദിവസം
വന്നപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു  പിരിയുവാന്‍  കഴിയാതെ  വണ്ണം  അടുത്തുകഴിഞ്ഞിരിക്കുന്നു   എന്ന്  ..

ഈ ബന്ധത്തെ കുറിച്ചു അറിഞ്ഞ ലക്ഷ്മിയമ്മ ശക്തമായി  എതിര്‍ത്തു .., പെങ്ങളെ ഒരു നായര്‍ പയ്യന് മാത്രമേ വിവാഹം ചെയ്തുകൊടുക്കുകയുള്ളൂ എന്ന് മനുവും .
എല്ലാം അറിഞ്ഞു സ്വീകരിക്കാന്‍ തയ്യാറായി മുറ ചെറുക്കനും..
 ധന്യയുടെ കണ്ണ് നീര്‍ വിലപോയില്ല ..
കവടി  നിരത്തി..തടസ്സങ്ങള്‍ ഒന്നുമില്ല
ജാതക പൊരുത്തം കെങ്കേമം ..തീയതിയും നിശ്ചയിച്ചു.
 
ദിവസങ്ങള്‍ നീങ്ങികൊണ്ടിരുന്നു ..എല്ലാ വിവരങ്ങളും ജെറോം 
അറിഞ്ഞുകൊണ്ടുമിരുന്നു ..രണ്ടു മതങ്ങള്‍  ആണ് എന്ന
ഒറ്റ കാരണത്താല്‍  ധന്യയെ വിട്ടുകളയാന്‍ അവന്‍ തയ്യാറല്ലായിരുന്നു ..,ജെറോമിന്റെ നിര്‍ബന്ധത്തിനോടുവില്‍ അവന്റെ വീട്ടുകാര്‍ പിന്തുണ നല്‍കി ..ഒരു  സുരക്ഷയ്ക്ക് വേണ്ടി ആദ്യം
വിവാഹം രേജിസ്റെര്‍ ചെയ്യുക ..
പിന്നീട് മതാചാരപ്രകാരം കല്യാണം .

പി എസ് സി എക്സാമെന്നും പറഞ്ഞു വീട്ടില്‍ നിന്നു ഒരു ഒളിച്ചോടല്‍ ..
ആരൊക്കെ ക്ഷമിച്ചാലും തന്നെ വിട്ടുപോയ അച്ഛന്‍ ക്ഷമിക്കുമോ ..
അമ്മ ഇതറിയുമ്പോള്‍ എങ്ങനെ സഹിക്കും ..മനുവേട്ടനെ തനിക്കു എന്നെന്നേക്കുമായി നഷ്ട്ടപെടില്ലേ ..കുറെ ദിവസങ്ങള്‍ മനസ്സില്‍
കൊണ്ട് നടന്ന ചോദ്യങ്ങള്‍ പിന്നെയും ഉയര്‍ന്നുവന്നു ..
എന്നാല്‍ ജെറോം ഇല്ലാത്ത
ജീവിതത്തെ കുറിച്ച് ചിന്തിക്കുവാന്‍   പോലും  അവള്‍ക്കു   കഴിയുന്നില്ല..ഹൃദയം  കൊളുത്തിവലിക്കുന്ന  വേദന ആണ് അങ്ങനെ ഓര്‍ക്കുമ്പോള്‍ പോലും ..

ധന്യയുടെ കണ്ണുകള്‍ നിറഞ്ഞോഴുയുകയാണ് ..കണ്ണുനീര്‍ മുന്നിലുള്ള ദൃശ്യങ്ങളെ അവ്യക്തമാക്കി കൊണ്ടിരുന്നു ..ജെറോമിന്റെ സുഹൃത്തുക്കളുടെ വാഹനവും പ്രതീക്ഷിച്ചു അവള്‍ ഗ്രൌണ്ടിന്റെ ഒരു ഭാഗത്തായി നിന്നു ..

 ജെറോംപറഞ്ഞത് പോലെ വൈറ്റ്  സാന്റ്രോ കാര്‍ വന്നു നിന്നു ..
ധന്യയുടെ  കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി..,അവള്‍ ചുറ്റും നോക്കി ..,ആരും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു ..
അവള്‍  ആകെ വിയര്‍ത്തുകുളിച്ചിരുന്നു ..
ധന്യയേം   കൊണ്ട് കാര്‍ ചീറിപാഞ്ഞു..

രെജിസ്ടര്‍ ഓഫീസില്‍ അക്ഷമനായി കാത്തുനില്‍ക്കുകയാണ് ജെറോമും സുഹൃത്ത് സനലും ..അവന്‍ വാച്ചിലേക്ക് നോക്കി സമയം പത്തര ..
മൊബൈല്‍ ശബ്ദിച്ചു ..
''ഡാ ഇത് ഞാന്‍ ആണ് റിയാസ് ..,ഞങ്ങള്‍ അവളെ പിക് ചെയ്യാന്‍ ഇവിടെ വന്നു ..പക്ഷെ  ധന്യയെ  കാണുന്നില്ല ..,അവളുടെ മൊബൈല്‍ നമ്പറും തന്നില്ലല്ലോ നീ  ..,അവള്‍ അവിടെ വന്നോ ..?
''ഇല്ലെട നിങ്ങള്‍   നന്നായി  നോക്ക്  അവള്‍ അവിടെ എവിടെയെങ്കിലും നില്‍പ്പുണ്ടാവും ..,കുറച്ചുമുന്പേ കൂടി ഞാന്‍ അവളെ വിളിച്ചതാണല്ലോ''
ഇത് പറഞ്ഞു വെച്ച് ഉടനെ ജെറോം  ധന്യയെ മൊബൈലില്‍ വിളിച്ചു ..,
പക്ഷെ നോട്ട് റീചബിള്‍ ആണ് ..

 ഹൃദയമിടിപ്പ്‌ കൂടി കൂടി വന്നു ..അവന്‍ ആകെ പരവശനായി ..
ഈശോയെ ഇവള്‍ എവിടെ പോയി..ആരോട് ചെന്ന് ചോദിക്കും ..
അവന്റെ മുഖത്തു  ഭീതി നിഴലിട്ടു.
സനല്‍ തുരുതുരാ ഫോണ്‍ ചെയ്തു കൊണ്ടിരുന്നു  ..പക്ഷെ നിരാശ ആയിരുന്നു ഫലം ..

സമയം നീങ്ങികൊണ്ടിരുന്നു ..,രേജിസ്ട്രാര്‍ ഊണ് കഴിക്കാനായി
 ഓഫീസ്  പൂട്ടിപോയി.
ജെറോം ആകെ   കുഴങ്ങി കസേരയിലിരുന്നു ..,
 അവന്റെ ചിന്തകള്‍ കാട് കയറി ..ഇനീ അവള്‍ക്കു എന്തെങ്കിലും ആപത്തു ..ദൈവമേ ..ശ്വാസം നിലക്കുന്നതുപോലെ ..
റിയാസും ദിനേശും സനലും ധന്യക്കായുള്ള തിരച്ചില്‍ തുടര്‍ന്നു..
അവരുടെ കൂടെ ജെറോമും ..
അവന്റെ ശരീരത്തോടൊപ്പം ചിന്തകള്‍ക്ക് എത്താനാവാതെ  യാന്ത്രികമായി ചലിച്ചുകൊണ്ടിരുന്നു  .

കോളേജ് പരിസരം..,ബസ്‌ സ്റ്റാന്റ് ..,റെയില്‍വേ സ്റ്റേഷന്‍, അങ്ങനെ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും അവര്‍ അരിച്ചുപെറുക്കി .
അവള്‍ വീട്ടില്‍ എത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്താന്‍ ജെറോമിന്റെ പെങ്ങളെകൊണ്ട് ധന്യയുടെ വീട്ടിലും വിളിപ്പിച്ചു ..
ഇല്ല അവള്‍ അവിടെയും എത്തിയിട്ടില്ല ..
ജെരോമും സുഹൃത്തുക്കളും ഭയവിഹ്വലരായി ..

അവസാനം റിയാസ് ആണ് പറഞ്ഞത്.
''എടാ നമുക്ക് പോലീസില്‍ അറിയിച്ചാലോ ..,പക്ഷെ ചിലപ്പോള്‍
നമ്മള്‍ എല്ലാവരും കുടുങ്ങും ..വാദി പ്രതി ആകും ''
ഏവരും  ജെറോമിനെ  ദയനീയമായി നോക്കി.
''അതെ ..നമുക്ക് പോലിസ് സ്ടഷനിലേക്ക് പോകാം '' ജെറോമിന്റെ വാക്കുകളില്‍ ഒരു അസ്വാഭാവിക ധൈര്യം കലര്ന്നു.
അവന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു .

ജെറോമിന്റെ മൊബൈല്‍  ശബ്ദിച്ചു
''ധന്യ കോളിംഗ് '' മൊബൈല്‍ സ്ക്രീനില്‍ തെളിഞ്ഞുവന്ന  അക്ഷരങ്ങളിലേക്ക്  അവന്‍ വീണ്ടും വീണ്ടും നോക്കി.
ആകാംഷക്ക്‌ വിരാമമിട്ടുകൊണ്ട് അവന്‍ 
കാള്‍ അറ്റന്‍ഡ് ചെയ്തു .
''ധന്യാ ..നീ എവിടെയാ..നിനക്കെന്തു പറ്റീ..,എത്ര   നേരമായി ഞങ്ങള്‍   നിന്നെ തിരക്കി നടക്കുവാ ..''
ജെറോമിന്റെ വാക്കുകളില്‍ സങ്കടവും പരിഭവവും .
''സിറ്റി  ഹോസ്പിറ്റലില്‍ നിന്നാണ് വിളിക്കുന്നത്‌ ..,നിങ്ങള്‍ എത്രയും പെട്ടെന്ന്
ഇവിടെ വരണം  '' മറുതലക്കല്‍ ഒരു പരുക്കന്‍ സ്വരം .

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശ്മശാന മൂകത അവരുടെ
ഇടയില്‍ തളം കെട്ടി . ജെറോമിന്റെ കണ്ണുകള്‍ നിറഞൊഴുകുകയായിരുന്നു..,റിയാസും കൂട്ടരും ആശ്വസിപ്പിക്കുവാന്‍ വാക്കുകളില്ലാതെ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

 ആശുപത്രി മുറ്റത്തു കാര്‍ നിര്‍ത്തി അകത്തേക്ക് നടക്കുമ്പോള്‍ ജെറോമിന്റെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു.
ഡോക്ടറുമായി സംസാരിച്ചു പുറത്തേക്കിറങ്ങിയ ജെറോമിന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു .

റൂം നമ്പര്‍ ഏഴു ലക്ഷ്യമാക്കി അവന്‍ വേഗത്തില്‍ ഓടി..,റിയാസിനും കൂട്ടര്‍ക്കും ഒന്നും മനസിലായില്ല ..,
അവരും ജെറോമിന്റെ പിന്നാലെ ഓടി .

കിടക്കയില്‍  പാതിമയക്കത്തില്‍ ധന്യ.
''മോളെ..എന്നാലും എനിക്ക് നിന്നെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ ..എന്നെ വിശ്വസിച്ചു ഇറങ്ങി വന്നിട്ട് ...''
അവളുടെ കിടക്കയിലേക്ക് വീണു കരയുകയാണ് ജെറോം.

അര്‍ദ്ധനിദ്രയില്‍ നിന്നും അവള്‍ മെല്ലെ കണ്ണുകള്‍ തുറന്നു ..
സുന്ദരമായ ആ കവില്തടങ്ങളും ചുണ്ടുകളും 
കാമാര്‍ത്തി പൂണ്ട മനുഷ്യ മൃഗങ്ങള്‍ വികൃതമാക്കി കളഞ്ഞിരിക്കുന്നു.
ജെറോം അവളുടെ വിരലുകളില്‍ വിരലോടിച്ചുകൊണ്ട് അവളെ ദയനീയമായി നോക്കി ..
കണ്ണുകള്‍ കോര്‍ത്തിണക്കാന്‍ അവര്‍  ഏറെ പാടുപെട്ടു..
ആരോടൊക്കെയോ ഉള്ള പകയുടെ അഗ്നി അവളുടെ കണ്ണുകളില്‍ ആളികത്തുന്നത് അവന്‍ കണ്ടു ..
വിജനമായ ഉള്ക്കാടിന്റെ ഭയാനകമായ നിശബ്ദതയില്‍ ഒരു കാട്ടുചെന്നായയെക്കാളും ക്രൂരമായി തന്റെ ശരീരത്തെ കടിച്ചു കീറിയ ഭ്രാന്തന്മാരോടുള്ള തീര്‍ത്താല്‍ തീരാത്ത പക..
നിമിഷങ്ങള്‍ക്കകം ആ പക കണ്ണുനീരിനു വഴിമാറി ..
ജീവനുതുല്യം സ്നേഹിച്ച അമ്മയെയും ഏട്ടനേയും കബളിപ്പിച്ച കുറ്റബോധം .
തന്റെ എല്ലാമായിരുന്ന ജെറോമിന് വേണ്ടി കാത്തു സൂക്ഷിച്ചതൊക്കെയും അപഹരിക്കപെട്ടുപോയല്ലോ എന്ന നഷ്ട്ട ബോധം .
ഇവിടെ ആരാണ് തെറ്റ് ചെയ്തത് ?
താനോ..?സമൂഹമോ ? അതോ പ്രണയമോ?
ധന്യയുടെ മനസ്സ് നുറുങ്ങുകയാണ്..പെറുക്കി കൂട്ടുവാന്‍ പോലും കഴിയാത്ത വിധം ചെറു കഷണങ്ങളായി ..

ജെറോം അവളുടെ നെറുകയില്‍ ചുംബിച്ചു ..
സകല  ശക്തിയും  സംഭരിച്ചു  അവള്‍ അവനെ തട്ടി  മാറ്റി ..
''മോളെ ഞാന്‍ ..''
അവന്‍ അര്ധോക്തിയില്‍ നിര്‍ത്തി .
''ജെറോം ഒരു ഉപകാരം  ചെയ്യുമോ  ..?''
അവളുടെ മുഖത്തു അപേക്ഷാഭാവം.
''നിനക്ക് വേണ്ടി ഞാന്‍ എന്തും ചെയ്യും..''
ജെറോമിലെ കാമുകന്‍ സട കുടഞ്ഞെഴുന്നേറ്റു.
''എന്നെ ഒന്ന് കൊന്നു തരുമോ ..''
ധന്യ വിതുമ്പി .
ഒരു നിമിഷത്തേക്ക് മൂകത .
പിന്നെ പൊട്ടി കരച്ചില്‍ ..
കണ്ണുനീര്‍ പ്രളയം .

**********************
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം.


''ധന്യാ ദേ അമ്മയുടെ ഫോണ്‍ ..,നീ ഇങ്ങു വന്നെ ..,അല്ലേല്‍ വേണ്ട.., ഞാന്‍ അങ്ങോട്ട്‌ വരാം ..''
ജെറോം മുറിയില്‍ നിന്ന് അവളുടെ അടുത്തേക്കോടി .
''ആരാ ..അമ്മയാണോ??''
അവളുടെ കണ്ണുകള്‍ വിടര്‍ന്നു ..മുഖത്തു ചിരി തെളിഞ്ഞു വന്നു .    
''എനിക്ക് സുഖാണമ്മേ..ഇല്ല അമ്മെ വോമിടിംഗ് ഒക്കെ കുറവുണ്ട് ..ഇപ്പോള്‍ ആറു മാസം ആയില്ലേ ..അടുത്ത മാസം എനിക്ക് അങ്ങോട്ട്‌ വരാല്ലോ ..അമ്മയുടെം മനുഎട്ടന്റെം അടുത്തേക്ക്‌ ..''
അവള്‍ വാചാലയായി .
ജെറോം അവളെ കണ്കുളിര്‍ക്കെ നോക്കി നിന്നു.
''നമ്മുടെ മോള്‍ക്ക്‌ എന്ത് പേരാണ് ഇടേണ്ടത് ''
ഫോണ്‍ സംസാരം കഴിഞ്ഞ ധന്യയോടു ജെറോമിന്റെ ചോദ്യം.
''ഇചായനോട് ആരാ പറഞ്ഞെ ഇത് മോള്‍ ആയിരിക്കുമെന്ന് ..,എന്റെ മനസ്സ് പറയുന്നു  മോന്‍ ആയിരിക്കുമെന്ന് ..''
അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.
ജെറോം അവളെ ചേര്‍ത്തു നിര്‍ത്തി ചെവിയില്‍ എന്തോ മന്ത്രിച്ചു ..
അവള്‍ നിര്‍ത്താതെ കിലുകിലെ ചിരിച്ചുകൊണ്ടിരുന്നു .
അപ്പോള്‍ അങ്ങ് ദൂരെ ആകാശത്തു ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ മഴയായി പെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ..
മഴയെ ഏറ്റുവാങ്ങാന്‍ കാത്തിരിക്കുന്ന വൃക്ഷങ്ങള്‍
സന്തോഷ നൃത്തമാടി ..
ഒരു ഇളംതെന്നലായി അത് അവരെ തഴുകികൊണ്ടിരുന്നു ..
Wednesday, August 24, 2011

പ്രണയത്തിന്റെ വികൃതികള്‍

'എന്നാലും സുധിയെട്ടന് ന്നോട് പറയാരുന്നു'
'പറഞ്ഞിരുന്നെങ്കില്‍ ഗായത്രി എന്നെ പ്രണയിക്കുമായിരുന്നോ?'
അയാളുടെ ചോദ്യത്തിന് മുന്‍പില്‍ അവള്‍ വാക്കുകളില്ലാതെ നിന്നു.
'ഏട്ടന് ഇപ്പോള്‍ കുടുംബമാണ് വലിയത് അല്ലെ ??ഞാന്‍ അപ്പോള്‍ ആരുമല്ലേ ???
പറ സുധിയെട്ടാ..?'
അവള്‍ അയാളുടെ നെഞ്ചില്‍ ചാരിനിന്നുകൊണ്ട്‌ തേങ്ങി .
'അങ്ങനെയല്ല കുട്ടി .,പ്രണയം ആര്‍ക്കും ആരോടും തോന്നാം ..,
തനിക്കു എന്നോട് തോന്നിയപോലെ ..പക്ഷെ..'

'അപ്പോള്‍ ഏട്ടന് എന്നെ സ്നേഹിചിട്ടെയില്ലാ..?'

'ഒരു ദുര്‍ലഭ നിമിഷത്തില്‍ ഞാനും കുട്ടിയെ സ്നേഹിച്ചു പോയി ..,പക്ഷെ ഇനീ എനിക്ക് വയ്യ ..,താന്‍ വീട്ടുകാര്‍ പറയുന്നത് കേള്‍ക്കണം ,കല്യാണ നിശ്ചയം കഴിഞ്ഞ കുട്ടിയ താന്‍ ,അത് മറക്കണ്ട '.

അയാള്‍ അവളെ ബലമായി തന്നില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു .
അവളുടെ കണ്ണുനീരിന്റെ നനവ്‌ അയാളുടെ നെഞ്ചിലേക്ക് അരിച്ചിറങ്ങി ..,
അവളുടെ മുഖം മെല്ലെ പിടിച്ച്ചുയര്‍ത്തികൊണ്ട് അയാള്‍ ചോദിച്ചു

'കുട്ടി എന്തിനാ എന്നെ ഇത്രയ്ക്കു സ്നേഹിക്കുന്നത് ,ഞാന്‍
വിവാഹിതന്‍ ആണെന്നറിഞ്ഞിട്ടും ,ഗായത്രിക്ക് എന്നെ വെറുത്തുകൂടെ..?'

'അങ്ങനെ ചിന്തിക്കാന്‍ കൂടെ എനിക്ക് കഴിയില്ല ,,എന്റെ പ്രണയം മുഴുവന്‍ ഞാന്‍ തന്നുകഴിഞ്ഞു ,ഇനീ മറ്റൊരാള്‍ക്ക് കൊടുക്കുവാന്‍ എന്റെ കൈയ്യില്‍ ഒന്നുമില്ല ,സുധിയെട്ടന്റെ ഓര്‍മ്മകള്‍ മതി എനിക്ക് ജീവിക്കാന്‍ ..'
കണ്ണുനീരില്‍ കുതിര്‍ന്ന ഒരു ചുംബനം അയാളുടെ ചുണ്ടില്‍ സമ്മാനിച്ചു അവള്‍ നടന്നകന്നു ..

സൂര്യകിരണങ്ങള്‍ ജനാലവിടവിനിടയിലൂടെ അയാളുടെ മുഖത്തേക്ക് പതിച്ചുകൊണ്ടിരുന്നു ..,

'നീയ് ഇവിടെ മൂടിപുതച്ചു സുഖംആയി കിടന്നോ കേട്ടോ ,നാളെ നിന്റെ ഗായത്രീടെ കല്യാണമാ'
റൂം മേറ്റ്‌ അഭിലാഷിന്റെ പരിഹാസത്തോടെയുള്ള സംസാരം കേട്ടുകൊണ്ട് അയാള്‍ മെല്ലെ എഴുന്നേറ്റു .

'പെണ്‍പിള്ളാര്‍ ആയാല്‍ ഇങ്ങനെ വേണം ഒരുത്തനെ സ്നേഹിക്കുക മറ്റൊരുത്തനെ കെട്ടി സുഖായി ജീവിക്കുക ..എന്താ പറയാ ..,ആ എന്ത് പറയാന്‍ നിനക്ക് നട്ടെല്ല് ഇല്ല ,,അതന്നെ ..അവള്‍ എന്റെ കൈയ്യില്‍ എങ്ങാനുമ വന്നു പെട്ടിരുന്നെങ്കില്‍ ..,അല്ല പ്രേമിക്കാനും വേണം യോഗം ..'

'ഒന്ന് നിര്‍ത്തെടാ ..,എനിക്ക് അവളെ കെട്ടാന്‍ അറിയാഞ്ഞിട്ടൊന്നും അല്ല ,,വേണ്ടാന്നു വെച്ചു ,എന്റെ കല്യാണം കഴിഞ്ഞതാണ് എന്ന് ഒരു നുണയും പറഞ്ഞു ,,പിന്നെ അവള്‍ എന്ത് ചെയ്യാന്‍ ..'

'ഓ ഹോ ഒരു മാന്യന്‍ ,ഒന്ന് പോടാ ,അവള്‍ അവളുടെ പാട് നോക്കി പോയി ..,ഇനീയിപ്പോള്‍ നിനക്കെന്തും പറയാല്ലോ ..,നിരാശാകാമുകന്‍ ..'

അഭിലാഷിന്റെ വാക്കുകള്‍ അയാളുടെ ഹൃദയത്തെ മുറിപ്പെടുത്തി കൊണ്ടേയിരുന്നു .
അയാള്‍ പെട്ടെന്ന് തന്നെ ഒരുങ്ങി റൂമിന് പുറത്തിറങ്ങി .

'എങ്ങോട്ടാ നിരാശകാമുകാ..?'
അഭിലാഷ് വിടാന്‍ ഭാവമില്ല .

'ഗായത്രിയെ കെട്ടാന്‍ പോകുവാ ,വരുന്നോ ..?'

അയാളുടെ വാക്കുകളില്‍ രോഷം കത്തിപടരുന്നുണ്ടായിരുന്നു

ദേശീയ പാതയിലൂടെ അയാളുടെ കാര്‍ ചീറിപാഞ്ഞു.
സഞ്ജീവനി ഹോസ്പിടലിന്റെ പാര്‍ക്കിങ്ങില്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു ഡോക്ടര്‍ ചെറിയാന്റെ റൂമിലേക്ക്‌ ധൃതിയില്‍ നടന്നു .
അനുവാദം പോലും ചോദിക്കാതെ അയാള്‍ അകത്തു കയറി .

'ഡോക്ടര്‍ ഞാന്‍ ഇനീ എത്ര നാള്‍ ജീവിക്കും ?എനിക്കറിയണം'

'എന്ത് പറ്റീ സുധി?പെട്ടെന്ന് ഇങ്ങനെ തോന്നാന്‍ ?'

'എന്നോട് സത്യം പറ ഡോക്ടര്‍ ,എനിക്ക് അതറിഞ്ഞേ തീരൂ '

'നോക്ക് സുധി, താങ്കള്‍ ഒരു ഹെപടെടിസ് ബി രോഗി ആണ് ,തുടക്കത്തില്‍ കണ്ടു പിടിക്കാന്‍ കഴിഞ്ഞു എന്നതാണ് തന്റെ ചികിത്സയിലെ ഏറ്റവും പോസിടീവായ കാര്യം ,അതുകൊണ്ട് തന്നെ ഞാന്‍ തരുന്ന മരുന്നുകളോട് തന്റെ ശരീരം നല്ല രീതിയില്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു ,ഇന്നലെ ഞാന്‍ ഇതൊക്കെ താങ്കളോടെ പറഞ്ഞിരുന്നല്ലോ .'

'അതെ ഡോക്ടര്‍ ,,പക്ഷെ ഞാന്‍ രക്ഷപെടുമോ?'

'ഒക്കെ ഈശ്വരന്റെ കൈയ്യില്‍ ..'

'എന്നാലും ഡോക്ടര്‍ ഞാന്‍ ജീവനോടെ ഇരുന്നാല്‍ കൂടി വന്നാല്‍
 എത്ര നാള്‍??'

'ഇട്സ് എ ഡിഫികല്റ്റ് കൊസ്റ്റ്യന്‍ ..,ഡോണ്ട് വറി സുധി ,,
താങ്കളുടെ അസുഖം ഭേദമാകും,
ഇത് വരെയുള്ള റിപ്പോര്‍ട്ട്സു അങ്ങനെയാണ് സൂചന തരുന്നത് .'

'ഒരു അഞ്ചു വര്ഷം കൂടെ എനിക്ക് ആയുസ്സ് ഉണ്ടാവുമോ ?'

'വൈ നോട്ട് സുധി ? തീര്‍ച്ചയായും .
ബട്ട്‌ യു ഷുഡ് റിമെംബര്‍ വന്‍ തിംഗ് ,ഈ കാലയളവിലും താങ്കളുടെ ശരീരത്തില്‍ രോഗാണുക്കള്‍ ഉണ്ട് ,അത് മറ്റുള്ളവരിലേക്ക് പകരാന്‍ താന്‍ കാരണം ആകരുത് ,മൈ പോയിന്റ്‌ ഈസ്‌ ഇറ്റ്‌സെ സെക്ഷ്വലി ട്രന്സ്മിട്ടെട് ഡിസീസ്.'

ഡോക്ടര്‍ക്ക്‌ നന്ദി പറഞ്ഞു അയാള്‍ വേഗം മുറിക്കു പുറത്തിറങ്ങി ,ആശുപത്രി വരാന്തയിലൂടെ നടന്നു .

ഗായത്രിയോടു എല്ലാം തുറന്നു പറയാം ,
അവള്‍ എന്നെ അത്രയ്ക്ക് സ്നേഹിക്കുന്നു ..,താനും .
ഒക്കെ അറിയുമ്പോള്‍ അവള്‍ എന്നെ ഉപേക്ഷിച്ചു പോകുമോ ..?
ഏയ്‌ അവള്‍ക്കു അതിനു കഴിയില്ല ..
ആദ്യം കുറച്ചു ദേഷ്യപ്പെടുമായിരിക്കും,അത് അവളുടെ ശീലം ആണ് ,,കുറച്ചു കഴിയുമ്പോള്‍ സ്നേഹമാകും ,,താന്‍ അറിഞ്ഞത്
പോലെ അവളെ ആര് അറിഞ്ഞിരിക്കുന്നു?

ഗായത്രിയുടെ ചിന്തകള്‍ അയാളുടെ ശരീരത്തിലേക്ക് ഒരു കുളിര്‍മയുള്ള കാറ്റ് പോലെ വീശികൊണ്ടിരുന്നു,,ആ ഇളംതെന്നലിനു ഗായത്രിയുടെ സുഗന്ധം .
അയാളുടെ കാലുകള്‍ക്ക് വേഗം കൂടി ,ഗായത്രിയുടെ അടുത്തു
എത്താന്‍ മനസ്സ് വെമ്പി .

അത്യാഹിത വിഭാഗത്തിന്റെ വരാന്തയിലൂടെ അയാള്‍ പുറത്തേക്കിറങ്ങി .
അവിടെ ആകെ ബഹളം, സ്ട്രെച്ചറില്‍ ഒരു പെണ്‍കുട്ടിയെ
കുറെ പേര്‍ തള്ളികൊണ്ട് പോകുന്നു ..,
ആള്‍ക്കൂട്ടത്തിനിടയിലൂടെ അയാള്‍ എത്തി നോക്കി .
വായിലൂടെ നുരയും പതയും ഒലിച്ചു
വികൃതമായ ഒരു മുഖം ,അയാള്‍ സൂക്ഷിച്ചു നോക്കി ,
അത് ഗായത്രി അല്ലെ ?
അതെ ..അത് അവള്‍ തന്നെ .
തന്റെ ഗായത്രി. മനസ്സില്‍ ഒരായിരം ചോദ്യശരങ്ങള്‍ ,,
അവള്‍ക്കിതെന്തു പറ്റി?
അയാളുടെ നെഞ്ചിടിപ്പ് കൂടിവന്നു .
എനിക്ക് പറയാന്‍ ഉള്ളത് കേള്‍ക്കാതെ ..,
ഇല്ല ,ഞാന്‍ അതിനു സമ്മതിക്കില്ല.

അത്യാഹിതവിഭാഗത്തിന്റെ പുറത്തെ ലോബ്ബിയില്‍ സുധി ഇരുന്നു .

'ആ കുട്ടിക്ക് ..?'

അയാളുടെ ചോദ്യം പൂര്‍ത്തിയാകുന്നതിനു മുന്‍പ് അവിടെ
 നിന്നവരില്‍ ഒരാള്‍ ചാടിപറഞ്ഞു
'ഭ്രാന്തു ..അല്ലാതെ എന്താ പറയുക ,നാളെ കല്യാണം നടക്കേണ്ട വീടായിരുന്നു ,ഏതോ ഒരുത്തന്‍ ചതിച്ചിട്ടു പോയി,അതിനു വിഷം എടുത്തു കഴിച്ചെന്നു ..,ആരും കണ്ടില്ല ,രാവിലെ കുട്ടിയുടെ അമ്മ
 ചെന്ന് കതകു തുറക്കുമ്പോള്‍ ഈ കോലത്തില്‍ കിടക്കുവാ,
മരിച്ചിട്ട് നേരത്തോടു നേരമായീന്നെ,പിന്നേം തന്തേം തള്ളേം പറയുവാ ഞങ്ങടെ കുട്ടി മരിച്ചിട്ടില്ലാ ...,ആശൂത്രീല്‍ കൊണ്ടുപോകാമേ എന്ന് ,അങ്ങനെ കൊണ്ടുവന്നതാ.'

പിന്നെ ഒന്നും കേള്‍ക്കാന്‍ നിന്നില്ല.

അയാളുടെ കണ്ണിലൂടെ ഇരുട്ട് അരിച്ചുകയറി ,ആശുപത്രി കോമ്പൌണ്ടില്‍  സുധി കുത്തി ഇരുന്നു ..അയാള്‍ ധരിച്ചിരുന്ന വസ്ത്രത്തിനു
ഗായത്രിയുടെ കണ്ണുനീരിന്റെ നനവ് ഉണ്ടായിരുന്നു,
ഗായത്രിയുടെ തേങ്ങലിന്റെ ശബ്ദം ചെവിയിലൂടെ അരിച്ചുകയറി ..,തലച്ചോറിനകത്ത് അവളുടെ കിലുകിലെയുള്ള ചിരിയുടെ മുഴക്കം .
ഗായത്രിയുടെ കണ്ണുനീരില്‍ കുതിര്‍ന്ന ചുംബനസ്പര്‍ശം ചുണ്ടില്‍
ഒരു നനവായി അയാളുടെ അന്തരാത്മാവിലേക്ക് അലിഞ്ഞിറങ്ങികൊണ്ടേയിരുന്നു..
ഒരു ഭ്രാന്തനെ പോലെ അയാള്‍ നിലവിളിച്ചു.

അപ്പോള്‍ പിറകില്‍നിന്നു ഒരു കൂട്ടനിലവിളി ഉയര്‍ന്നു കേട്ടു.
''ന്നാലും ന്റെ മോളെ നീ ഞങ്ങളെ വിട്ടുപോയല്ലോ..''