ഉദയസൂര്യന്റെ കിരണങ്ങള്‍ ക്ഷേത്ര മുറ്റത്തെ ആല്‍മരത്തിന്റെ ശാഖകള്‍ക്കിടയിലൂടെ ധന്യയുടെ മുഖത്തേക്ക് ഒളിഞ്ഞും തെളിഞ്ഞും പതിച്ചുകൊണ്ടിരുന്നു ..കുടുംബ ക്ഷേത്രത്തില്‍ തൊഴുതു അവള്‍ ധൃതിയില്‍ വീട്ടിലേക്കു നടന്നു ..സമയം 7 മണി ആയി, എട്ടു മണിയുടെ ബസിനു പോകേണ്ടതാണ് .
വീട്ടിലെത്തിയതും അമ്മ ലക്ഷ്മിയുടെ പരാതി '' നിന്നോട് എപ്പോഴും പറയണോ മനുവിനെ കൂട്ടികൊണ്ട് പോകണം തൊഴാന്‍ പോകുമ്പോള്‍ എന്ന് ''
''ഓ അതിനു മനുവേട്ടന്‍ എഴുന്നേറ്റിട്ട് വേണ്ടേ ''
''ദെ പെണ്ണെ ..നീ എന്റെ കൈയ്യീന്ന് വാങ്ങിക്കും ..,ഞാന്‍ ഒരുങ്ങി വന്നപോഴേക്കും നീ മിണ്ടാതെ പോയ്കളഞ്ഞില്ലേ..'' ധന്യയുടെ ചേട്ടന്‍ മനുവിന്റെ വാക്കുകളില്‍ തെല്ലു നീരസം .
''എന്തായാലും ഞാന്‍ റെഡിയാ.,നീ വേഗം വല്ലോം കഴിച്ചിട്ട് വാ ..എക്സാം എഴുതാന്‍ പോകുവല്ലേ ..ബസിനു പോകണ്ട ..ഞാന്‍ കൊണ്ടുവിടാം ''
''അത് വേണ്ട ഏട്ടാ..ഞാന്‍ ബസിനു പോയ്കൊള്ലാം..,കാഞ്ഞിരത്തു നിന്നു ശീനയും ഉണ്ട് കൂട്ടിനു ..ഞങ്ങള്‍ ഒരുമിച്ചു പൊയ്കോളാം''
''എന്റെ കുട്ടീ ..അങ്ങ് പാലക്കാട് വരെ പോകേണ്ടതാ .. മനു കൊണ്ട് വിടും നിന്നെ ..തിരിച്ചു നീയും ഷീനേം കൂടെ പോന്നോളൂ ..നിങ്ങടെ അച്ഛന്‍ ഉണ്ടായിരുന്നപ്പോള്‍ എവിടേലും നീ തനിച്ചു പോയിട്ടുണ്ടോ ..?അതിനു അച്ഛന്‍ സമ്മതിക്കാരുന്നോ? ഇവിടിപ്പോ എന്റെ വാക്കിനു എന്ത് വിലയാ ഉള്ളത് ..,അടുത്ത മാസം കല്യാണം കഴിച്ചു പോകേണ്ട കുട്ടിയല്ലേ നീയ് ..,ഒരു പി എസ് സി പരീക്ഷ എഴുതിയില്ലെങ്കില്‍ നിനക്ക് എന്താ പോണേ ..?പോകുന്നുണ്ടെങ്കില്‍ മനൂന്റെ കൂടെ ഇറങ്ങിയാ മതി ..അല്ലെങ്കില്‍ തന്നെ തിരിച്ചു വരുന്നോടം വരെ ന്റെ മനസ്സില്‍ തീയാ ..''
ലക്ഷ്മിയമ്മ പരാതികളുടെ കെട്ടുകള്‍ നിരത്തി .
''ഏട്ടാ ..എന്നാ പെട്ടെന്ന് വാ ..തിരിച്ചു ഞാന്‍ ഷീനെടെ കൂടെയേ വരുള്ളൂ ട്ടോ ''
''ഞാന്‍ എപ്പോഴേ റെഡി ..,നിനക്കല്ലേ എന്റെ കൂടെ വരാന്‍ മടി ..അവിടെ എക്സാം എഴുതാന്‍ വരുന്ന പെണ്‍കുട്ടികളെ ഒന്ന് വായ് നോക്കാന്‍ കിട്ടുന്ന അവസരം ഞാന്‍ കളയൂല മോളെ.. ''
മനുവിന്റെ വാക്കുകളില്‍ സന്തോഷം തിരതല്ലി.
എരിഞ്ഞുകൊണ്ടിരിക്കുന്ന വിളക്കിന് മുകളില്‍ പുഞ്ചിരിയോടെ നിശ്ചലമായിരിക്കുന്ന ഇരിക്കുന്ന അച്ഛന്റെ പ്രതിരൂപത്തെ തൊഴുതു അമ്മയോട് അനുഗ്രഹം വാങ്ങി ഇറങ്ങിയപ്പോള്‍ ധന്യയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .
''അവള്‍ടെ ഒരു പൂക്കണീരു ..വന്നു ബൈക്കില്‍ കേറ് നീ..''
മനു തിരക്ക് കൂട്ടി .
സിനിമ സ്റ്റൈലില്‍ വളച്ചും തിരിച്ചും മനു അതിവേഗതയില്‍ ബൈക്ക് ഓടിച്ചുകൊണ്ടിരുന്നു ..
ധന്യയുടെ മൊബൈല്‍ ശബ്ദിച്ചു.
ജെറോം ആണ് .. മൊബൈല്‍ സൈലെന്സില്‍ ആക്കി ..പിന്നെയും നിര്‍ത്താതെ മൊബൈല്‍ അടിച്ചുകൊണ്ടിരുന്നു ..,അവള്‍
റിജെക്റ്റ് ബട്ടണ്‍ അമര്‍ത്തികൊണ്ടിരുന്നു .
ധന്യയെ പരീക്ഷസേന്റെരില്‍ കൊണ്ടെത്തിച്ചു മനു തിരിച്ചു പോന്നു ..,
''എക്സാം കഴിഞ്ഞു ഷീനെടെ കൂടെ അവിടേം ഇവിടേം കറങ്ങി തിരിഞ്ഞു നിക്കാതെ വേഗം വീട്ടില്‍ എത്തികോണം ''
എന്ന് മുന്നറിയിപ്പും കൊടുത്തു .
മനു പോയെന്നു ഉറപ്പായപ്പോള്‍ അവള്‍
ജെറോമിനെ വിളിച്ചു
''നീ എവിടെയാ ...,ഞാന്‍ വിക്ടോറിയ കോളേജിന്റെ ഗ്രൗണ്ടില്‍ ഉണ്ട് ..ഏട്ടനാ കൊണ്ടേ വിട്ടത് അതുകൊണ്ട് ബസ് സ്ടാണ്ടില്‍ ഇറങ്ങാന്‍ പറ്റിയില്ല ''
''ധന്യ ..നീ അവിടെ തന്നെ നില്‍ക്ക്..,റിയാസും ദിനേശും ഒക്കെ വണ്ടി കൊണ്ട് വരും ..,ഞാന്‍ അവരോടു വിളിച്ചു പറയാം ..,അപ്പോയെക്കും ഞാനും സനലും കൂടെ രെജിസ്ടര്‍ ഓഫീസിലേക്ക് പോകാം ..അവിടെ കുറച്ചു കാര്യങ്ങള്‍ അറേഞ്ച് ചെയ്യാന്‍ ഉണ്ട് ..നീ അവരുടെ കൂടെ രെജിസ്ടര്‍ ഓഫീസിലേക്ക് വന്നാല്‍ മതി ..,പത്തര ആകുംപോയെക്കും എത്തണം വൈകരുത് ..''
''ശരീ ..പക്ഷെ എനിക്ക് പേടിയാകുന്നു ..കുഴപ്പമാകുമോ ..നിന്നെ വിശ്വസിച്ചാ ഞാന്‍ വന്നിരിക്കുന്നത് ..എന്റെ അമ്മേം മനുഎട്ടനേം ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സ് പതറുന്നു ..''
''ഇതൊന്നു കഴിഞ്ഞോട്ടെ..നമുക്ക് അവരെ സാവധാനത്തില്‍ പറഞ്ഞു മനസിലാക്കാം ..,അവര്‍ സമ്മതിക്കും ..പിന്നെ നമുക്ക് ആചാരപ്രകാരം നീ പറയുന്നയിടത്തു കല്യാണം നടത്താം ..നീ ഇങ്ങനെ വിഷമിച്ചാല്‍ ഞാന്‍ തളര്‍ന്നുപോകും ...''
''ഓക്കേ ..,ഞാന്‍ അവരുടെ കൂടെ വന്നോളാം ..നീ പൊയ്ക്കോ...''
പരീക്ഷ എഴുതാന്‍ വേണ്ടി കോളേജിലേക്ക് തള്ളികയറൂന്നവരുടെ തിരക്ക് ..,അവള്‍ ആ തിരക്കില്‍ നിന്നൊഴിഞ്ഞു ഒരു കോണിലേക്ക്
മാറി നിന്നു .
കലാലയ ജീവിതത്തിന്റെ ഓര്‍മകളിലേക്ക് അവള്‍ വഴുതി വീണു .
കളിചിരികളുടെ കൂട്ടത്തില്‍ വീണു കിട്ടിയ ഒരു സുഹൃത്തായിരുന്നു ജെറോം .
കോളേജ് മുറ്റത്തെ ആല്‍മരത്തിന്റെ ചുവടുകളില്‍ ധന്യയുടെ
ഗ്യാന്ഗ് കുശലം പറഞ്ഞു
നേരമ്പോക്കിയപ്പോള്‍ അവളറിയാതെ പിന്തുടര്‍ന്നെത്തി ജെറോം ..സൌഹൃദത്തിനുമപ്പുറം അവള്‍ക്കുവേണ്ടി വികാരങ്ങള്‍ സൂക്ഷിച്ചിരുന്ന അവന്റെ പ്രണയ വലയത്തിനുള്ളിലാവാന്‍
ധന്യക്ക് അതികനാള്‍ വേണ്ടി വന്നില്ല ..
വര്‍ഷങ്ങള്‍ ദിവസങ്ങള്‍ പോലെ കൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു ..മധുര സ്വപ്നങ്ങളുടെ രാവുകള്‍ ..,കോളേജിലെ ഇടവേളകളുടെ ദൈര്‍ഗ്യം കൂടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയ ദിനങ്ങള്‍ ..
പ്രണയത്തിന്റെ മാസ്മരിക ശക്തി അവരെ വീണ്ടും വീണ്ടും അടുപ്പിച്ചു ...
കലാലയജീവിതം എന്നേക്കുമായി പടിയിറങ്ങേണ്ട ദിവസം
വന്നപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു പിരിയുവാന്‍ കഴിയാതെ വണ്ണം അടുത്തുകഴിഞ്ഞിരിക്കുന്നു എന്ന് ..
ഈ ബന്ധത്തെ കുറിച്ചു അറിഞ്ഞ ലക്ഷ്മിയമ്മ ശക്തമായി എതിര്‍ത്തു .., പെങ്ങളെ ഒരു നായര്‍ പയ്യന് മാത്രമേ വിവാഹം ചെയ്തുകൊടുക്കുകയുള്ളൂ എന്ന് മനുവും .
എല്ലാം അറിഞ്ഞു സ്വീകരിക്കാന്‍ തയ്യാറായി മുറ ചെറുക്കനും..
ധന്യയുടെ കണ്ണ് നീര്‍ വിലപോയില്ല ..
കവടി നിരത്തി..തടസ്സങ്ങള്‍ ഒന്നുമില്ല
ജാതക പൊരുത്തം കെങ്കേമം ..തീയതിയും നിശ്ചയിച്ചു.
ദിവസങ്ങള്‍ നീങ്ങികൊണ്ടിരുന്നു ..എല്ലാ വിവരങ്ങളും ജെറോം
അറിഞ്ഞുകൊണ്ടുമിരുന്നു ..രണ്ടു മതങ്ങള്‍ ആണ് എന്ന
ഒറ്റ കാരണത്താല്‍ ധന്യയെ വിട്ടുകളയാന്‍ അവന്‍ തയ്യാറല്ലായിരുന്നു ..,ജെറോമിന്റെ നിര്‍ബന്ധത്തിനോടുവില്‍ അവന്റെ വീട്ടുകാര്‍ പിന്തുണ നല്‍കി ..ഒരു സുരക്ഷയ്ക്ക് വേണ്ടി ആദ്യം
വിവാഹം രേജിസ്റെര്‍ ചെയ്യുക ..
പിന്നീട് മതാചാരപ്രകാരം കല്യാണം .
പി എസ് സി എക്സാമെന്നും പറഞ്ഞു വീട്ടില്‍ നിന്നു ഒരു ഒളിച്ചോടല്‍ ..
ആരൊക്കെ ക്ഷമിച്ചാലും തന്നെ വിട്ടുപോയ അച്ഛന്‍ ക്ഷമിക്കുമോ ..
അമ്മ ഇതറിയുമ്പോള്‍ എങ്ങനെ സഹിക്കും ..മനുവേട്ടനെ തനിക്കു എന്നെന്നേക്കുമായി നഷ്ട്ടപെടില്ലേ ..കുറെ ദിവസങ്ങള്‍ മനസ്സില്‍
കൊണ്ട് നടന്ന ചോദ്യങ്ങള്‍ പിന്നെയും ഉയര്‍ന്നുവന്നു ..
എന്നാല്‍ ജെറോം ഇല്ലാത്ത
ജീവിതത്തെ കുറിച്ച് ചിന്തിക്കുവാന്‍ പോലും അവള്‍ക്കു കഴിയുന്നില്ല..ഹൃദയം കൊളുത്തിവലിക്കുന്ന വേദന ആണ് അങ്ങനെ ഓര്‍ക്കുമ്പോള്‍ പോലും ..
ധന്യയുടെ കണ്ണുകള്‍ നിറഞ്ഞോഴുയുകയാണ് ..കണ്ണുനീര്‍ മുന്നിലുള്ള ദൃശ്യങ്ങളെ അവ്യക്തമാക്കി കൊണ്ടിരുന്നു ..ജെറോമിന്റെ സുഹൃത്തുക്കളുടെ വാഹനവും പ്രതീക്ഷിച്ചു അവള്‍ ഗ്രൌണ്ടിന്റെ ഒരു ഭാഗത്തായി നിന്നു ..
ജെറോംപറഞ്ഞത് പോലെ വൈറ്റ് സാന്റ്രോ കാര്‍ വന്നു നിന്നു ..
ധന്യയുടെ കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി..,അവള്‍ ചുറ്റും നോക്കി ..,ആരും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു ..
അവള്‍ ആകെ വിയര്‍ത്തുകുളിച്ചിരുന്നു ..
ധന്യയേം കൊണ്ട് കാര്‍ ചീറിപാഞ്ഞു..
രെജിസ്ടര്‍ ഓഫീസില്‍ അക്ഷമനായി കാത്തുനില്‍ക്കുകയാണ് ജെറോമും സുഹൃത്ത് സനലും ..അവന്‍ വാച്ചിലേക്ക് നോക്കി സമയം പത്തര ..
മൊബൈല്‍ ശബ്ദിച്ചു ..
''ഡാ ഇത് ഞാന്‍ ആണ് റിയാസ് ..,ഞങ്ങള്‍ അവളെ പിക് ചെയ്യാന്‍ ഇവിടെ വന്നു ..പക്ഷെ ധന്യയെ കാണുന്നില്ല ..,അവളുടെ മൊബൈല്‍ നമ്പറും തന്നില്ലല്ലോ നീ ..,അവള്‍ അവിടെ വന്നോ ..?
''ഇല്ലെട നിങ്ങള്‍ നന്നായി നോക്ക് അവള്‍ അവിടെ എവിടെയെങ്കിലും നില്‍പ്പുണ്ടാവും ..,കുറച്ചുമുന്പേ കൂടി ഞാന്‍ അവളെ വിളിച്ചതാണല്ലോ''
ഇത് പറഞ്ഞു വെച്ച് ഉടനെ ജെറോം ധന്യയെ മൊബൈലില്‍ വിളിച്ചു ..,
പക്ഷെ നോട്ട് റീചബിള്‍ ആണ് ..
ഹൃദയമിടിപ്പ് കൂടി കൂടി വന്നു ..അവന്‍ ആകെ പരവശനായി ..
ഈശോയെ ഇവള്‍ എവിടെ പോയി..ആരോട് ചെന്ന് ചോദിക്കും ..
അവന്റെ മുഖത്തു ഭീതി നിഴലിട്ടു.
സനല്‍ തുരുതുരാ ഫോണ്‍ ചെയ്തു കൊണ്ടിരുന്നു ..പക്ഷെ നിരാശ ആയിരുന്നു ഫലം ..
സമയം നീങ്ങികൊണ്ടിരുന്നു ..,രേജിസ്ട്രാര്‍ ഊണ് കഴിക്കാനായി
ഓഫീസ് പൂട്ടിപോയി.
ജെറോം ആകെ കുഴങ്ങി കസേരയിലിരുന്നു ..,
അവന്റെ ചിന്തകള്‍ കാട് കയറി ..ഇനീ അവള്‍ക്കു എന്തെങ്കിലും ആപത്തു ..ദൈവമേ ..ശ്വാസം നിലക്കുന്നതുപോലെ ..
റിയാസും ദിനേശും സനലും ധന്യക്കായുള്ള തിരച്ചില്‍ തുടര്‍ന്നു..
അവരുടെ കൂടെ ജെറോമും ..
അവന്റെ ശരീരത്തോടൊപ്പം ചിന്തകള്‍ക്ക് എത്താനാവാതെ യാന്ത്രികമായി ചലിച്ചുകൊണ്ടിരുന്നു .
കോളേജ് പരിസരം..,ബസ് സ്റ്റാന്റ് ..,റെയില്‍വേ സ്റ്റേഷന്‍, അങ്ങനെ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും അവര്‍ അരിച്ചുപെറുക്കി .
അവള്‍ വീട്ടില്‍ എത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്താന്‍ ജെറോമിന്റെ പെങ്ങളെകൊണ്ട് ധന്യയുടെ വീട്ടിലും വിളിപ്പിച്ചു ..
ഇല്ല അവള്‍ അവിടെയും എത്തിയിട്ടില്ല ..
ജെരോമും സുഹൃത്തുക്കളും ഭയവിഹ്വലരായി ..
അവസാനം റിയാസ് ആണ് പറഞ്ഞത്.
''എടാ നമുക്ക് പോലീസില്‍ അറിയിച്ചാലോ ..,പക്ഷെ ചിലപ്പോള്‍
നമ്മള്‍ എല്ലാവരും കുടുങ്ങും ..വാദി പ്രതി ആകും ''
ഏവരും ജെറോമിനെ ദയനീയമായി നോക്കി.
''അതെ ..നമുക്ക് പോലിസ് സ്ടഷനിലേക്ക് പോകാം '' ജെറോമിന്റെ വാക്കുകളില്‍ ഒരു അസ്വാഭാവിക ധൈര്യം കലര്ന്നു.
അവന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു .
ജെറോമിന്റെ മൊബൈല്‍ ശബ്ദിച്ചു
''ധന്യ കോളിംഗ് '' മൊബൈല്‍ സ്ക്രീനില്‍ തെളിഞ്ഞുവന്ന അക്ഷരങ്ങളിലേക്ക് അവന്‍ വീണ്ടും വീണ്ടും നോക്കി.
ആകാംഷക്ക് വിരാമമിട്ടുകൊണ്ട് അവന്‍
കാള്‍ അറ്റന്‍ഡ് ചെയ്തു .
''ധന്യാ ..നീ എവിടെയാ..നിനക്കെന്തു പറ്റീ..,എത്ര നേരമായി ഞങ്ങള്‍ നിന്നെ തിരക്കി നടക്കുവാ ..''
ജെറോമിന്റെ വാക്കുകളില്‍ സങ്കടവും പരിഭവവും .
''സിറ്റി ഹോസ്പിറ്റലില്‍ നിന്നാണ് വിളിക്കുന്നത് ..,നിങ്ങള്‍ എത്രയും പെട്ടെന്ന്
ഇവിടെ വരണം '' മറുതലക്കല്‍ ഒരു പരുക്കന്‍ സ്വരം .
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശ്മശാന മൂകത അവരുടെ
ഇടയില്‍ തളം കെട്ടി . ജെറോമിന്റെ കണ്ണുകള്‍ നിറഞൊഴുകുകയായിരുന്നു..,റിയാസും കൂട്ടരും ആശ്വസിപ്പിക്കുവാന്‍ വാക്കുകളില്ലാതെ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ആശുപത്രി മുറ്റത്തു കാര്‍ നിര്‍ത്തി അകത്തേക്ക് നടക്കുമ്പോള്‍ ജെറോമിന്റെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു.
ഡോക്ടറുമായി സംസാരിച്ചു പുറത്തേക്കിറങ്ങിയ ജെറോമിന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു .
റൂം നമ്പര്‍ ഏഴു ലക്ഷ്യമാക്കി അവന്‍ വേഗത്തില്‍ ഓടി..,റിയാസിനും കൂട്ടര്‍ക്കും ഒന്നും മനസിലായില്ല ..,
അവരും ജെറോമിന്റെ പിന്നാലെ ഓടി .
കിടക്കയില്‍ പാതിമയക്കത്തില്‍ ധന്യ.
''മോളെ..എന്നാലും എനിക്ക് നിന്നെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ ..എന്നെ വിശ്വസിച്ചു ഇറങ്ങി വന്നിട്ട് ...''
അവളുടെ കിടക്കയിലേക്ക് വീണു കരയുകയാണ് ജെറോം.
അര്‍ദ്ധനിദ്രയില്‍ നിന്നും അവള്‍ മെല്ലെ കണ്ണുകള്‍ തുറന്നു ..
സുന്ദരമായ ആ കവില്തടങ്ങളും ചുണ്ടുകളും
കാമാര്‍ത്തി പൂണ്ട മനുഷ്യ മൃഗങ്ങള്‍ വികൃതമാക്കി കളഞ്ഞിരിക്കുന്നു.
ജെറോം അവളുടെ വിരലുകളില്‍ വിരലോടിച്ചുകൊണ്ട് അവളെ ദയനീയമായി നോക്കി ..
കണ്ണുകള്‍ കോര്‍ത്തിണക്കാന്‍ അവര്‍ ഏറെ പാടുപെട്ടു..
ആരോടൊക്കെയോ ഉള്ള പകയുടെ അഗ്നി അവളുടെ കണ്ണുകളില്‍ ആളികത്തുന്നത് അവന്‍ കണ്ടു ..
വിജനമായ ഉള്ക്കാടിന്റെ ഭയാനകമായ നിശബ്ദതയില്‍ ഒരു കാട്ടുചെന്നായയെക്കാളും ക്രൂരമായി തന്റെ ശരീരത്തെ കടിച്ചു കീറിയ ഭ്രാന്തന്മാരോടുള്ള തീര്‍ത്താല്‍ തീരാത്ത പക..
നിമിഷങ്ങള്‍ക്കകം ആ പക കണ്ണുനീരിനു വഴിമാറി ..
ജീവനുതുല്യം സ്നേഹിച്ച അമ്മയെയും ഏട്ടനേയും കബളിപ്പിച്ച കുറ്റബോധം .
തന്റെ എല്ലാമായിരുന്ന ജെറോമിന് വേണ്ടി കാത്തു സൂക്ഷിച്ചതൊക്കെയും അപഹരിക്കപെട്ടുപോയല്ലോ എന്ന നഷ്ട്ട ബോധം .
ഇവിടെ ആരാണ് തെറ്റ് ചെയ്തത് ?
താനോ..?സമൂഹമോ ? അതോ പ്രണയമോ?
ധന്യയുടെ മനസ്സ് നുറുങ്ങുകയാണ്..പെറുക്കി കൂട്ടുവാന്‍ പോലും കഴിയാത്ത വിധം ചെറു കഷണങ്ങളായി ..
ജെറോം അവളുടെ നെറുകയില്‍ ചുംബിച്ചു ..
സകല ശക്തിയും സംഭരിച്ചു അവള്‍ അവനെ തട്ടി മാറ്റി ..
''മോളെ ഞാന്‍ ..''
അവന്‍ അര്ധോക്തിയില്‍ നിര്‍ത്തി .
''ജെറോം ഒരു ഉപകാരം ചെയ്യുമോ ..?''
അവളുടെ മുഖത്തു അപേക്ഷാഭാവം.
''നിനക്ക് വേണ്ടി ഞാന്‍ എന്തും ചെയ്യും..''
ജെറോമിലെ കാമുകന്‍ സട കുടഞ്ഞെഴുന്നേറ്റു.
''എന്നെ ഒന്ന് കൊന്നു തരുമോ ..''
ധന്യ വിതുമ്പി .
ഒരു നിമിഷത്തേക്ക് മൂകത .
പിന്നെ പൊട്ടി കരച്ചില്‍ ..
കണ്ണുനീര്‍ പ്രളയം .
**********************
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം.
''ധന്യാ ദേ അമ്മയുടെ ഫോണ്‍ ..,നീ ഇങ്ങു വന്നെ ..,അല്ലേല്‍ വേണ്ട.., ഞാന്‍ അങ്ങോട്ട് വരാം ..''
ജെറോം മുറിയില്‍ നിന്ന് അവളുടെ അടുത്തേക്കോടി .
''ആരാ ..അമ്മയാണോ??''
അവളുടെ കണ്ണുകള്‍ വിടര്‍ന്നു ..മുഖത്തു ചിരി തെളിഞ്ഞു വന്നു .
''എനിക്ക് സുഖാണമ്മേ..ഇല്ല അമ്മെ വോമിടിംഗ് ഒക്കെ കുറവുണ്ട് ..ഇപ്പോള്‍ ആറു മാസം ആയില്ലേ ..അടുത്ത മാസം എനിക്ക് അങ്ങോട്ട് വരാല്ലോ ..അമ്മയുടെം മനുഎട്ടന്റെം അടുത്തേക്ക് ..''
അവള്‍ വാചാലയായി .
ജെറോം അവളെ കണ്കുളിര്‍ക്കെ നോക്കി നിന്നു.
''നമ്മുടെ മോള്‍ക്ക് എന്ത് പേരാണ് ഇടേണ്ടത് ''
ഫോണ്‍ സംസാരം കഴിഞ്ഞ ധന്യയോടു ജെറോമിന്റെ ചോദ്യം.
''ഇചായനോട് ആരാ പറഞ്ഞെ ഇത് മോള്‍ ആയിരിക്കുമെന്ന് ..,എന്റെ മനസ്സ് പറയുന്നു മോന്‍ ആയിരിക്കുമെന്ന് ..''
അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.
ജെറോം അവളെ ചേര്‍ത്തു നിര്‍ത്തി ചെവിയില്‍ എന്തോ മന്ത്രിച്ചു ..
അവള്‍ നിര്‍ത്താതെ കിലുകിലെ ചിരിച്ചുകൊണ്ടിരുന്നു .
അപ്പോള്‍ അങ്ങ് ദൂരെ ആകാശത്തു ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ മഴയായി പെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ..
മഴയെ ഏറ്റുവാങ്ങാന്‍ കാത്തിരിക്കുന്ന വൃക്ഷങ്ങള്‍
സന്തോഷ നൃത്തമാടി ..
ഒരു ഇളംതെന്നലായി അത് അവരെ തഴുകികൊണ്ടിരുന്നു ..