Friday, July 30, 2010

മൌന പ്രണയം

എന്റെ ജീവിതത്തിലേക്ക് നീണ്ടു കിടക്കുന്ന
വിജനമാം  ഒറ്റയടിപ്പാതയില്‍ വെച്ചു
നിന്നെ കണ്ടു മുട്ടിയപ്പോള്‍ അറിഞ്ഞിരുന്നില്ല
ഒരിക്കല്‍ നിന്നെ ഞാന്‍ ഇത്രയേറെ സ്നേഹിക്കുമെന്നു .
പിന്നീട് എപ്പോഴൊക്കെയോ നീ കടന്നു പോയപ്പോള്‍
ഞാന്‍ തിരിച്ചറിഞ്ഞു പ്രണയത്തിന്റെ കാലടിശബ്ദം .
ഒരുനാള്‍  യാത്ര  പറയാതെ നീ അകന്നുപോയപ്പോള്‍
ഞാന്‍ ഏറെ കൊതിച്ചു..,കാതോര്‍ത്തു ..ആ ശബ്ദത്തിനായി.

പിന്നെ കോരിച്ചൊരിയുന്ന ഒരു സന്ധ്യാമഴയില്‍
നീ എന്നെ തേടി  വീണ്ടും ..
പിരിഞ്ഞു പോയതിന്റെ കാരണവും
മടങ്ങിവന്നതിന്റെ കാരണവും
അന്ന് ഞാന്‍ നിന്നോട് ചോദിച്ചില്ല ,
നീ പറഞ്ഞതുമില്ല .

മൌനം തീര്‍ത്ത ദൂരങ്ങള്‍ക്കും അപ്പുറം
നീ ചോദിച്ച ഒരുപാട് ചോദ്യങ്ങള്‍
മറുപടികളില്ലാതെ നിന്നിലേക്ക്‌ തന്നെ മടങ്ങി ..
ഇന്നും നീ അവിടെ.. ആ ഒറ്റയടിപ്പാതയില്‍
എന്നെയും കാത്തു ..
ആയിരം വര്‍ണങ്ങള്‍ കൊടുത്തു
നീ എന്നോടുള്ള പ്രണയത്തെ വര്‍ണിക്കുമ്പോള്‍
എന്റെ പ്രണയം വാക്കുകളില്ലാതെ ..ശബ്ദങ്ങളില്ലാതെ ...
എന്നില്‍ ജനിച്ചു മരിക്കുന്നു ..
ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുമ്പോള്‍
നിന്നോടുള്ള എന്റെ പ്രണയം ചുവരില്‍  പകര്‍ത്തുവാന്‍ കഴിയാത്ത
ഒരു  നിറക്കൂട്ടായി മാത്രം അവശേഷിക്കുന്നു ..

Monday, July 19, 2010

ആദ്യരാത്രി
പുറത്തു കട്ട പിടിച്ച ഇരുട്ടാണെങ്കിലും ജോസുകുട്ടിയുടെ (ജോസൂട്ടി)
മനസ്സില്‍ ഒരായിരം ദീപശിഖകള്‍
അങ്ങനെ പ്രകാശം പരത്തി നില്‍ക്കുകയാണ് ,
അങ്ങനെ എപ്പോഴും ഒന്നുമില്ല കേട്ടോ ,ഇന്ന് മാത്രം ,
കാരണം ഇന്ന് അയാളുടെ ആദ്യരാത്രി ആണ് .
പല സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഒന്നും നിലവില്‍ വന്നിട്ടില്ല ,
എന്നാല്‍ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു ആദ്യരാത്രി എന്ന സ്വപ്നം പൂവണിയാന്‍ പോകുകയാണ് .

'ജീന'- ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജോസൂട്ടിയുടെ 'സ്വപ്ന സുന്ദരി '.
ആകാര വടിവൊത്ത ശരീരം,പൊക്കം ഏതാണ്ട് അയാളുടെ ഒപ്പത്തിനൊപ്പം വരും  ,
തിളങ്ങുന്ന കണ്ണുകള്‍ ,
നീണ്ടു ഇടതൂര്‍ന്ന മിനുസമുള്ള (സില്‍ക്കി ) കേശം ,അവള്‍ സംസാരിച്ചു തുടങ്ങിയാല്‍ ആര്‍ക്കും ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല ,ചുരുക്കി പറഞ്ഞാല്‍ 'ബോള്‍ഡ് ആന്‍ഡ്‌ ബ്യൂട്ടിഫുള്‍ '.
അല്‍പ്പം കറുത്തതാണെങ്കിലും ജോസൂട്ടിയും ആള് ചുള്ളനാണ്, 
ഫ്രെണ്ട്സിന്റെ കമന്റ്‌ 'ദേ ആര്‍ മയ്ട് ഫോര്‍ ഈച് അദര്‍ ' എന്നാണു .

ജോസൂട്ടിയുടെ കണ്ണുകള്‍ വീണ്ടും വീണ്ടും ഭിത്തിയില്‍ തൂക്കിയിരിക്കുന്ന  ക്ലോകിലേക്ക്  പതിയുന്നു .സമയം രാത്രി പതിനൊന്നു മണി .
ഇടയ്ക്കിടയ്ക്ക്  ചാരിയിട്ടിരിക്കുന്ന വാതിലിനിടയിലൂടെ പുറത്തേക്ക് അയാള്‍ ഒളിഞ്ഞു നോക്കുന്നുമുണ്ട്.
ആരോ നടന്നു വരുന്ന കാലൊച്ച കേള്‍ക്കുന്നു ,ഇത് ജീന തന്നെ ,ഉറപ്പിച്ചു .
ഊഹം തെറ്റിയില്ല,അയ്യാളുടെ സ്വപ്നസുന്ദരി മുറിയിലേക്ക് പതുക്കെ പ്രവേശിച്ചു ,
പിങ്ക് കളറുള്ള മാക്സിയാണ് അവള്‍ ധരിച്ചിരിക്കുന്നത്‌ ,
മുടി കുളി പിന്നല്‍ കെട്ടി വൃത്തിയായി ഒതുക്കി വെച്ചിരിക്കുന്നു ,നാണം കൊണ്ടാവാം അവളുടെ കണ്ണുകള്‍ അയാളിലെക്കുയരുന്നില്ല .

ജോസൂട്ടി മെല്ലെ കട്ടിലില്‍ നിന്നും എഴുന്നേറ്റു അവളുടെ അരികിലേക്ക് ചെന്നു ,
അവളുടെ താടിയില്‍ പിടിച്ചു മുഖം അയാളുടെ നേര്‍ക്ക്‌ ഉയര്‍ത്തി
.അവള്‍ നാണത്തോടെ ചിരിച്ചു ,പിന്നെ കൈയ്യില്‍ ഇരുന്ന
 പാല്‍ നിറച്ച ഗ്ലാസ്‌ ജോസൂട്ടിക്ക് നേരെ നീട്ടി ,
അയാള്‍ അത് സ്നേഹപൂര്‍വ്വം വാങ്ങി കുടിക്കാന്‍ തുടങ്ങി .പെട്ടെന്ന് ഒരു പൂച്ച കരയുന്ന സ്വരം ,അയാള്‍ പരിഭ്രാന്തനായി ചുറ്റും നോക്കി .

'പേടിക്കണ്ട ,ഇതാ ഇവിടെ എന്റെ കൈയ്യില്‍ ആണ് പൂച്ച ' ജീനയുടെ സ്വരം .
ജോസൂട്ടി കണ്ടു അവള്‍ ഒരു പൂച്ചകുട്ടിയെ മാറോടു ചേര്‍ത്തു പിടിച്ചിരിക്കുന്നു .
ആദ്യരാത്രിയില്‍ എന്തിനാണാവോ ഇവള്‍ ഈ പൂച്ചകുട്ടിയെയും കൊണ്ട് വന്നിരികുന്നത് .
'ഇവള്‍ എന്റെ ജീവന്‍ ആണ്,സ്നേഹത്തോടെ പുസ്സി എന്ന് വിളിക്കും ,
ഊണിലും ഉറക്കത്തിലും എല്ലാം ഇവള്‍ എന്റെ കൂടെയുണ്ടാവും ,
അതുകൊണ്ട് അവളെ ഉപേക്ഷിച്ചു വരാന്‍ എനിക്ക് കഴിഞ്ഞില്ല '
ജീനയുടെ എക്സ്പ്ലനഷന്‍.

'എന്റെ കര്‍ത്താവേ ഇത് എന്തൊരു തൊന്തരം?' അയാള്‍ മനസില്‍ ചോദിച്ചു .
'ഓക്കേ,അതിനെ താഴേക്കു നിറുത്ത് ,എന്നിട്ട് ജീന വാ ,ഇങ്ങോട്ടിരിക്ക് '
'അയ്യോ അത് പറ്റില്ല താഴെ നിര്‍ത്തിയാല്‍ പുസ്സി കരയും ' ജീനയുടെ മറുപടി .
സ്വര്‍ഗത്തില്‍ കട്ടുറുമ്പ് എന്ന് കേട്ടിട്ടുണ്ട്  ,പക്ഷെ ഇത് ...

ജീന വന്നു കട്ടിലില്‍ ഇരുന്നു ,പുസ്സിയെ മടിയില്‍ ഇരുത്തിയിട്ടുണ്ട്‌ .
ജോസൂട്ടിയുടെ ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു ,
നാല് വര്‍ത്തമാനം പറഞ്ഞ് ഇവളെ കൊണ്ട് ഇപ്പോള്‍ തന്നെ
പൂച്ചയെ വെളിയില്‍ ഇറക്കി വിടാന്‍ അയാള്‍ക്ക്‌ പറ്റും,
പക്ഷെ ആദ്യ രാത്രി അല്ലെ ,എങ്ങനെ ദേഷ്യപ്പെടും ?
അത് തന്നെ അല്ല ജീന തന്നെ കുറിച്ച് എന്ത് കരുതും ,
താന്‍ ആളൊരു മുഷടന്‍ ആണെന്ന് അവള്‍ കരുതില്ലേ .
അയാള്‍ ധര്‍മ സങ്കടത്തിലായി .

എന്തായാലും വേണ്ടില്ല ,പൂച്ചയെ 'ഇഗ്നോര്‍' ചെയ്തു ,ആദ്യ രാത്രി ആഘോഷിക്കാം .
ജോസൂട്ടി മെല്ലെ ജീനയെ കട്ടിലിലേക്ക് പിടിച്ചു കിടത്തി ,
അനുസരണയുള്ള കുട്ടിയെപോലെ അവള്‍ കിടന്നു ,എന്നിട്ട്  പതുക്കെ പുസ്സിയെ
 അവളുടെ കൈയ്യില്‍ നിന്നും വാങ്ങിച്ചു അതിനെ തലോടി ,
പിന്നെ  കട്ടിലിനു അടിയിലേക്ക് കിടത്തി .

രണ്ടിനെയും കൂടെ എങ്ങനെ മാനേജ് ചെയ്യും എന്റെ ഗിവര്‍ഗീസ് പുന്യാള..?
അയാള്‍ ദീര്ഗ  ശ്വാസം വിട്ടു ,
ശല്യം ഒഴിവാക്കിയ സന്തോഷത്തില്‍ ജോസ്സൂട്ടി ജീനയെ
തന്റെ  അരികിലേക്ക് ചേര്‍ത്തു കിടത്തി ,
നെറ്റിയില്‍ ചുംബിച്ചു .

'അതാ പുസ്സി കരയുന്നു ' അവള്‍ പരിഭവത്തോടെ പറഞ്ഞു.
പറഞ്ഞു തീര്‍ന്നില്ല ,പൂച്ചക്കുട്ടി ഉറക്കെ കരഞ്ഞും കൊണ്ട്
അവളുടെയും അയാളുടെം ഇടയിലേക്ക് എടുത്തു ചാടി .
'പുസ്സിക്ക് ഒറ്റയ്ക്ക് കിടന്നു ശീലമില്ല ,എന്റെയും അനിയത്തിയുടെയും
ഇടയില്‍ കിടന്ന അവള്‍ ഉറങ്ങാറ് ,പ്ലീസ് ജോസേട്ട ഇവള്‍ ഇവിടെ കിടന്നു ഉറങ്ങിക്കോട്ടെ '

ജോസ്സൂട്ടിയുടെ സിരകളില്‍ രോഷം പടര്‍ന്നു കയറുകയായിരുന്നു,
എങ്കിലും അത് അല്പം പോലും പ്രകടിപ്പിക്കാതെ അയാള്‍ ചോദിച്ചു
'രണ്ടു ദിവസം കഴിഞ്ഞു നമ്മള്‍ എന്റെ വീട്ടിലേക്കു പോവില്ലേ ,അപ്പോഴോ ?'
'നമുക്ക് പുസ്സിയെയും കൊണ്ടുപോവാം ,എന്നെ പിരിഞ്ഞു അവള്‍ നില്‍ക്കില്ല '
തെല്ലു വിഷാദത്തോടെ ആണ് ജീനയുടെ മറുപടി.

'ഇത് ഒരു നടക്കു പോകും എന്ന് തോന്നുന്നില്ല ,പുസ്സി മോളെ നിന്റെ അന്ത്യം
 എന്റെ കൈ കൊണ്ട് തന്നെ ' അയാള്‍ മനസ്സില്‍ പറഞ്ഞു.
എന്കെജെമെന്റ്റ് കഴിഞ്ഞു ഒരു മാസം ഇടവേള ഉണ്ടായിരുന്നു കല്യാണത്തിനു ,
എന്നും സെല്‍ ഫോണില്‍ കൂടെ സോള്ളുമായിരുന്നു,
അന്നൊന്നും പുസ്സിയെ കുറിച്ച് പറഞ്ഞിട്ടേ ഇല്ല ,
ഇതാ പറയുന്നേ ഈ പെണ്ണുങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ല  എന്ന് ,
അവരുടെ മനസ്സില്‍ എന്താണെന്ന് എവിടെ സേര്‍ച്ച്‌ ചെയ്താലും കണ്ടു പിടിക്കാന്‍ പറ്റില്ല .

എന്റെ ദൈവമേ നാളെ ഫ്രെണ്ട്സിനോട് എന്ത് പറയും ,
ആദ്യരാത്രിയെ കുറിച്ച് എല്ലാം പറയും എന്ന് ഉറപ്പു തന്നാല്‍ മാത്രമേ കല്യാണത്തിനു വരൂ
എന്ന് പറഞ്ഞ വിരുതന്മാരും ആ കൂട്ടത്തിലുണ്ട് .
അവരോടു എങ്ങനെ ഈ ആദ്യ (പൂച്ച )രാത്രിയെ കുറിച്ച് പറയും .
ദേഷ്യവും സങ്കടവും എല്ലാം കൊണ്ട് അയാള്‍ വിയര്‍ത്തു പോയി .

'അതേയ് ,കാപ്പി ' മൃദുലമായ സ്വരം ,അയാള്‍ കണ്ണ് തുറന്നു.
ജീന കുളിച്ചു സുന്ദരിയായി മുന്നില്‍ കാപ്പിയുമായി നില്‍ക്കുന്നു .
കണ്ണ് വീണ്ടും വീണ്ടും അടച്ചു തുറന്നു നോക്കി ,നേരം പുലര്‍ന്നിരിക്കുന്നു .
ജോസൂട്ടി  കണ്ണ് തിരുമ്മി പിന്നെയും ചുറ്റും നോക്കി ,ജീനയെയും .
'എവിടെ പുസ്സി..?' ചോദ്യം ജീനയോടാണ് .
'പുസ്സിയോ..? ആരാ അത് ..? ജീനയുടെ കണ്ണുകളില്‍ ആകാംഷ .
'അത് ..പിന്നെ ..പൂച്ചകുട്ടി ..'
അയാള്‍ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പാട് പെട്ടു.
'എന്തോ സ്വപ്നം കണ്ടു ,അല്ലെ ?'
അവള്‍ ചിരിച്ചു.
'അപ്പൊ ഇന്നലെ രാത്രി..?' ജോസൂട്ടിക്ക് ഒന്നും ഓര്മ കിട്ടുന്നില്ല .

'ഞാന്‍ കുറെ നേരം കാത്തിരുന്നു ,ജോസേട്ടന്‍ ലേറ്റ് ആയി ആണ് വന്നത് തന്നെ ,കുടിച്ചിട്ടുണ്ടായിരുന്നു അല്ലെ..?,വന്നതേ കിടന്നു ഉറങ്ങി ,
അത് കണ്ടോ  ടേബിളില്‍ പാല്‍ ഇരിക്കുന്നത് ,ഉണരും എന്ന് കരുതി ഞാന്‍ കുറെ നേരം കാത്തിരുന്നു ,
പിന്നെ ഞാനും ഉറങ്ങിപോയി '
പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി തുടങ്ങി ഇരുന്നു .

എന്തെല്ലാം സ്വപ്‌നങ്ങള്‍ ആയിരുന്നു തനിക്കു ആദ്യ രാത്രിയെ കുറിച്ച് ,
എന്നിട്ട് അവസാനം അത് ഒരു സ്വപ്നത്തില്‍ മുങ്ങിപോയി .അയാള്‍ ഓര്‍ത്തു.
മദ്യം വിഷം ആണെന്ന് എല്ലാരും പറഞ്ഞപ്പോള്‍ താന്‍ കളി ആക്കി ചിരിച്ചു ,
പക്ഷെ ഇന്ന് ‍ ആ മദ്യം ആദ്യ രാത്രി എന്ന  സ്വപ്നത്തെ കവര്‍ന്നെടുത്തു .

ജോസ്സൂട്ടിയുടെ   ക്രോധം പുസ്സിപൂച്ചയില്‍ നിന്നും വഴിമാറി മദ്യത്തിലേക്കു ഒഴുകി .
അയാള്‍ക്കും ജീനക്കും ഇടയില്‍ മദ്യം ഒരു ഇടങ്ങേര്‍ ആകും എന്നതിന് തര്‍ക്കമില്ല .
സ്വപ്നത്തിലെ ഡയലോഗ് അയാള്‍ തിരുത്തി , കൊല്ലേണ്ടത് പുസ്സിയെ അല്ല  ,
മദ്യപാനം എന്ന തന്റെ ശീലത്തെ ആണ്  .

ജോസ്സൂട്ടി ജീനയുടെ കൈയ്യില്‍ നിന്നും കാപ്പി കപ്പ്‌ വാങ്ങി ടേബിളില്‍  വെച്ചു ,
അവിടെ വെച്ചിരുന്ന പാലിന്റെ ഗ്ലാസ്‌ എടുത്തു പകുതി കുടിച്ചു അവളുടെ നേരെ നീട്ടി ,
അവള്‍ അത് വാങ്ങി കുടിക്കുമ്പോള്‍ ജോസൂട്ടി കണ്ടു സുന്ദരമായ
ആ   കവില്തടങ്ങളിലൂടെ ഒഴുകി ഇറങ്ങുന്ന കണ്ണുനീര്‍ ചാലുകള്‍.

അയാള്‍ തന്റെ വിരലുകള്‍ കൊണ്ട് അവളുടെ കണ്ണുനീര്‍ തുടച്ചു ,
എന്നിട്ട് അവളെ അയാളിലേക്ക് വലിച്ചടുപ്പിച്ചു  ,
ജോസൂട്ടിയുടെ കരങ്ങള്‍  അവളുടെ ശരീരത്തെ ചുറ്റി  .
ജീനയുടെ നെറുകയിലും ,കവിളിലും ,ചുണ്ടിലും അയാള്‍ മാറി മാറി അമര്‍ത്തി ചുംബിച്ചു .
'അയാം സോറി ,മോളെ ..ഇനീ ഒരിക്കലും ..'
മുഴുമിക്കുവാന്‍  സമ്മതിക്കാതെ അവള്‍ ജോസൂട്ടിയുടെ വാ പൊത്തി.
'ഐ ലവ് യു എ ലോട്ട് ..' ജീന വിതുമ്പി.
അയാളുടെ ഹൃദയം പശ്ചാത്താപം കൊണ്ട് വിങ്ങി പൊട്ടി .
അവളുടെ സ്നേഹം കുളിരുള്ള മഞ്ഞിന്റെ ആവരണം പോലെ  ജോസൂട്ടിയെ പൊതിഞ്ഞു .

ആകാശത്തു കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി ,അവ പെയ്യാന്‍ വെമ്പുകയാണ് ..
ഒരു മാറ്റത്തിന്റെ മഴയായി ..,ജോസൂട്ടിയുടെയും ജീനയുടെയും സ്വര്‍ഗത്തിലേക്ക് ...

Sunday, July 4, 2010

അമ്മ

        
       സ്നേഹം എന്ന വാക്കിന്റെ പര്യായമാണ് അമ്മ ,
ഓര്‍മകളായി മാറിയ ഇന്നലകളെ
      മനോഹരമാക്കിയത് അമ്മയാണ് ..
          അമ്മ വാരിതന്ന ചൂട് ചോറിന്റെ സ്വാദു ഇന്നും നാവിലൂറുന്നു.
ഉറക്കം വരാത്ത രാത്രികളില്‍
           അമ്മയുടെ താരാട്ട് പാട്ടുകളുടെ ഈണം ഇന്നും കാതുകളില്‍ ..,
എപ്പോഴൊക്കെയോ ഞാനും മറന്നു പോയി ..,
അമ്മയെ ഞാന്‍ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് പറയാന്‍ ..
അമ്മയെ ഓര്‍ക്കുമ്പോള്‍ മാത്രമാണ് ഇന്ന് എന്റെ കണ്ണുകള്‍ നിറയുന്നത് ..
യാന്ത്രിക വല്കൃതമായ ഇന്നത്തെ ലോകത്ത്  ദൂരങ്ങള്‍ മണിക്കൂറുകള്‍ക്കു അപ്പുറം
മാത്രമാണെങ്കിലും ..,
ഓടിയെത്തുവാന്‍ കഴിയില്ലല്ലോ എന്നതാണ് എന്റെ ദുഖം .
ഒരിക്കലും തിരിച്ചുപോകുവാന്‍ കഴിയില്ലാത്ത എന്റെ ബാല്യത്തിലേക്ക്
എനിക്ക് തിരികെ പോകണം ..,ആ മടിയില്‍ തല ചായ്ക്കുവാന്‍ ..,
ആ കൈ കോര്‍ത്തു പിടിച്ചു പാടവരമ്പത്ത് കൂടെ നടക്കുവാന്‍ ..,
കൊച്ചു കൊച്ചു വാശികള്‍ കാണിക്കുവാന്‍ ..,അങ്ങനെ എത്ര എത്ര മോഹങ്ങള്‍ ..
  എനിക്ക്  പുനര്‍ജനിക്കണം  ..എന്റെ അമ്മയിലൂടെ .