നിൻ പാൽപുഞ്ചിരിയിൽ മയങ്ങുവാൻ
മൃദുലമാം വിരലുകൾ സ്പർശിക്കാൻ
നിൻ കുഞ്ഞു പാദങ്ങളിലുമ്മ വെയ്ക്കാൻ,
കിളി കൊഞ്ചലിൽ ആഹ്ളാദിക്കാൻ
നിൻ കരച്ചിലിൽ മനം നൊന്തു കരയുവാൻ,
നിന്നെ താരാട്ട് പാടിയുറക്കുവാൻ
നിന്നെ മാറോട് ചേർത്തുറങ്ങുവാൻ
കൊതിച്ചിരുന്നില്ലേ ആ അമ്മ..?
എന്നിട്ടുമെന്തേ നീയീ ലോകത്തിൻ
വെളിച്ചം കാണാതെ പോയ്........?
അമ്മതൻ മേനിക്കുള്ളറയിൽ
കുത്തി വെച്ച രാസവസ്തുക്കളിൽ
കുരുങ്ങി നീ പിടയുമ്പോൾ
ഒരു ജീവശ്വാസത്തിനായ് നീ കേഴുമ്പോൾ
പിടയാഞ്ഞതെന്തേ നിന്നമ്മ തൻ മനസ്സ് ..?
ചിന്തകള് എന്നെ ഭ്രാന്തു പിടിപ്പിക്കുമ്പോൾ
അറിഞ്ഞു ഞാനാ സത്യം...
ജീവന് വേണ്ടിയുള്ള നിന് അവസാനചലനവും
നിലച്ചുവെന്ന സത്യം ...
എങ്കിലും നിലയ്ക്കുന്നില്ലയെൻ ചിന്തകള്
ഉറഞ്ഞുപോയ രക്തകട്ടയായി
നീയെൻ മനസ്സിന്റെയുള്ളിൽ
പറ്റി പിടിച്ചിരിക്കുമ്പോൾ
എൻ ചിന്തയിൻ ചൂടേററ് ഒരുടലായി..,
ജീവനായി., പെണ് കൊടിയായ് ..
നീ പുനർജനിച്ചിരുന്നെങ്കിലെന്ന്
മോഹിച്ചു പോകുന്നുവെൻ മനസ്സ് ..