
2009 ജനുവരി 20
ഇന്ന് നമ്മുടെ ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികം ..ഓര്‍മ്മയുണ്ടോ ലക്ഷ്മി നിനക്ക് ..?
എങ്ങനെ മറക്കാന്‍ കഴിയും അല്ലെ..?? ദേവുമോള്‍ക്ക് കല്യാണപ്രായമായിരിക്കുന്നു .ഇത്തവണ അവധിക്കു വരുമ്പോള്‍ അവളോട് ഇക്കാര്യം ഒന്ന് സൂചിപ്പിച്ചാലോ ..?
എനിക്കിനി അധിക നാള് ഇല്ല എന്നൊരു തോന്നല്‍ .
നിന്നെ ദേവുമോളെ ഏല്‍പ്പിച്ചു സമാധാനത്തോടെ എനിക്ക് പോകാം ..,
കാരണം അവള് നിന്നെ അത്രയേറെ സ്നേഹിക്കുന്നു ..
എനിക്കറിയാം ഇപ്പോള്‍ നീ പറയും 'എങ്കിലും ശ്രീയേട്ടന്റെ അത്ര ഇല്ലാന്ന് ' ...
ഇവിടെ നിര്‍ത്തട്ടെ ....
നിന്റെ ശ്രീ..
ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ ദേവിക അച്ഛന്റെ ഡയറി കുറുപ്പുകളിലൂടെ കണ്ണോടിച്ചു .
ന്യൂസ് പേപ്പര്‍ പുറകില്‍ നിന്നും വായിച്ചു ശീലമുള്ള അവള് അതെ സിദ്ധാന്തം ഇവിടെയും പ്രയോഗിച്ചു .
അച്ഛന് എഴുതിയത് ശരി അല്ലെ ? എന്താണ് താന്‍ അമ്മയെ ഇത്ര അതികം സ്നേഹിക്കുന്നത് ?
പെണ്‍കുട്ടികള്‍ക്ക് പൊതുവേ അച്ഛനോട് ആണ് അടുപ്പം കൂടുതല്‍ എന്ന് അച്ഛമ്മ പറയാറുണ്ട്.
പക്ഷെ തന്റെ കാര്യത്തില്‍ നേരെ മറിച്ചാണ് .
എന്തിനും എപ്പോഴും ദേഷ്യപ്പെടുന്ന ,വീട്ടില്‍ നിയന്ത്രണ രേഖ വരച്ചു തന്നെ വളര്‍ത്തിയ
അച്ഛനോടുള്ള കടുത്ത അമര്‍ഷത്തിന്റെ പ്രതിഫലനം ആണോ വെറുപ്പായി അച്ഛനിലേക്കും
സ്നേഹമായി അമ്മയിലെക്കും ഒഴുകിയത് ?
ടെന്‍ത്തില്‍ പഠിക്കുമ്പോള്‍ഒരു ദിവസം ട്യൂഷന് കഴിഞ്ഞ് ലേറ്റ് ആയി വന്നതിനു തന്നെ അടിച്ച അച്ഛനോട് തീര്‍ത്താല്‍ തീരാത്ത പക ആയിരുന്നു മനസ്സില്‍ അന്നും ഇന്നും .എം ബി എ ക്ക് പഠിക്കാന്‍ മൈസൂരില്‍ അഡ്മിഷന് കിട്ടിയ ദിവസം ..അന്നാണ് ദേവിക മതി മറന്നു ആഹ്ലാദിച്ചത് .
അന്ന് അവള് കണ്ടു അച്ഛന്റെ മ്ളാനമായ മുഖം .എല്ലാരും പറഞ്ഞു ദേവൂട്ടി പോകുന്നതിന്റെ സങ്കടം ആണെന്ന് .പക്ഷെ ദേവൂട്ടി വിശ്വസിച്ചില്ല ..യുദ്ധത്തില്‍ തോറ്റ പടയാളിയുടെ മുഖം ആണ് അവള് അച്ഛനില്‍ കണ്ടത്.
ഓര്‍മ്മകള്‍ ചിന്തകളായി ദേവികയുടെ മനസ്സിനെ ആക്രമിച്ചു കീഴ്പ്പെടുത്തികൊണ്ടിരുന്നു ..,അക്ഷമയോടെ അവള് ഡയറിയുടെ താളുകള്‍ മറിച്ചു.
അച്ഛന് അമ്മയോടുള്ള പ്രണയത്തിന്റെ കാവ്യ ഭാവനകള്‍ ആയിരുന്നു അവയില്‍ ഏറെയും .
പലതും വായിക്കുവാന്‍ അവള് മിനക്കെട്ടില്ല . അച്ഛന്റെ ഉള്ളില്‍ പ്രണയം കുടി കൊണ്ടിരുന്നു എന്ന് അംഗീകരിച്ചു കൊടുക്കാനുള്ള മടി ആവാം കാരണം .
2006 ജൂണ്‍ 1 .
ലക്ഷ്മി ..,ഇന്ന് നമ്മുടെ ദേവൂട്ടിയുടെ ഇരുപത്തൊന്നാം പിറന്നാള്‍ ആണ് .
പക്ഷെ അവള്‍ക്കു അവധി കിട്ടില്ലപോലും ഇവിടം വരെ ഒന്ന് വന്നുപോകാന്‍ .
സാരമില്ല ...ഈ അച്ഛന്റെ മുഖം കാണാന്‍ അവള്‍ക്കു ഇഷ്ട്ടമില്ലായിരിക്കും അല്ലെ ..?
നിന്നെ എങ്കിലും വന്നു ഒന്ന് കാണാമായിരുന്നു .
ഞാന്‍ വാങ്ങിയ പിറന്നാള്‍ സമ്മാനം നിന്റെ കൈ കൊണ്ട് കൊടുക്കുന്നത്
കൊണ്ട് അവള് വാങ്ങുന്നു.അപ്പോള്‍ ആ മുഖത്തു വിടരുന്ന സന്തോഷം ..,
പിന്നെ നിന്നെ കെട്ടിപിടിച്ചു ദേവൂട്ടി ഉമ്മ വെയ്ക്കും ..,അത് കാണുമ്പോള്‍ എന്റെ മനസ്സ് നിറയും .പക്ഷെ ദേവൂട്ടിയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു നില്ക്കാന് എനിക്ക് വയ്യ ..,
എന്തിനായിരിക്കാം അവള് കരയുന്നത്..?? അപ്പോള്‍ എന്റെ നെഞ്ചു പിടയും ലക്ഷ്മി .
എന്നിട്ടും നീ എന്തെ കരയാത്തത് ?? അതോ നീയും കരയുക ആണോ ? കണ്ണുനീരില്ലാതെ?
ദേവൂട്ടിയുടെ മനസ്സിലെ എന്റെ പ്രതിച്ഹായയെ മാറ്റുവാന്‍ സാധ്യമല്ല ..
അത് അങ്ങനെ തന്നെ ഇരിക്കട്ടെ .
എനിക്ക് അതില്‍ സങ്കടമില്ല ..കാരണം അവള് നിന്നെ ഒത്തിരി സ്നേഹിക്കുന്നു ..
എന്റെ കാലശേഷം അവള് നിന്നെ പൊന്നു പോലെ നോക്കും .
ഉറക്കം കണ്ണിമകളെ വലയ്ക്കുന്നു..ഇനീ കിടക്കട്ടെ
നിന്റെ ശ്രീ..
ദേവികയുടെ കണ്ണുകളില്‍ നിന്നും കണ്ണ് നീര്‍ത്തുള്ളികള്‍ അടര്‍ന്നു വീണു കൊണ്ടിരുന്നു ..
ആര്‍ക്കു വേണ്ടി എന്ന് അവള് തിരിച്ചറിഞ്ഞില്ല .
'ദേവൂട്ടിയേ കിടക്കാനായില്ലേ ?? രാവിലെ എണീറ്റ് അച്ഛനെ കാണാന്‍ പോകേണ്ടതല്ലേ?..
ലൈറ്റ് അണച്ചു കിടക്കാന്‍ നോക്ക് കുട്ടീ ..'
അപ്പുറത്തെ റൂമില്‍ നിന്നും അച്ചമ്മയാണ് .
ഒരു നോവല്‍ വായിക്കുന്ന ആകാംക്ഷയോടെ ദേവിക ഡയറികള്‍ ഓരോന്നായി മറിച്ചു കൊണ്ടിരുന്നു .
അവിടെ അവള് കണ്ടു പുതിയ ഒരാളെ ..മകളുടെ കുട്ടിയുടുപ്പുകള്‍ ഭദ്രമായി അലമാരയില്‍ സൂക്ഷിച്ചു വെയ്ക്കുന്ന അച്ഛനെ ..,മകള്‍ പഠിക്കാന്‍ ദൂരത്തേക്കു പോയപ്പോള്‍ അവളുടെ കുഞ്ഞു നാളിലെ കളിപ്പാട്ടങ്ങള്‍ ക്കൊപ്പം ഉറങ്ങുന്ന അച്ഛനെ ..ഓരോ പിറന്നാളിനും അവള്‍ക്കിഷ്ട്ടപെട്ട സമ്മാനങ്ങള്‍ വാങ്ങി അമ്മയുടെ കൈയ്യില്‍
കൊടുക്കുന്ന അച്ഛനെ ..എന്ത് കൊണ്ട് ഈ അച്ഛന് നേരത്തെ തന്റെ മുന്പില് വന്നില്ല ..
താനും മനസിലാക്കിയില്ല ..അച്ഛനെ..
2003 ഓഗസ്റ്റ് 10
ഈ ദിവസം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല ..
പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസമാണ് നിന്റെ മനസ്സിന്റെ താളം നഷ്ട്ടപെട്ടത് .അപ്പുറത്ത് കളിച്ചുകൊണ്ടിരുന്ന ദേവൂട്ടിയെ കാണാതായപ്പോള്‍ നീ പരിഭ്രാന്ത ആയതും അലമുറ ഇട്ടു കരഞ്ഞതും ഒക്കെ ഇന്നെന്ന പോലെ മനസ്സില്‍ തെളിയുന്നു ..ദേവൂട്ടിയെ തിരിച്ചു കിട്ടി ..
പക്ഷെ എന്റെ ലക്ഷ്മിയെ എനിക്ക് നഷ്ട്ടപെട്ടു ..ഇന്നും നീ ദേവൂട്ടി എന്ന് വിളിച്ചു വീടിനു ചുറ്റും നടക്കുമ്പോള്‍ എനിക്ക് ഒരു പ്രാര്‍ഥനയെ ഉള്ളൂ ..
എന്നെങ്കിലും എന്റെ ലക്ഷ്മിക്ക് ദേവൂട്ടിയെ തിരിച്ചറിയാന്‍ കഴിയണമേ എന്ന്..
നിനക്ക് അറിയാന്‍ കഴിയാതെ പോയ സ്നേഹവുമായി അവള് നിന്റെ കൂടെയുണ്ട് ..
ഭക്ഷണം കഴിച്ചു കൈ കഴുകി നിന്റെ സാരിതലപ്പിലാണ് അവള് ഇന്നും കൈ തുടക്കുന്നത് .
നീ ഉറങ്ങുന്നത് വരെ അവള് നിന്നെ തന്നെ നോക്കി ഇരിക്കും ..ലക്ഷ്മീ നിനക്കറിയാമോ
നമ്മുടെ മോള് നന്നായി പടം വരയ്ക്കും..സത്യം .നിന്റെ എത്ര പടം ദേവൂട്ടി വരച്ചിരിക്കുന്നു ?
എല്ലാവരും (അമ്മപോലും)എന്നോട് പറഞ്ഞു നിന്നെ ഉപേക്ഷിക്കാന്‍ ..
അത് ഞാന്‍ ചെയ്തില്ല ..അഞ്ചു വര്‍ഷത്തെ പ്രണയത്തിനോടുവില്‍ ഒരുമിച്ച
നമ്മുടെ സ്വപ്നങ്ങള്‍ എല്ലാം പാതി വഴിയില്‍ ആണ് ..
നീ എന്റെ കൂടെ ഉണ്ടാവണം ..നമ്മുടെ മോളെ വളര്‍ത്തി മിടുക്കി ആക്കണ്ടേ ?
അച്ഛനും അമ്മയും ആകുന്നതിനിടയില്‍ അവളോടുള്ള സ്നേഹം പ്രകടിപ്പിക്കുവാന്‍ ഞാന്‍ മറന്നു പോയി ..എനിക്ക് ഭയം ആയിരുന്നു മാനസിക രോഗി ആയ അമ്മയെ അവള് വെറുക്കുമോ എന്ന് ..
അവള് നമ്മുടെ മോള് അല്ലെ ? അവള്‍ക്കു അതിനു കഴിയില്ല .
ദേവൂട്ടി നിന്നെ ഒരുപാട് സ്നേഹിക്കുന്നു ..
നിന്നോട് പറയാനുള്ളത് എല്ലാം ഞാന്‍ ഇവിടെ എഴുതിവെയ്ക്കും ..,
അപ്പോള്‍ മനസ്സിന് ആശ്വാസമാകും ..
ഒരിക്കല്‍ നമ്മുടെ ദേവൂട്ടിയെ നിനക്ക് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഞാന്‍ ഇല്ലെങ്കിലും
എല്ലാം നീ അറിയണം ..നമ്മുടെ മോള് എങ്ങനെ നിന്നെ സ്നേഹിച്ചെന്നും ഒക്കെ ..
ഇന്ന് നിന്നോട് ഒത്തിരി സംസാരിച്ചു അല്ലെ ??
പണ്ടും നീ പറയുമായിരുന്നു ശ്രീയേട്ടന് സംസാരം തുടങ്ങിയാല്‍ നിര്‍ത്തില്ലാ എന്ന് ..
ഇപ്പോഴും അതെ ശീലം തന്നെ ..എന്റെ ലക്ഷ്മിയോടല്ലേ..?
തല്കാലം നിര്‍ത്തട്ടെ ..
ലക്ഷ്മിയുടെ സ്വന്തം ശ്രീ..
പുറത്തു മഴ പെയ്തു തുടങ്ങി ..ദേവിക കരച്ചില് ഒതുക്കാന്‍ പാടുപെട്ടു ..അവള് പൊട്ടികരഞ്ഞു ..
കരച്ചിലിന്റെ ശബ്ദം ഇടിവെട്ടി പെയ്യുന്ന മഴയില്‍ അലിഞ്ഞുചേര്‍ന്നു ..
ആദ്യമായി ദേവൂട്ടി കരയുകയാണ് അച്ഛന് വേണ്ടി ..
അര്‍ബുദം എന്ന മഹാരോഗം അച്ഛന്റെ ശ്വാസ കോശത്തെ കീഴ്പ്പെടുത്തുംപോഴും
അതൊന്നും തന്നെ അറിയിച്ചില്ല ..
ഇപ്പോള്‍ ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗത്തില്‍ ജീവനും മരണത്തിനും ഇടയില്‍ ..
ഇല്ല ..എനിക്ക് എന്റെ അച്ഛനെ വേണം ..കൊതി തീരെ സ്നേഹിക്കുവാന്‍ ..
നെഞ്ചോടു അടുക്കിപിടിച്ച ഡയറികളുമായി അവള് അമ്മയുടെ അരികിലേക്ക് ചെന്നു ..
പാവം .. ഉറക്കം പിടിച്ചിരിക്കുന്നു ..
ദേവിക അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു .
അവളുടെ കരച്ചിലിന്റെ ശബ്ദം അകാശസീമകളെ പോലും
മറികടക്കുന്നതായിരുന്നു .
ആരോ കതകു തുറന്നു ..
'അപ്പൊ കുട്ടി എല്ലാം അറിഞ്ഞോ..?'
കണ്ണ്നീരിനിടയിലൂടെ അവള് കണ്ടു, അച്ചമ്മയാണ് .
'എന്താ..അച്ചമ്മേ ..?'
വിറയ്ക്കുന്ന സ്വരത്തില്‍ ദേവിക ചോദിച്ചു .
'ആശുപത്രീന്ന് മോഹന്‍ വിളിച്ചിരുന്നു ..ശ്രീ.....'
അവരെ മുഴുമിക്കുവാന്‍ ദേവിക സമ്മതിച്ചില്ല ..അലറി കരഞ്ഞു കൊണ്ട് അവള് പുറത്തേക്കോടി ..
അപ്പോഴും ലക്ഷ്മി ഉറങ്ങുകയായിരുന്നു ...